നേരം പുലരുവോളം ഗെയിം, ഊണും ഉറക്കവുമില്ല 'ഫ്രീ ഫയര്‍' മരണം തിരുവനന്തപുരത്തും
തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി.ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി അനുജിത്ത് അനില്‍ രണ്ടുമാസം മുന്‍പാണ് ആത്മഹത്യ ചെയ്തത്. അനുജിത്തിന്റെ മാതാവ് അജിത അനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫ്രീഫയര്‍ ഗെയിമിന്റെ അടിമയായിരുന്നു മകനെന്ന് അവര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നു. നേരം പുലരുവോളം ഊണും ഉറക്കവുമില്ലാതെയാണ് ഗെയിം കളിച്ചിരുന്നത്. മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മകന്‍. എന്നാല്‍, മൊബൈല്‍ ഗെയിം സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ ആരും പറയുന്നതു കേള്‍ക്കാതെയായി. സഹോദരിയുടെ മകളെപ്പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മകന് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്നുവര്‍ഷംകൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി.
വീട്ടില്‍ വഴക്കിട്ട് വലിയവിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണംചോദിച്ച് നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്കു റീച്ചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യമെന്നും മാതാവ് പറഞ്ഞു.
ഇന്ത്യ നിരോധിച്ച പബ്ജി പോലുള്ള ഗെയിമിന്റെ അതേ ആപത്ത് ഫ്രീ ഫയറിനുമുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് ഡോ. പി.ടി സന്ദീഷ് പറഞ്ഞു. കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാനുള്ള നിരവധി ഗെയിമുകള്‍ ഓണ്‍ലൈനിലുണ്ട്. എന്നാല്‍, ഫ്രീ ഫയര്‍ അങ്ങനെയല്ല. ഇത്തരത്തിലുള്ള ഗെയിം അടിമയാകുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കേണ്ടതാണ്.
ഇതൊരു രോഗമായിട്ട് വന്നുകഴിഞ്ഞു. ഗെയിം കളിക്കുന്നവര്‍ക്ക് തുടക്കത്തില്‍ സന്തോഷമായിരിക്കും. കുറച്ചുകഴിയുമ്പോള്‍ ഉത്കണ്ഠയാകും.
തുടര്‍ന്ന് വിഷാദ അവസ്ഥയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. ഇത് കുട്ടികളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കും. പഠനം, ജോലി എന്നിവയെയും ഗെയിം ബാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."