63 സ്പൂണുകള്‍ വിഴുങ്ങി പൊല്ലാപ്പിലായ ഇന്ത്യക്കാരന്റെ കഥ വൈറലായി
മുസഫര്‍ നഗര്‍: സ്പൂണില്‍ ഭക്ഷണം നല്‍കുന്നതിനെ സ്പൂണ്‍ ഫീഡിങ് എന്നാണ് പറയുന്നതെങ്കിലും സ്പൂണ്‍ തന്നെ ഭക്ഷണമാക്കുന്നതിനെ എന്ത് വിളിക്കും? 63 സ്പൂണുകള്‍ വിഴുങ്ങി പൊല്ലാപ്പിലായ ഇന്ത്യക്കാരന്റെ കഥ ഇപ്പോള്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്. ഉത്തര്‍പ്രദേശുകാരനായ 32കാരന്റെ വയറ്റില്‍ നിന്നാണ് ഇത്രയും സ്പൂണുകള്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. രോഗി മുസഫര്‍ നഗറിലെ ആശുപത്രിയില്‍ വിശ്രമത്തിലാണ്.
സ്പൂണുകളുടെ പിടിഭാഗം മാത്രമാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്. വിജയ് എന്ന് പേരുള്ള ഇയാള്‍ പ്രത്യേക മാനസിക വൈകൃതത്തിന് അടിമയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരാഴ്ചയോളം ബുദ്ധിമുട്ടിയ ശേഷമാണ് ചികില്‍സ തേടിയത്. ട്യൂമറാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം സംശയിച്ചിരുന്നത്.
എക്സറേ, സി.ടി സ്കാന്‍ പരിശോധനയില്‍ ലോഹ വസ്തു വയറ്റിലുള്ളതായി മുസഫര്‍ നഗറിലെ ഇവാന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രണ്ട് മണിക്കൂറിലധികം സമയമെടുത്ത് ഓരോന്നായി 63 സ്പൂണുകള്‍ പുറത്തെടുക്കുകയായിരുന്നു. സ്പൂണിന്റെ തലഭാഗം പൊട്ടിച്ചുമാറ്റി പിടിഭാഗം മാത്രമാണ് വിഴുങ്ങിയിരുന്നതെന്നും അപൂര്‍വ കേസുകളിലൊന്നാണിതെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. രാകേഷ് ഖുറാന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."