കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ
കൊച്ചി • കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുഖ്യപ്രതിയുടെ സഹായി അടക്കം രണ്ട് പേർ കസ്റ്റഡിയിൽ.
കൊലപാതകം നടത്തിയതായി പൊലിസ് സംശയിക്കുന്ന കാസർകോട് സ്വദേശി മുഹമ്മദ് ഹുസൈന്റെ സഹായിയായ തിരുവനന്തപുരം സ്വദേശിയെയാണ് പാലാരിവട്ടം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രക്ഷപെടാൻ സഹായിച്ച എറണാകുളം സ്വദേശിയും കസ്റ്റഡിയിലായി. ഇരുവരേയും പാലാരിവട്ടം പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം സ്വദേശി കൊലപാതക സമയത്ത് മുഹമ്മദ് ഹുസൈനിന്റെ ഒപ്പമുണ്ടായിരുന്നു. രക്ഷപെടാൻ സഹായിച്ച എറണാകുളം സ്വദേശിയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് പരിശോധിക്കുകയാണ്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലിസ് സംശയിക്കുന്നു. കലൂർ അന്തരാഷ്ട്ര സ്‌റ്റേഡിയത്തിനു മുന്നിൽ നടന്ന ലേസർ ഷോയുടേയും ഗാനമേളയുടേയും വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലിസ് പരിശോധിച്ചു.
കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ എം.ആർ രാജേഷാണ് (27) ശനിയാഴ്ച രാത്രി കുത്തേറ്റ് മരിച്ചത്. കൊലപാതകശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു.
കത്തിപോലുള്ള മൂർച്ചയേറിയ ആയുധംകൊണ്ട് രാജേഷിനെ കുത്തുകയായിരുന്നെന്നാണ് പൊലിസ് നിഗമനം. മുഹമ്മദ് ഹുസൈനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."