ജീവനൊടുക്കാനല്ല, ജീവിക്കാനാണ് പ്രാപ്തരാക്കേണ്ടത്
ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ സുസ്ഥിതി എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യം എന്ന വാക്കിനു നൽകിയ നിർവചനം. ഒരു കാലത്ത് ആരോഗ്യരംഗത്ത് മുൻനിരയിൽ നിന്ന സംസ്ഥാനമായിരുന്നു കേരളം. ഏറ്റവും പുതിയ നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോ(എൻ.സി.ആർ.ബി) കണക്കനുസരിച്ച് കൊവിഡിനു ശേഷം കേരളത്തിൽ ആത്മഹത്യകൾ വർധിച്ചിരിക്കുന്നു. ഒരിടത്ത് ആത്മഹത്യകൾ വർധിച്ചാൽ അവിടത്തെ ആരോഗ്യ സംവിധാനം പിന്നോക്കം പോകുന്നു എന്നാണ് മനസിലാക്കേണ്ടത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആത്മഹത്യകൾ വർധിക്കുന്നതെന്തെന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കേരളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീങ്ങുന്നത്. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് കേരളത്തിന്റെ ആത്മഹത്യാനിരക്ക്. ഒരു ലക്ഷത്തിൽ 25.3 പേർ കേരളത്തിൽ ജീവനൊടുക്കുന്നുണ്ട്. ദേശീയതലത്തിൽ 10.9 ആണ്. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യയിലെ വർധന 56.4 ശതമാനമാണ്. അതേസമയം അപകട മരണത്തിൽ 3.9 ശതമാനമാണ് വർധനവ്. പ്രതിദിനം കേരളത്തിൽ 24 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. 15-45 വയസിന് ഇടയിലുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട ചിലപ്പോൾ രാജ്യം തന്നെ ഭരിക്കേണ്ട യുവാക്കളെയാണ് നമുക്ക് നഷ്ടമാകുന്നത്.
ജീവിത സാഹചര്യം, മാനസിക പ്രശ്‌നങ്ങൾ, രോഗം തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് പലരെയും നയിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ കർഷകരുടെ എണ്ണവും കൂടുതലാണ്. നേരത്തെ ഗാർഹിക പീഡനങ്ങൾ മൂലം സ്ത്രീധന മരണങ്ങളും ഏറെയുണ്ടായിരുന്നു. പ്രണയ നൈരാശ്യം, കടം, തൊഴിലില്ലായ്മ, മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് പലരെയും ജീവനൊടുക്കാൻ കാരണമാകുന്നത്. ഇതിൽ ഏറെയും എളുപ്പത്തിൽ പരിഹരിക്കാവുന്നതോ ആരോടെങ്കിലും തുറന്നുസംസാരിച്ചാൽ തീരുന്നതോ ഉള്ളൂ. വയനാട്, കൊല്ലം, ഇടുക്കി ജില്ലകളിലാണ് ആത്മഹത്യ കൂടുതലും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണിതെന്നാണ് അനുമാനം. മലപ്പുറം ജില്ലയിലാണ് ആത്മഹത്യയിൽ ഏറെ കുറവ്. മുസ്‌ലിംകൾ ഏറെയുള്ള ഇവിടെ മതപരമായ വിലക്കുകളാകാം ആത്മഹത്യ കുറയാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
കൊവിഡിനുശേഷം സമൂഹത്തിലുണ്ടായ ആഘാതമാകും ഇന്ത്യയിലുടനീളം ആത്മഹത്യാനിരക്ക് വർധിക്കാൻ ഇടയാക്കിയത്. പുതിയ കണക്ക് പ്രകാരം പത്ത് ലക്ഷം പേരിൽ 120 പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് എൻ.സി.ആർ.ബി റിപ്പോർട്ട് പറയുന്നത്. 2021ൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 6.1 ശതമാനം കൂടുതൽ. കൊവിഡിനുശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് ആത്മഹത്യാ നിരക്ക് വർധിക്കാൻ ഇടയാക്കിയത്. കൊവിഡ് ബാധിതരിൽ മാനസിക പ്രശ്‌നങ്ങൾ വർധിക്കുന്നതായി പുതിയ പഠനങ്ങൾ കണ്ടെത്തിയിരുന്നു. വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളുമായി തങ്ങൾ രോഗികളാണെന്ന തിരിച്ചറിവില്ലാതെ കഴിയുന്നവർ ഏറെയുണ്ട്. കൊവിഡിനുശേഷം സാമ്പത്തികമായി തകർച്ച നേരിട്ടതും പണപ്പെരുപ്പവും ജീവിതം വഴിമുട്ടിയ അവസ്ഥയിലായതും ഒരു കാരണമാണ്. കർഷകരും മറ്റും പ്രകൃതിക്ഷോഭത്താലും വിലത്തകർച്ചയാലും കടംകയറി പ്രതിസന്ധിയിലായി. ജനങ്ങളെ നേരിട്ട് സഹായിക്കാനുള്ള സർക്കാർ പദ്ധതികളിലൂടെ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. സർവേകളും പഠനങ്ങളും നടത്തി പ്രജകളുടെ സാമൂഹികവും മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങൾ സർക്കാർ പഠിച്ച് പരിഹാരം കാണുകയാണ് ഏക പോംവഴി. ഇതിനായി വാർഡുതലത്തിൽ സംവിധാനം ഒരുക്കണം. സാമൂഹിക ക്ഷേമവകുപ്പ് എന്നത് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ളതാണ്. ആരോഗ്യ വകുപ്പിനേക്കാൾ ഇപ്പോൾ സജീവമായി പ്രവർത്തിക്കേണ്ട വകുപ്പായി സാമൂഹിക ക്ഷേമ വകുപ്പ് മാറേണ്ട സാഹചര്യമാണുള്ളതെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ തലയിൽ നികുതിഭാരം ചുമത്തി അവരെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ സബ്‌സിഡികൾ നൽകി പ്രതീക്ഷ നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. മാനസിക പ്രശ്‌നങ്ങളുള്ളവർക്ക് കൗൺസലിങ് നൽകണം. ആവശ്യമുള്ളവർക്ക് ചികിത്സയും. മാനസികാരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്ത് വിരളമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം ഏർപ്പെടുത്തിയാൽ പ്രാദേശികതലത്തിൽ പ്രശ്‌നം പരിഹരിക്കാൻ കഴിയും.
ആത്മഹത്യകളെ ചെറുക്കാൻ വ്യക്തിയേക്കാൾ സമൂഹത്തിനു കൂടിയാണ് ചികിത്സ നൽകേണ്ടത്. മാറുന്ന ജീവിത സാഹചര്യം, അനാരോഗ്യകരമായ പ്രവണതകൾ, ചിന്തകൾ, ആശയങ്ങൾ എന്നിവ ഡിജിറ്റൽ ലോകത്ത് നമ്മിലേക്ക് കടന്നുവരുന്നുണ്ട്. ഇവയെ ബോധവൽക്കരണത്തിലൂടെ ശരിയായ ചിന്തയിലേക്ക് നയിക്കാൻ നടപടികൾ വേണം. മാനസിക സംഘർഷം കുറയ്ക്കാനുള്ള പരിശീലനം നൽകണം. അതിലൂടെ മാനസികാരോഗ്യം മാത്രമല്ല ശാരീരിക ആരോഗ്യവും ഏറെ മെച്ചപ്പെടുത്താനാകും.
ജീവിതശൈലി രോഗങ്ങളുടെ കൂടെ ഈറ്റില്ലമായി മാറുകയാണ് കേരളം എന്ന് ഓർക്കണം. ഇതിനും പ്രതിവിധി മാനസിക സംഘർഷം കുറച്ച് ജനങ്ങളെ സന്തോഷവാന്മാരാക്കുക എന്നതാണ്. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയും മറ്റും ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നുണ്ട്. വ്യക്തിയും സമൂഹവും ഒരുപോലെ പ്രവർത്തിച്ചാലേ ആത്മഹത്യാ നിരക്ക് കുറയ്ക്കാനാകൂ. വരവിന് അനുസരിച്ച് ചെലവഴിക്കുക, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഒഴിവാക്കുക, സ്വന്തം പ്രശ്‌നങ്ങൾ ബന്ധുക്കളോടോ വേണ്ടപ്പെട്ടവരോടോ പറയുക, മാനസിക രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുക എന്നിവയിലൂടെ ആത്മഹത്യാനിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എല്ലാ ജില്ലകളിലും ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും വേണം. ആത്മഹത്യാ ചിന്തയുള്ള ആളിന് ഏത് സമയത്തും ബന്ധപ്പെടാനുള്ള ടെലി കൗൺസലിങും അത്തരക്കാരെ ആത്മഹത്യാ ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കാനാകും. ഓരോ പൗരനെയും സാമൂഹിക, സാമ്പത്തിക, ജീവിത മേഖലകളിലെ പ്രതിസന്ധിയെ ധൈര്യമായി നേരിടാൻ സജ്ജമാക്കുന്നതിന് സർക്കാരും മുൻകൈയെടുക്കണം. അങ്ങനെയെങ്കിൽ ആത്മഹത്യാ ഭീഷണിയിൽ നിന്ന് കേരളത്തിന് കരകയറാനാകും.
ജീവിത പ്രശ്‌നങ്ങൾക്ക് ആത്മഹത്യ ഒരിക്കലും പരിഹാരമല്ല എന്നും ഓർക്കുക. നിമിഷ നേരത്തെ പോസിറ്റീവ് ചിന്താഗതി നിങ്ങളെ ഊർജസ്വലരാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും. പ്രതിസന്ധികൾ അതിജീവിച്ചവരാണ് നമുക്കിടയിലുള്ളതെന്ന ബോധമുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."