അടച്ചുപൂട്ടിയാല്‍ കൊവിഡ് കീഴടങ്ങുമോ?
സുലൈമാന്‍ ദാരിമി ഏലംകുളം
പത്തില്‍ താഴാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു മുന്നില്‍ അന്തംവിട്ടു നില്‍ക്കുകയാണിപ്പോള്‍ ഭരണചക്രം തിരിക്കുന്ന ജനപ്രതിനിധികളും ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവരും. രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതോടെ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടാനാകുമെന്ന ആദ്യപ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. പല ജില്ലകളിലും കുറേക്കൂടി ഭയക്കേണ്ട ഡെല്‍റ്റയും ഡെല്‍റ്റ പ്ലസ്സുമൊക്കെ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് എല്ലാവരും. ഒന്നാം ലോക്ക്ഡൗണില്‍ താരതമ്യേന കൊവിഡ് വ്യാപനം പരമാവധി കുറയ്ക്കാനും മരണനിരക്കു വരുതിയില്‍ നിര്‍ത്താനും കഴിഞ്ഞ കേരളത്തിന് എന്തുകൊണ്ട് ഇത്രയും മരണങ്ങളുടെയും ദുരിതങ്ങളുടെയും പശ്ചാത്തലത്തിലും രണ്ടാംഘട്ടത്തില്‍ പരാജയം സംഭവിച്ചു? ഇപ്പോള്‍ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങളും പുത്തന്‍പ്രഖ്യാപനങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ? ഈയൊരു ദശാസന്ധിയില്‍ ചിന്തിക്കേണ്ട വിഷയം തന്നെയാണിത്.
ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെയാണ് കൊവിഡ് വ്യാപനം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞത്. കൊവിഡിനെ നിയന്ത്രിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന വിധം മാസ്‌ക് ധരിക്കുക, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ ശുദ്ധീകരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിബന്ധനകള്‍ കര്‍ക്കശമായി പാലിക്കാന്‍ ജനം ശ്രദ്ധിച്ചിരുന്നു. ആളെക്കൊല്ലിയായ മഹാമാരിയാണ് കൊവിഡെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ സ്വന്തം ജീവനും ഉറ്റവരുടെ ജീവനും നഷ്ടപ്പെടുമെന്നുമുള്ള ഭയം ആദ്യകാലത്ത് എല്ലാവരിലുമുണ്ടായിരുന്നു. അതുകൊണ്ടു ജനം വീടുകളില്‍ അടങ്ങിയിരുന്നു. പുറത്തു പോകുമ്പോള്‍ മറ്റുള്ളവരില്‍ നിന്നു പരമാവധി അകന്നു നിന്നു. കടകള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പുകളിലും തുടങ്ങി ആളുകള്‍ ഒത്തുചേരാന്‍ സാധ്യതയുള്ളിടങ്ങളിലൊക്കെ സോപ്പും വെള്ളവും സാനിറ്റൈസറും വച്ചു. സാമൂഹികസംഘടനകള്‍ ഇക്കാര്യത്തില്‍ ബദ്ധശ്രദ്ധരായി സേവനം നടത്തി. വ്യക്തികള്‍ സാനിറ്റൈസര്‍ കൊണ്ടു നടക്കുന്നതും ഉപയോഗിക്കുന്നതും പതിവാക്കി. അതിനേക്കാള്‍ വലുതായിരുന്നു രോഗം ബാധിച്ചവരെക്കുറിച്ചുള്ള ജാഗ്രത. രോഗം ബാധിച്ചുവെന്നു കണ്ടവരെയെല്ലാം പ്രാഥമിക കൊവിഡ് സെന്ററുകളിലേയ്ക്കു മാറ്റി. അവരുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കി. ഒട്ടേറെ മത, സാമൂഹ്യ സംഘടനകള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും മറ്റും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാന്‍ സൗജന്യമായി വിട്ടുനല്‍കി. ഇതൊക്കെ രോഗവ്യാപനം തടയുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഇതേ ജാഗ്രത തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തില്‍ രണ്ടാംതരംഗവും രണ്ടാം ലോക്ക്ഡൗണും ഉണ്ടാകില്ലായിരുന്നു. സംഭവിച്ചത് മറിച്ചാണ്. ഒന്നാം തരംഗത്തില്‍ നിന്നു രക്ഷപ്പെടുംമുന്‍പു വന്ന തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തില്‍ കൊവിഡ് വിത്തു വ്യാപകമായി വിതയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അതുവരെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം എന്നൊക്കെ നിഷ്‌കര്‍ഷിച്ച ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും കേരളത്തിലെ മുക്കിലും മൂലയിലും ആള്‍ക്കൂട്ടത്തിന്റെ പൂരപ്പറമ്പുകള്‍ സൃഷ്ടിച്ചു. മാസ്‌കില്ലാതെ, തൊട്ടുരുമ്മി ദേശീയനേതൃ
ത്വം തൊട്ടു ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ വരെ രണ്ടു തെരഞ്ഞെടുപ്പു കാലത്തുമായി ഏതാണ്ട് രണ്ടുമാസത്തോളം കേരളത്തെ ഇളക്കിമറിച്ചു. തെരഞ്ഞെടുപ്പു പൂരം കഴിയുമ്പോഴേയ്ക്കും കേരളം കൊവിഡ് രണ്ടാംതരംഗത്തിന്റെ കരാളഹസ്തത്തില്‍ അമര്‍ന്നു. രോഗവ്യാപന നിരക്കും മരണനിരക്കും മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഉയര്‍ന്നുകൊണ്ടിരുന്നത്.
ഒന്നാംതരംഗത്തില്‍ എല്ലാവരും മാതൃകയെന്നു പ്രകീര്‍ത്തിച്ച കേരളം രണ്ടാം തരംഗത്തില്‍ എല്ലാവരും ഭയക്കുന്ന സംസ്ഥാനമായി. കേരളത്തില്‍ നിന്നുള്ളവര്‍ക്കു മുന്നില്‍ ഇതരസംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും യാത്രാവിലക്കു വന്നു. കേരളത്തിലേയ്ക്കു കടന്നുവരാന്‍ മറ്റുള്ളവര്‍ മടിക്കുന്ന അവസ്ഥയുണ്ടായി. ഇപ്പോഴിതാ, അടച്ചുപൂട്ടലിന്റെ ദുരിതപൂര്‍ണമായ അമ്പത്തിമൂന്നു ദിനങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രി പ്രഖ്യാപിച്ച ചില ഇളവുകളോടെ സംസ്ഥാനം പൂര്‍വാവസ്ഥയിലേയ്ക്കു കടക്കുകയാണ്. ടി.പി.ആര്‍ അനുസരിച്ചു തദ്ദേശസ്ഥാപന പരിധികളെ എ, ബി, സി, ഡി എന്നിങ്ങനെ നാലായി തിരിച്ച് ഓരോ മേഖലയ്ക്കും അതിനു തക്ക ഇളവുകളും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊതുവാഹനങ്ങള്‍ സാധാരണപോലെ ഓടിക്കാം, സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുവിതരണകേന്ദ്രങ്ങളും കടകളും ബാറും ബിവറേജ് ഔട്ട്‌ലെറ്റും തുറക്കാം. ആരാധനാലയങ്ങള്‍ക്ക് ചിലയിടങ്ങളില്‍ മാത്രം ശക്തമായ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലും മറ്റും അതുമില്ല. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരം ഒരു മണിക്കൂര്‍ വീട്ടില്‍ കിടത്താമെന്നും മതാചാരപ്രകാരം അടക്കം ചെയ്യാമെന്നും അനുവദിച്ചതാണ് എടുത്തുപറയേണ്ട മാറ്റം. ഇതുവരെ വീട്ടുകാരെപ്പോലും കാണാന്‍ അനുവദിക്കാതെ ഒരു തരത്തിലുള്ള മതാചാരങ്ങളും നടത്താന്‍ സമ്മതിക്കാതെയാണല്ലോ മൃതദേഹങ്ങള്‍ ഖബറടക്കുകയോ ദഹിപ്പിക്കുകയോ ചെയ്തിരുന്നത്.
പക്ഷേ, ഈ നിയന്ത്രണങ്ങളും ഇളവുകളും സത്യത്തില്‍ ശരിയായ ഗുണഫലമാണോ ഉണ്ടാക്കുന്നത്. ആരാധനാലയങ്ങളില്‍ ഇത്രപേരെ മാത്രമേ അനുവദിക്കൂ എന്ന നിബന്ധനയില്‍നിന്നു സര്‍ക്കാര്‍ മാറാതിരിക്കുന്നതിനു പറയുന്ന കാരണം, ആരാധനാലയങ്ങളില്‍ ഇളവ് അനുവദിച്ചാല്‍ ആളുകള്‍ തടിച്ചുകൂടുമെന്നും അതു രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ വഴിവയ്ക്കുമെന്നുമാണ്. കൊവിഡ് നിബന്ധനകള്‍ തങ്ങള്‍ പാലിച്ചുകൊള്ളാമെന്നും സൗകര്യമുള്ള പള്ളികളിലും മറ്റും ഉള്‍ക്കൊള്ളാവുന്നയത്ര ആളുകളെ പ്രാര്‍ഥനയ്ക്ക് അനുവദിക്കണമെന്നുമുള്ള അപേക്ഷകളൊന്നും ചെവിക്കൊണ്ടിട്ടില്ല. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ ഒരു തരത്തിലുള്ള കൊവിഡ് മാനദണ്ഡവും പാലിക്കാതെ നൂറുകണക്കിനാളുകളാണ് മദ്യം വാങ്ങാന്‍ തിക്കിത്തിരക്കി നില്‍ക്കുന്നത്. ഇത് ഒരിടത്തെയോ ഒരു ദിവസത്തെയോ കാഴ്ചയല്ല, മദ്യവില്‍പ്പന പുനരാരംഭിച്ച അന്നു മുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടിയുണ്ടായതായി അറിയില്ല. എവിടെ നിന്നൊക്കെയോ വരുന്ന ഇത്രയധികം ആളുകള്‍ ഇങ്ങനെ നിയന്ത്രണമില്ലാതെ തൊട്ടുരുമ്മി നിന്നാല്‍ കൊവിഡ് നാടുനീളെ പരക്കാന്‍ വേറെ കാരണം ആരായേണ്ടതില്ലല്ലോ. മദ്യം വാങ്ങാന്‍ ഒരു നിയന്ത്രണവുമില്ലാതെ ഓടിക്കൂടുന്നവര്‍ക്ക് സര്‍വസ്വാതന്ത്ര്യം, അതേസമയം, എല്ലാ നിയന്ത്രണങ്ങളും സ്വയം പാലിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുക്കുന്ന വിശ്വാസികള്‍ക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ടു പ്രാര്‍ഥന നിര്‍വഹിക്കാനുള്ള അനുമതിയില്ല. ഇതിനെ എങ്ങനെയാണു ന്യായീകരിക്കാനാവുക.
ബസുകള്‍ ഒറ്റയും ഇരട്ടയും അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ പ്രകാരം മാറിമാറി ഓടണമെന്ന നിബന്ധനയും ബുദ്ധിശൂന്യമായിപ്പോയി. മുഴുവന്‍ ബസുകളും ഓടുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് തൊട്ടുരുമ്മി നില്‍ക്കാതെ പരമാവധി അകലം പാലിച്ചു യാത്രചെയ്യാന്‍ കഴിയുമായിരുന്നു. പാതി ബസുകളേ ഓടിക്കാവൂ എന്നു നിബന്ധന വയ്ക്കുമ്പോള്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരില്ലല്ലോ. ആ യാത്രക്കാരെല്ലാം ഉള്ള ബസില്‍ ഇടിച്ചു കയറും. സ്വാഭാവികമായും പതിവില്‍ക്കവിഞ്ഞ തള്ളും തിരക്കുമാകും. കൊവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച് വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ.
വ്യാപാരസ്ഥാപനങ്ങളുടെ പ്രവൃത്തിസമയവും പ്രവൃത്തിദിവസവും കൊവിഡ് വ്യാപന തോതനുസരിച്ചു നിയന്ത്രിക്കുന്ന രീതിയാണ് ഇളവ് അനുവദിച്ച നാള്‍ തൊട്ട് നടപ്പാക്കിവരുന്നത്. നിയന്ത്രണം കര്‍ക്കശമായ ഇടങ്ങളില്‍ അവശ്യസാധനക്കടകള്‍ മാത്രമേ തുറക്കാവൂ. ലഘുവായ നിയന്ത്രണമുള്ളിടങ്ങളില്‍ പോലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയല്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ ഇന്നയിന്ന ദിവസങ്ങളില്‍ ഇത്ര സമയംവരെ മാത്രമേ തുറക്കാവൂ എന്ന കര്‍ക്കശ വ്യവസ്ഥയുണ്ട്. ഈ ഉത്തരവു പുറപ്പെടുവിച്ചവര്‍ കണ്ണു തുറന്നു നാട്ടിലുടനീളം ഒന്നു സഞ്ചരിച്ചു നോക്കണം. പ്രവൃത്തിസമയം കുറവാണെന്ന ഒറ്റക്കാരണത്താല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലും സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലുമെല്ലാം വലിയ ആള്‍ത്തിരക്കാണ്. ഇതിനു പകരം എല്ലാ ദിവസവും പ്രവൃത്തിസമയങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള സമയത്തേക്കാള്‍ കൂടുതല്‍ സമയം അനുവദിച്ചു വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫിസുകളും പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് തിക്കും തിരക്കുമില്ലാതെ അവിടങ്ങളില്‍ പോകാനും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും കഴിയുകയില്ലേ. കൊവിഡിന്റെ വ്യാപനം തടയുന്നതിന് ഇതല്ലേ കൂടുതല്‍ ഗുണം ചെയ്യുക.
വൈകിവരുന്ന വിവേകമെന്നു പറയാറില്ലേ, അതാണ്, കൊവിഡ് ബാധിച്ചു മരിച്ചവരുടെ ഖബറടക്ക (സംസ്‌കാര) വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതശരീരത്തിനടുത്തു ചെന്നതുകൊണ്ട് കൊറോണ വൈറസ് ആരുടെ ദേഹത്തേയ്ക്കു ചാടിപ്പിടിക്കില്ല എന്നത് ശാസ്ത്രസത്യം. രോഗികള്‍ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ രോഗിയുമായി ശാരീരിക സമ്പര്‍ക്കമുണ്ടാകുമ്പോഴോ ആണ് രോഗം പകരുക. മൃതദേഹം തുമ്മുകയും സംസാരിക്കുകയും ചെയ്യില്ലല്ലോ. എന്നിട്ടും, സര്‍ക്കാര്‍ ഏറെക്കാലം ചെയ്തതെന്താണ്. കൊവിഡ് ബാധിച്ചു മരിച്ചാല്‍ മക്കളെയോ ഭാര്യയെയോ ഭര്‍ത്താവിനെയോ പോലും അടുക്കാന്‍ സമ്മതിക്കാതെ, ഒരു തരത്തിലുള്ള മതാചാരവും അനുവദിക്കാതെ മൃഗതുല്യം കുഴിച്ചുമൂടുകയായിരുന്നു. കൊവിഡ് ബാധിതര്‍ക്ക് വീട്ടില്‍ കഴിയാമെന്ന ഇളവ് അനുവദിച്ചിട്ടും മൃതദേഹങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. സമസ്തയും മറ്റും കടുത്ത പ്രതിഷേധം അറിയിക്കുകയും കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ കണ്ണു തുറന്നത്.
കൊവിഡ് അവസാനിച്ചിട്ടില്ല. തരംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് എവിടേയ്ക്കും നീങ്ങാന്‍ അനുവദിക്കാതെ ജനങ്ങളെ വീട്ടിനുള്ളില്‍ ശ്വാസംമുട്ടി കഴിയാന്‍ നിര്‍ബന്ധിക്കുകയോ. അതു ഗുണകരമല്ലെന്നു തെളിഞ്ഞതാണല്ലോ. മറ്റു രാജ്യങ്ങളില്‍ ഭരണകൂടങ്ങളും ജനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പോലെ ഓഫിസുകളും ഗതാഗതവും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം പൂര്‍വകാലത്തെന്ന പോലെ തുറന്നിട്ട്, കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രം ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിച്ചാല്‍ ജീവിതം പ്രതിസന്ധിയില്‍ നിന്നു കരകയറും, കൊവിഡ് കീഴടങ്ങുകയും ചെയ്യും. ഇങ്ങനെയൊരു സല്‍ബുദ്ധി സര്‍ക്കാരിനുണ്ടാവട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."