കോടിയേരി അന്തരിച്ചു
കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നു മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 29നാണ് തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത്. നേരത്തെ അമേരിക്കയില്‍ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചായിരുന്നു ചികിത്സ. ഇന്ന് വൈകീട്ടോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോടിയേരിയെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുള്‍പടെയുള്ളവര്‍ ഇന്ന് വൈകീട്ട് ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു.
കേരളത്തിലെത്തിക്കുന്ന മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത്.തലശേരി കോടിയേരിയിലെ അധ്യാപകനായ മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നായിരുന്നു ജനനം.2006 മുതല്‍ 2011 വരെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയും പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സി.പി.എം 21ാം സംസ്ഥാന സമ്മേളനത്തിലാണു കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2020 നവംബര്‍ 13നു സ്ഥാനമൊഴിഞ്ഞു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണു കഴിഞ്ഞ മാര്‍ച്ച് നാലിനു വീണ്ടും സംസ്ഥാന സെക്രട്ടറിയായത്. ചികിത്സാര്‍ഥം ഓഗസ്റ്റ് 28നു വീണ്ടും സ്ഥാനമൊഴിഞ്ഞു.
കോടിയേരി ഓണിയന്‍ ഗവ. ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐയുടെ മുന്‍രൂപമായ കെ.എസ്.എഫിന്റെ യൂനിറ്റ് സെക്രട്ടറിയായാണു പൊതുരംഗത്തെത്തിയത്. 1970ല്‍ സി.പി.എം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് വിദ്യാര്‍ഥിയായിരിക്കെ കോളജ് യൂനിയന്‍ ചെയര്‍മാനായി. പിന്നീട് എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും അഖിലേന്ത്യാ പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1980 മുതല്‍ 1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിലാണു സി.പി.എം സംസ്ഥാനകമ്മിറ്റിയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടത്. 1990 മുതല്‍ 1995 വരെയുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.
മുന്‍ തലശേരി എം.എല്‍.എ പരേതനായ എം.വി രാജഗോപാലന്റെ മകളും തിരുവനന്തപുരം റിപ്പോഗ്രാഫിക് സെന്റര്‍ മുന്‍ ഉദ്യോഗസ്ഥയുമായ എസ്.ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ് കോടിയേരി, നടന്‍ ബിനീഷ് കോടിയേരി. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."