മന്ത്രിസഭാ തീരുമാനത്തില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു
സച്ചാര്‍ റിപ്പോര്‍ട്ടിന് വിരുദ്ധം
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ, റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചത്. മുസ്‌ലിം സമുദായത്തിലെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള ശുപാര്‍ശ പ്രകാരമായിരുന്നു ഇത്. സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ സംബന്ധിച്ച സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ് ശുപാര്‍ശ. അതിന്റെ ഗുണഫലവും പരിഗണനയും സമുദായത്തിന് ലഭിക്കേണ്ടത് അവകാശമാണ്. അത് സാര്‍വത്രികവല്‍ക്കരിക്കുന്ന മന്ത്രിസഭാ തീരുമാനം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി(ആര്‍.എസ്.പി)
അവകാശങ്ങള്‍ ഇല്ലാതാക്കും
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണിത്. ഹൈക്കോടതി വിധിയുടെ പേര് പറഞ്ഞ് കൈ കഴുകാന്‍ സര്‍ക്കാരിന് സാധിക്കില്ല. കോടതികളില്‍ നിന്ന് തെറ്റായ വിധികളുണ്ടാകുമ്പോള്‍ അതിനെതിരേ അപ്പീല്‍ പോകുകയോ, നിയമനിര്‍മാണം നടത്തുകയോ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ചു നല്‍കണം. സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി മുസ്‌ലിംകളോട് നീതി പുലര്‍ത്തണം.
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി
(കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി)
സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഹൈക്കോടതി വിധിയ്‌ക്കെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകാത്തതും വിചിത്രമാണ്. ഇരുകമ്മിറ്റികളും നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റുള്ളവര്‍ക്ക് ഇതില്‍ നിന്നല്ല നല്‍കേണ്ടത്. അത് വേറെ നല്‍കണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
(കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്)
വിവേകപൂര്‍വമായ നീക്കമുണ്ടായില്ല
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തില്‍ പുനരാലോചന വേണം. സര്‍ക്കാരില്‍ നിന്ന് വിവേകപൂര്‍വമായ നീക്കം ഉണ്ടായില്ലെന്നത് ഖേദകരമാണ്. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ 80: 20 നടപ്പാക്കിയപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നത് അത് നീതിയല്ലെന്ന് തിരിച്ചറിയാത്തതുകൊണ്ടല്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിശാലയമായ ഐക്യത്തിന് ഊന്നല്‍ നല്‍കിയാണ് ഇതിനെ എതിര്‍ക്കാതിരുന്നത്. മുസ്‌ലിം ജനവിഭാഗത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാനുള്ള വിലപിടിച്ച നിര്‍ദേശങ്ങളായായിരുന്നു സച്ചാര്‍ കമ്മിറ്റിയുടേത്. എന്നാല്‍ ഈ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ഞൊടിയിട കൊണ്ട് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ടി.പി അബ്ദുല്ലക്കോയ മദനി
(കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്)
പുനഃപരിശോധിക്കണം
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ ന്യൂനപക്ഷ പദ്ധതിയായി മാറ്റിയപ്പോള്‍ തന്നെ ആനുകൂല്യം 80:20 ആയി മാറിയിട്ടുണ്ട്. വിഷയം കോടതിയിലെത്തിയപ്പോഴും നഷ്ടം മുസ്‌ലിം സമുദായത്തിനാണ്. ജനസംഖ്യാനുപാതത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണമെന്ന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പഠിക്കേണ്ട വിഷയമാണ്. ഒരുസമുദായത്തിന്റെ ആനുകൂല്യം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനോടും മറ്റു സമുദായത്തിന്റെ ആനുകൂല്യം മുസ്‌ലിം സമുദായത്തിന് നല്‍കുന്നതിനോടും യോജിപ്പില്ല. സര്‍ക്കാര്‍ തീരുമാനം മുസ്‌ലിംകള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്നുവെങ്കില്‍ അത് പുനഃപരിശോധിക്കണം. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നിലനിര്‍ത്തി, നഷ്ടപ്പെട്ടത് തിരിച്ച് നല്‍കുകയാണ് വേണ്ടത്.
എ.നജീബ് മൗലവി (കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി)
ആനുകൂല്യം ഹനിക്കില്ല
വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് വിതരണത്തിന് നിലവിലുള്ള അനുപാതത്തില്‍ മന്ത്രിസഭ തീരുമാനം ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത രീതിയിലാണ് പുനര്‍നിര്‍ണയിച്ചിട്ടുള്ളത്. നിലവിലുള്ള 80:20 അനുപാതത്തില്‍നിന്ന് ജനസംഖ്യാനുപാതികമയി വിതരണം ചെയ്യാനാണ് തീരുമാനം.ഇതിനാലാണ് സ്‌കോളര്‍ഷിപ്പിലേക്ക് അധിക സംഖ്യ വകയിരുത്തിയത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനം അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും മതിയായ വിധത്തിലുള്ള സഹായം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കും. സര്‍ക്കാര്‍ നിലപാട് പോസിറ്റീവായി കാണണം. ആരുടേയും ആനുകൂല്യം സര്‍ക്കാര്‍ ഹനിക്കില്ല.
പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്
(ഐ.എന്‍.എല്‍)
നിയമനിര്‍മാണം നടത്തണം
ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹമാണ്. പിന്നോക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണം. എന്നാല്‍, മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കവസ്ഥ സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഹാര നടപടികളാണ് റദ്ദു ചെയ്യപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നോക്ക സമൂഹങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനു പകരം വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ക്ക് വിധേയപ്പെടുകയും സ്‌കോളര്‍ഷിപ്പ് അനുവദിച്ച പശ്ചാത്തലം മറച്ചുപിടിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമത്തിന് സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.
എം.ഐ അബ്ദുല്‍ അസീസ്
(ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)
പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല
സച്ചാര്‍ കമ്മിഷന്‍ ക്ഷേമപദ്ധതികളുടെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ കേള്‍ക്കാന്‍ പോലും തയാറാവാതെ ധിക്കാരപൂര്‍വമുള്ള സര്‍ക്കാര്‍ നടപടി അപലപനീയമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ റദ്ദ് ചെയ്യുന്നതിലൂടെ മുസ്‌ലിംകള്‍ക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ സമുദായം അത്രക്ക് വിഡ്ഢികളല്ല. ഉദ്യോഗ, വിദ്യാഭ്യാസ മേഖലയെ കൈയടക്കിവച്ചിരിക്കുന്ന മുന്നോക്കക്കാര്‍ക്കായി മുസ്‌ലിം പിന്നോക്ക ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊടുക്കുന്നത് ന്യായീകരിക്കാന്‍ ആരു തന്നെ മുന്നോട്ട് വന്നാലും അവരെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുസ്‌ലിം സമുദായം നേരിടണം. നീതി നിഷേധിക്കപ്പെട്ട മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി ശബ്ദിക്കാന്‍ ബാധ്യതപ്പെട്ട യു.ഡി.എഫ് നേതൃത്വം ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നത് നീതീകരിക്കാനാവില്ല.
സി.പി ഉമര്‍ സുല്ലമി
(ജന. സെക്രട്ടറി, കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)
നീതിനിഷേധം
സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ കുഴിച്ചുമൂടിക്കൊണ്ട് ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം പിന്നോക്ക ജനവിഭാഗത്തോടു കാണിക്കുന്ന കടുത്ത നീതിനിഷേധമാണ്. കോടതിവിധി അതേപടി നടപ്പാക്കാന്‍ സര്‍വകക്ഷി യോഗമോ വിദഗ്ധസമിതിയോ ആവശ്യമില്ല. മുന്‍ സര്‍ക്കാരുകള്‍ ചെയ്ത തെറ്റിന്റെ പാപഭാരത്തിന് ഒരു സമുദായത്തെയാകെ ബലി നല്‍കുന്നത് ശരിയല്ല. മുസ്‌ലിം സമുദായത്തിന് അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും അനാവശ്യ പഴി കേള്‍ക്കാന്‍ വിധിക്കപ്പെടുകയും ചേയ്യേണ്ടി വന്ന സാഹചര്യം അത്യന്തം അപലപനീയമാണ്. വിവിധ സമുദായങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ അവകാശവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന സമീപനം സമൂഹത്തില്‍ സമാധാനം നിലനിന്ന് കാണാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല.
ടി.കെ അശ്‌റഫ് (ജന. സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."