സത്യഭാമ ബിജെപി അംഗം; പാര്‍ട്ടി ഡിലീറ്റ് ചെയ്ത പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
തിരുവനന്തപുരം: നൃത്താധ്യാപകനും നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന പോസ്റ്റാണ് ബി.ജെ.പി ഡിലീറ്റ് ചെയ്തത്. സത്യഭാമക്കെതിരെ കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നതോടെയാണ് പോസ്റ്റ് ബി.ജെ.പി പിന്‍വലിച്ചത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഒ.രാജഗോപാല്‍, എം.ടി രമേശ് തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇതിന്റെ ഫോട്ടയും കുറിപ്പും 'ബി.ജെ.പി കേരളം' എന്ന സോഷ്യല്‍മീഡിയ പേജില്‍ 2019 ജൂലൈ ആറിന് പങ്കുവെക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മുക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്.
അതേസമയം, അധിക്ഷേപ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."