ചെഞ്ചെവിയന്‍ ആമകള്‍ മനുഷ്യരില്‍ രോഗം പടര്‍ത്തുമെന്ന് ഗവേഷകര്‍
വി.എം ഷണ്‍മുഖദാസ്
പാലക്കാട്: അലങ്കാരമത്സ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ വ്യാപകമായി വിറ്റഴിക്കുന്ന അധിനിവേശ ജീവിയായ ചെഞ്ചെവിയന്‍ ആമകള്‍ മനുഷ്യരില്‍ രോഗം പടര്‍ത്തുന്നതായി ഗവേഷകര്‍. പീച്ചി വനം ഗവേഷണ കേന്ദ്രത്തില്‍ ചെഞ്ചെവിയന്‍ ആമകളെപ്പറ്റിയുളള പഠനം നടത്തുന്ന ഗവേഷകരാണ് മുന്നറിയിപ്പ് നല്‍കുന്നത്.
മിസിസിപ്പി നദിയിലും മെക്‌സിക്കന്‍ സമുദ്രത്തിലും കൂടുതലായി കാണുന്ന ഇവ പെരുകിയാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കെ.എഫ്.ആര്‍.ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. ടി.വി സജീവ് പറയുന്നു.
പേരുപോലെ തന്നെ ചെവി ഭാഗത്തെ ചുവന്ന നിറമാണ് അതിന്റെ പ്രത്യേകത. റെഡ് ഇയേര്‍ഡ് സ്ലൈഡര്‍ ടര്‍ട്ടില്‍ എന്നാണറിയപ്പെടുന്നത്.കാണാന്‍ ഭംഗിയുണ്ടെങ്കിലും ഈ ആമ അപകടകാരിയാണ്. മനുഷ്യനെ ബാധിക്കുന്ന അപകടകരമായ ബാക്ടീരിയകളുടെ വാഹകരാണിവര്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പടരുന്ന സ്യൂണോസിസ് ബാക്ടീരിയ വിഭാഗത്തില്‍ പെട്ട സാല്‍മോണെല്ല ഈ ആമയില്‍ വളരുന്നതായി കണ്ടത്തിയതായും,സ്ഥിരമായി ഇവയെ പരിചരിക്കുന്ന കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ടൈഫോയ്ഡ,് പനി, വയറിളക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുളളതായും ഗവേഷകര്‍ പറയുന്നു.കുഞ്ഞായിരിക്കുമ്പോള്‍ അഞ്ചു സെന്റിമീറ്റര്‍ വലിപ്പമാണുണ്ടാവുക. മൂന്ന് വര്‍ഷം പ്രായമാവുമ്പോള്‍ 40 സെന്റിമീറ്റര്‍ വരെ വലിപ്പമാവും.അപ്പോള്‍ വീടുകളിലെ ചെറിയ ടാങ്കുകളില്‍ ഇവയെ വളര്‍ത്താന്‍ പറ്റാതെ വരുമ്പോള്‍ ജലാശയങ്ങളിലേക്ക് മാറ്റും. ഇത് വെള്ളത്തിലെ ചെറുജീവികള്‍ക്കും ഭീഷണിയാണ്.30 മുട്ടകള്‍ വരെ ഇടുന്ന ഇവ കൂടുതലായി പെരുകാനിടയുണ്ട്.നാടന്‍ ആമകള്‍ പത്തു മുട്ടകള്‍ മാത്രമേ ഇടാറുള്ളു.അലങ്കാര മത്സ്യങ്ങള്‍ക്കൊപ്പമാണ് ഇവയെ വില്‍ക്കുന്നത്. ഇന്ത്യയില്‍ ഇവയെ നിരോധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."