പത്താം ക്ലാസിലെ ചില തോല്‍വി ചരിത്രങ്ങള്‍
പത്തില്‍ തോറ്റു! പഴയ കഥയാണ്. അതുകൊണ്ട് ഈ സംഭവത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലമാണ്. വളരെ ചുരുക്കം പേരാണ് അന്നൊക്കെ ജയിക്കുക. വിജയിച്ചാല്‍ അതൊരു സംഭവമായി സമൂഹം കണക്കാക്കുകയും ചെയ്യും. നാട്ടുകാരൊക്കെ അറിയും. വാര്‍ത്താപ്രാധാന്യം നേടും. പത്രങ്ങളില്‍ നമ്പര്‍ വരും. ഫസ്റ്റ് ക്ലാസ് നേടുന്നവരുടെ പേരിനു നേരേ ഒരു അടയാളമുണ്ടാകും. നക്ഷത്രചിഹ്നം! അതായത്, ആള്‍ സ്റ്റാര്‍ ആയി എന്നര്‍ഥം! ഇന്നാവട്ടെ, തോറ്റാലാണല്ലോ അതിശയം! എല്ലാവരും വിജയിക്കുന്ന സുവര്‍ണകാലം വന്നെത്തിയിട്ട് വര്‍ഷങ്ങള്‍ കുറെയായല്ലോ!!
പത്തില്‍ തോറ്റ നമ്മുടെ കഥാനായകന്റെ പേര് യല്ലപ്രഗത സുബ്ബറാവു. 1895 ജനുവരി 12 ന് ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചു. എസ്.എസ്.എല്‍.സി തോറ്റെങ്കിലും ആള്‍ വിട്ടുകൊടുത്തില്ല. വീണ്ടും വീണ്ടും എഴുതി. മൂന്നാമത്തെ അവസരത്തില്‍ വിജയിക്കുകതന്നെ ചെയ്തു. പിന്നീടൊരു കാലത്ത്, ആ മൂന്നാം ചാന്‍സുകാരന്‍ മന്തിനെതിരായ മരുന്ന് കണ്ടുപിടിച്ചു. ഹെട്രാസണ്‍ എന്ന ആ അത്ഭുതമരുന്ന്, ലോകാരോഗ്യ സംഘടന നാടായ നാട്ടിലെല്ലാം പ്രചരിപ്പിച്ചു. പസഫിക്കന്‍ മേഖലയിലെ അമേരിക്കന്‍ സൈനികര്‍ മലമ്പനിയും മന്തും കാരണം കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ കണ്ടുപിടിച്ച മരുന്ന് ലോകത്തിനു മൊത്തം രക്ഷയായിത്തീര്‍ന്നു.
ഇപ്പോള്‍ ആന്ധ്രാപ്രദേശിലുള്ള ഭീമാവരം എന്ന സ്ഥലത്തു ജനിച്ച സുബ്ബറാവു, മദ്രാസ് മെഡിക്കല്‍ കോളജിലായിരുന്നു മെഡിക്കല്‍ പഠനം നടത്തിയത്. ചിലരുടെ സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ട് 1922ല്‍ അമേരിക്കയിലേക്ക് പോകാന്‍ സാധ്യമായി. അവിടെയും ഒരുപാട് കഷ്ടപ്പെട്ട് മറ്റു ജോലികള്‍ കൂടി ചെയ്ത് ഉപരിപഠനം നടത്തി. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് ട്രോപിക്കല്‍ മെഡിസിനില്‍ നിന്നാണ് ഡിപ്ലോമ നേടിയത്. പിന്നീട് ബയോകെമിസ്ട്രിയില്‍ ഗവേഷണം ആരംഭിച്ചു.
വിളര്‍ച്ച മാറ്റുന്നതിനു ഫോളിക് ആസിഡ് ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി. മുറിവുകള്‍ കെട്ടുന്നതിനുള്ള ആദ്യത്തെ ആന്റിബയോട്ടിക്കായ ഗ്രാമൈസിഡിന്‍ കണ്ടുപിടിച്ചു. അങ്ങനെ പലതും.... സാധാരണ മനുഷ്യന്റെ ജീവിതം കൊണ്ട്, സുബ്ബറാവു മനുഷ്യരാശിക്ക് അസാധാരണ സംഭാവനകള്‍ നല്‍കി.
പത്ത് തോറ്റാലും, അഥവാ വിജയത്തിനു തിളക്കം തീരെ കുറഞ്ഞാലും വഴികള്‍ അടയുന്നില്ലെന്നും അതിനെയൊക്കെ മറികടക്കുന്ന നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമെന്നുമുള്ള വസ്തുതയുടെ അടയാളങ്ങള്‍ നമുക്കു ചുറ്റും ധാരാളം.
തോല്‍വികള്‍ തീരെക്കുറഞ്ഞതോടെ തോല്‍ക്കുന്നവരുടെ സ്ഥാനത്ത് ഇപ്പോള്‍ നാം പ്രതിഷ്ഠിച്ചിരിക്കുന്നത് കുറഞ്ഞ മാര്‍ക്കോടെ വിജയിച്ചവരെയാണല്ലോ!! അവരെ ഒന്നിനും കൊള്ളാത്തവരെന്നും വിധിക്കുന്നു. മികച്ചതെന്നു കരുതപ്പെടുന്ന പഠനഗ്രൂപ്പുകളില്‍ അവര്‍ക്ക് പ്ലസ് ടുവിനു പ്രവേശനം ലഭിക്കാതെ വരുന്നു. നേരേമറിച്ച് ഫുള്‍ എ പ്ലസ് ലഭിക്കുന്നവരെ അമിത ആത്മവിശ്വാസമുള്ളവരാക്കുന്നവിധം പുകഴ്ത്തുകയും സമ്മാനിതരാക്കുകയും ഫ്‌ളക്‌സ് ചിത്രങ്ങളാക്കുകയും ചെയ്യുന്നു.
പ്രശസ്തചിന്തകന്‍ എം.എന്‍ വിജയന്‍ പഴയൊരു പുരസ്‌കാരദാന വേദിയില്‍ നടത്തിയ പ്രസംഗമുണ്ട്. എസ്.എസ്.എല്‍.സി വിജയികളെ അനുമോദിക്കുന്ന പരിപാടിയില്‍ അദ്ദേഹം നേരേ കടന്നുചെല്ലുന്നത് പരാജിതരിലേക്കാണ്.
ഇവിടെ എത്താന്‍ കഴിയാതിരുന്ന കുട്ടികള്‍, കളര്‍ച്ചിത്രങ്ങളാവാന്‍ കഴിയാതിരുന്ന കുട്ടികള്‍, പത്രങ്ങളാല്‍ പിന്തുടരപ്പെടാത്ത കുട്ടികള്‍ എന്നിവരൊക്കെ ഈ വെളിച്ചത്തിന്റെ മറുപുറം ആണെന്നും അതുകൂടി അനുമോദന യോഗത്തിന്റെ ചിന്താവിഷയമായിത്തീരേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
പരാജിതന്‍ കുതിച്ചെത്തി പിന്നീട് മുന്നേറിയതിന്റെ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും നിരവധിയാണ്. മാര്‍ക്ക് കുറഞ്ഞവന്‍ ജീവിതത്തില്‍ കുതിച്ചുനീങ്ങിയതിന്റെ സമുജ്ജ്വല ചരിത്രങ്ങള്‍!
തീരെക്കുറഞ്ഞ മാര്‍ക്കോടെ പത്താംക്ലാസ് കഷ്ടിച്ചു കടന്നുകൂടുകയും അതുകഴിഞ്ഞ് ജീവിതത്തെക്കുറിച്ച് ഗൗരവതരമായി ആലോചിക്കുകയും ഐ.എ.എസ് വരെ ഉയരുകയും ചെയ്ത ഉദാഹരണം കേരളത്തില്‍ ഏറെ പ്രസിദ്ധം.
ആറില്‍ തോറ്റ് കൂലിപ്പണിക്കിറങ്ങാന്‍ നോക്കിയശേഷം തിരിച്ചുകയറി ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കി വലിയൊരു വ്യവസായം കെട്ടിപ്പടുക്കുകയും മറ്റു വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത വയനാട്ടുകാരന്‍ പി.സി മുസ്തഫ ഇവരില്‍ ഒരാള്‍ മാത്രം. പഠനത്തില്‍ ശരാശരിയിലും ഏറെ താഴെയായിരുന്ന വീര്‍ ദാസ് എന്ന പ്രശസ്ത കൊമേഡിയന്‍, ട്വിറ്ററില്‍ പഴയ മാര്‍ക്ക്‌ലിസ്റ്റ് പങ്കുവച്ച ശേഷം പറയുന്നതിങ്ങനെ
'Whether your results are amazing or not doesn't prevent your personaltiy from being amazing'. അതെ, അതുതന്നെ യാഥാര്‍ഥ്യം.
കൈലാസ് കുമാറിന്റെ ജീവിതം അതിലും വിശേഷം.
മഹാരാഷ്ട്രയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന കൈലാസ് കുമാറിന് പത്ത് കഴിഞ്ഞ് തുടര്‍പഠനം സാധ്യമായില്ല. നല്ല ജോലികള്‍ക്കു വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത കൈലാസ്, റേഡിയോയും കാല്‍ക്കുലേറ്ററും റിപ്പയര്‍ ചെയ്യുന്ന കടയില്‍ ജോലിക്കു ചേര്‍ന്നു. കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള മനോഭാവവും സാമര്‍ഥ്യവുമുള്ള കൈലാസ് അവിടെയുള്ള വിദഗ്ധ ടെക്‌നീഷ്യന്മാരേക്കാള്‍ മിടുക്കനായി മാറി!! തുടര്‍ന്ന് കംപ്യൂട്ടറിലും വൈദഗ്ധ്യമാര്‍ജിച്ച് ചെറിയതോതില്‍ കംപ്യൂട്ടര്‍ സര്‍വിസ് ബിസിനസ് തുടങ്ങി. ഇപ്പോള്‍ ഇരുനൂറ് കോടിയിലേറെ ബിസിനസുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ-ക്വിക് ഹീല്‍ ടെക്‌നോളജീസിന്റെ-അധിപന്‍!!
അതെ, പത്താം ക്ലാസിന്റെ ഫലം വരികയാണ്. പല വഴികളിലേക്ക് തിരിയാനുള്ള ജങ്ഷനിലെത്തുകയാണ്. ചിലര്‍ക്ക് ഇത് എ പ്ലസുകാരനായതില്‍ അഭിമാനിക്കുന്ന ദിനങ്ങളായിരിക്കും. തീര്‍ച്ചയായും കൂടുതല്‍ ഉയര്‍ന്നുയര്‍ന്ന് പോവാനുള്ള ഊര്‍ജമാവട്ടെ അത്. ഈ വിജയം നിങ്ങള്‍ക്ക് അതിനുള്ള ആത്മവിശ്വാസം പകരും.
പക്ഷേ കുറഞ്ഞ ഗ്രേഡ് മാത്രം നേടാനായവര്‍ ഓര്‍ക്കുക. ആദ്യലാപ്പില്‍ നിങ്ങള്‍ പിന്നിലായിരിക്കാം. പക്ഷേ, ദൂരം ഒരുപാടുണ്ട്. മാറിവരുന്ന ലോകത്ത് അഭിമാനമുയര്‍ത്താനുള്ള അവസരങ്ങള്‍ ഇനിയുമെത്രയോ ബാക്കി കിടക്കുന്നു. നിരാശപ്പെടാന്‍ ഇനി സാധ്യതയേ ഉണ്ടാവില്ല; ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയാണെങ്കില്‍!! സാക്ഷാല്‍ ബില്‍ഗേറ്റ്‌സ് പറയുന്നതും അതുതന്നെ.
'It's fine to celebrate success, but it is more important to heed the lessons of failure'
Bill Ga-te-s.
ആശഹഹ ഏമലേ.െ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."