റോഡ് പരിശോധനയ്ക്ക് സ്ഥിരം സംവിധാനം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • പൊതുമരാമത്ത് വകുപ്പിനു കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരംസംവിധാനം ഏർപ്പെടുത്തും. സ്ഥിരമായ റോഡ് പരിപാലന പരിശോധനയ്ക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. പരിശോധനയ്ക്ക് ശേഷം നൽകുന്ന റിപ്പോർട്ട് വിലയിരുത്തിയാകും തുടർനടപടികൾ സ്വീകരിക്കുക.
ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഉദ്യോഗസ്ഥർ സമയബന്ധിതമായി ഫീൽഡിൽ പോയി പരിശോധന നടത്തണം എന്ന ഉത്തരവാദിത്വം നിർവഹിക്കാൻ ഈ സംവിധാനം കൊണ്ട് ഭാവിയിൽ സാധ്യമാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.സംഘത്തിന്റെ പരിശോധന ഇന്നലെയും തുടർന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ജില്ലകളിൽ രണ്ട് ടീമായാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."