2019ലെ ശമ്പള പരിഷ്‌കരണം നടപ്പായില്ല എയ്ഡഡ് കോളജുകളിലെ പാര്‍ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ഉള്ളതും നഷ്ടമായി
ജാഫര്‍ കല്ലട
നിലമ്പൂര്‍: എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണത്തില്‍ നടപ്പാക്കിയ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും ഉത്സവബത്ത ഉള്‍പ്പെടെ അലവന്‍സും നല്‍കുന്നുണ്ടെങ്കിലും പരിഷ്‌കരണത്തോടെ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്യുന്ന പാര്‍ട് ടൈം ലക്ചറര്‍മാര്‍ക്കു കിട്ടിയിരുന്ന ശമ്പളവും കുറഞ്ഞു.
ഇവര്‍ക്ക് ഫലത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ കിട്ടിയിരുന്ന ശമ്പളത്തേക്കാള്‍ തുക വെട്ടിക്കുറച്ചാണ് ഇപ്പോള്‍ നല്‍കുന്നത്.
പരിഷ്‌കരണമനുസരിച്ച് 26,500 രൂപ അടിസ്ഥാനശമ്പളവും നിലവിലെ ഏഴു ശതമാനം ക്ഷാമബത്തയുമാണ് ഇവര്‍ക്കു നല്‍കേണ്ടത്. മൊത്തം 28,355 രൂപയാണ് ലഭിക്കേണ്ടത്. 2021 മാര്‍ച്ച് മുതല്‍ ഇവ നല്‍കാനാണ് ഉത്തരവിലുണ്ടായിരുന്നത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. പാര്‍ട്‌ടൈം ലക്ചറര്‍മാര്‍ 19,000 രൂപ അടിസ്ഥാന ശമ്പളവും 20 ശതമാനം ക്ഷാമബത്തയുമടക്കം 22,800 രൂപയാണ് 2021 ഫെബ്രുവരി വരെ വാങ്ങിക്കൊണ്ടിരുന്നത്.
മാര്‍ച്ച് മുതല്‍ മൊത്തം ശമ്പളം 28,355 കിട്ടണമെന്നിരിക്കെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ ഇവര്‍ക്ക് അടിസ്ഥാന ശമ്പളം പഴയതും പുതിയ ഏഴു ശതമാനം ക്ഷാമബത്തയുമടക്കം 20,330 രൂപയാണ് ഇക്കഴിഞ്ഞ മാര്‍ച്ചിലും ജൂണിലും നല്‍കിയത്. പുതിയ ശമ്പളം കിട്ടിയില്ലെന്നു മാത്രമല്ല, കിട്ടിക്കൊണ്ടിരുന്നതില്‍നിന്ന് 2,470 രൂപ കുറയ്ക്കുകയും ചെയ്തു. ഇതിനു സാങ്കേതിക തടസ്സമെന്ന മറുപടിയാണ് സ്പാര്‍ക്കില്‍നിന്ന് ലഭിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഈ തടസ്സം നീക്കാന്‍ സ്പാര്‍ക്ക് അധികൃതര്‍ തയാറായിട്ടില്ല.
2014ലെ ശമ്പളപരിഷ്‌കരണത്തില്‍ അനുവദിച്ച അടിസ്ഥാന ശമ്പളമായ 19,000 രൂപയും പുതിയ ക്ഷാമബത്തയായ 1,330 രൂപയും ഉള്‍പ്പെടെയാണ് 20,330 രൂപ ഇവര്‍ക്കു കഴിഞ്ഞ ദിവസം ട്രഷറികളില്‍നിന്ന് പാസാക്കിയത്. മറ്റെല്ലാ ജീവനക്കാരും പരിഷ്‌കരിച്ച ശമ്പളമാണ് കൈപ്പറ്റുന്നത്.
ഇതിനു പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇവര്‍ക്ക് തടയപ്പെടുകയുമാണ്. മുന്‍വര്‍ഷങ്ങളില്‍ ഒഴിവാക്കിയിരുന്ന പല വിഭാഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിക്കുമ്പോഴും പാര്‍ട് ടൈം ലക്ചറര്‍മാരെ ഒഴിവാക്കുകയായിരുന്നു. വിവിധ കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഷയങ്ങളിലാണ് അധികവും പാര്‍ട് ടൈം ലക്ചറര്‍മാര്‍ സേവനമനുഷ്ഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."