ഓഫീസ് സന്ദർശിക്കാതെ വിഡിയോ കാൾ വഴി നിങ്ങളുടെ വിസ നടപടികൾ പൂർത്തിയാക്കാം; പദ്ധതിക്ക് വൻസ്വീകാര്യത
ഓഫീസ് സന്ദർശിക്കാതെ വിഡിയോ കാൾ വഴി നിങ്ങളുടെ വിസ നടപടികൾ പൂർത്തിയാക്കാം; പദ്ധതിക്ക് വൻസ്വീകാര്യത
ദുബൈ: വിസ ഇടപാടുകൾ നടത്താനുള്ള സ്മാർട്ട് സംവിധാനത്തിന് യുഎഇയിൽ വൻസ്വീകാര്യത ലഭിക്കുന്നതായി റിപ്പോർട്ട്. ഉപഭോക്തൃ കേന്ദ്രങ്ങൾ സന്ദർശിക്കാതെ വിഡിയോ കാൾ വഴി വിസ ഇടപാടുകൾ പൂർത്തീകരിക്കാവുന്നതാണ് സംവിധാനം. രണ്ട് മാസം മുൻപ് ആരംഭിച്ച സേവനം ഇതുവരെ രണ്ടര ലക്ഷത്തിലേറെ പേരാണ് ഉപയോഗിച്ചത്. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ നടപടികൾ പൂർത്തിയാക്കാവുന്ന ഈ സൗകര്യം എല്ലാവർക്കും ഉപയോഗിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ-ദുബൈ) അറിയിച്ചു. രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയാണ് സമയം.
ഉദ്യോഗസ്ഥരുമായി വിഡിയോ കോളിലൂടെ തത്സമയം ആശയവിനിമയം നടത്തി നടപടികൾ പൂർത്തിയാക്കാവുന്നതാണ് സംവിധാനം. ഇതോടെ ഉടൻ നടപടികൾ പൂർത്തിയാക്കാനാവും. നേരത്തെ അപേക്ഷാ ഫോമുകളിലെ അവ്യക്തത മൂലവും ആവശ്യമായ ഡോക്യൂമെന്റസ് സമർപ്പിക്കാത്തത് മൂലവും ഉണ്ടായിരുന്ന പ്രയാസം ഇതോടെ മാറിക്കിട്ടും. ഓഫീസിലേക്ക് നേരിട്ട് പോകുമ്പോഴുള്ള സമയനഷ്ടവും ഒഴിവാക്കാം. ഉപഭോക്താവ് വിളിക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ തിരക്കിലാണെങ്കിൽ മറ്റൊരു സമയം അനുവദിക്കും. ഈ സമയത്ത് വിഡിയോ കാൾ സേവനം ഉപയോഗിച്ച് പരിഹാരം കാണാം.
ഓൺലൈൻ വിഡിയോ കാൾ സംവിധാനത്തിലൂടെ ചെയ്യാവുന്ന പ്രധാന സേവനങ്ങൾ ഇവയാണ്.
- താമസ വിസ സേവനങ്ങൾ
- എൻട്രി പെർമിറ്റ്
- ഫിനാൻഷ്യൽ, എസ്റ്റാബ്ലിഷ്മെന്റ്
- ഗോൾഡൻ വിസ അപേക്ഷകൾ
- പ്രോപ്പർട്ടി ഇൻവെസ്റ്റർ വിസ
- മാനുഷിക പരിഗണനയുള്ള കേസുകൾ
- വിവിധ കാര്യങ്ങളിൽ നിയമോപദേശം
ദുബൈ ജിഡിആർഎഫ്എയുടെ വെബ്‌സൈറ്റ് ആയ https://gdrfad.gov.ae/en സന്ദർശിച്ച് സേവനം ഉപയോഗിക്കാവുന്നതാണ്. പേര്, പാസ്പോർട്ട്/എമിറേറ്റ്സ് ഐഡി നമ്പർ, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി വേണം വിഡിയോ കാളിലൂടെ പ്രശ്ന പരിഹാരം കാണാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."