എസ്.കെ.എസ്.എസ്.എഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് മികച്ച പ്രതികരണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (സി.ഡി.പി) മികച്ച പ്രതികരണം. യോഗ്യതയുണ്ടായിട്ടും ജോലിയില്ലാതെയിരിക്കുന്ന യുവജന വിഭാഗങ്ങളെ കേന്ദ്ര, സംസ്ഥാന സര്‍വിസിലെ സുപ്രധാന തസ്തികകളിലേക്ക് പ്രാപ്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ജാതി, മത ഭേദമന്യേ യോഗ്യതയുള്ളവര്‍ക്ക് യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, ആര്‍.ആര്‍.ബി, ആര്‍മി തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാനുള്ള മാര്‍ഗ നിര്‍ദേശം പദ്ധതിയുടെ ഭാഗമായി നല്‍കും.
സംഘടനയുടെ ശാഖാ കമ്മിറ്റികള്‍ക്ക് പുറമെ മഹല്ല് കമ്മിറ്റികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന വിദ്യാര്‍ഥി കൂട്ടായ്മകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ സി.ഡി.പിയുടെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാന തലത്തില്‍ ആര്‍.പിമാര്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവരുടെ സഹായത്തോടെയാണ് ഓരോ സെന്ററുകളും പ്രവര്‍ത്തിക്കുക.
നിലവില്‍ സര്‍വിസിലിരിക്കുന്നവരുടെ നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റുകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും സി.ഡി.പിയില്‍ സൗകര്യമുണ്ട്. മത്സര പരീക്ഷകള്‍ക്ക് പഠിക്കാന്‍ താല്‍പര്യമുള്ള 20 കുട്ടികളുള്ള ഏത് സ്ഥലത്തും സി.ഡി.പി സെന്റര്‍ തുടങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സെന്ററുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആറു മാസത്തെ പി.എസ്.സി പരീക്ഷാ പരിശീലനമാണ് ഓണ്‍ലൈനായി സെന്ററുകള്‍ മുഖേന നല്‍കുന്നത്. ഇതിനു ശേഷം ഘട്ടം ഘട്ടമായി മറ്റു മത്സര പരീക്ഷള്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ആരംഭിക്കാനാണ് പദ്ധതി.
സി.ഡി.പിയുടെ പഠനം എളുപ്പമാക്കുന്നതിനായി സ്വതന്ത്ര്യ മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ നേരിട്ട് ഉദ്യോഗാര്‍ഥിക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടെലഗ്രാം, വാട്‌സ്അപ്പ്, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയ വഴി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുസ്വകാര്യ മേഖലയിലേയും തൊഴിലവസരങ്ങളും സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ലൈവായി ലഭ്യമാക്കുന്ന പദ്ധതിയും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."