റിയല്‍ എസ്റ്റേറ്റ് കച്ചവട തട്ടിപ്പ്: നീതി ലഭിക്കണമെന്ന് തട്ടിപ്പിനിരയായവര്‍
കാസര്‍കോട്: ആലംപാടി ബാഫഖി നഗറില്‍ സ്ഥലവും വീടും കാണിച്ച് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി കബളപ്പിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏഴ് സെന്റ് സ്ഥലവും വീടും 28 ലക്ഷം രൂപ വില നിശ്ചയിച്ച് കൂഡ് ലു ആര്‍.ഡി നഗറില്‍ താമസക്കാരനും മീപ്പുഗിരിയിലെ ജിയാ സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണറുമായ പി.സി.നൗഷാദ് എന്നയാളില്‍ നിന്ന് വിലക്ക് വാങ്ങുകയും ഇദ്ദേഹത്തിന്റെ പാര്‍ട്ണര്‍ ചുരിയിലെ സത്താര്‍ മുഖേന രണ്ട് തവണകളായി 20 ലക്ഷം രുപ നല്‍കുകയും ചെയ്തതായി പടിഞ്ഞാറെമൂല ബാഫഖി നഗറിലെ ബീഫാത്തിമ പറഞ്ഞു.
ബാക്കിയുള്ള എട്ട് ലക്ഷം രൂപയ്ക്ക് എട്ട് മാസത്തെ കാലാവധി നല്‍കുകയും 2020 ഒക്ടോബറില്‍ വീട് താമസത്തിന് വിട്ട് തരികയും ബാക്കിയുള്ള തുക നല്‍കുമ്പോള്‍ സ്ഥലത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്ത് തരുമെന്നും മീപ്പുഗിരിയിലെ ജിയാ സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണര്‍ കൂടിയായ പി.സി നൗഷാദ്, സത്താര്‍ എന്നിവര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു.
മുന്‍കൂറായി നല്‍കിയ തുകയ്ക്ക് എഗ്രിമെന്റ് ആവശ്യപ്പെട്ടപ്പോള്‍ കൊവി ഡ് ലോക്ക് ഡൗണ്‍ കാരണം മുദ്ര പേപ്പര്‍ ലഭിക്കുന്നില്ലെന്നും താമസിക്കാന്‍ വീട് വിട്ട് തന്ന അവസ്ഥയില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും പി.സി നൗഷാദും, സത്താറും ഉറപ്പ് നല്‍കിയിരുന്നുവെന്നും വീടിന്റെ അടുക്കള ക്യാബിനും ഇന്റര്‍ലോക്ക് ചെയ്യുന്നതിനും ഒരു ലക്ഷം രൂപ ചിലവഴിച്ചതായും നൗഷാദിന് കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്ന തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കഴിച്ച് തന്നാല്‍ മതിയെന്നും നൗഷാദും സത്താറും പറഞ്ഞിരുന്നു. എന്നാല്‍ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സമയം അടുത്തതോടെ എന്നെയും ഗര്‍ഭിണിയായ മകളെയും അവരുടെ നാല് വയസായ കുട്ടിയെയും നൗഷാദും സംഘവും വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തു. ഗര്‍ഭിണിയായ മകള്‍ വൈദ്യുതി ഇല്ലാതെ വീട്ടില്‍ കഴിയുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് മാനസിക പിരിമുറുക്കത്തില്‍ മകളുടെ ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു. ഭീഷണി കാരണം ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ പ്രയാസം നേരിടുന്നതായും ബീഫാത്തിമ പറഞ്ഞു.
നൗഷാദിന്റെ തട്ടിപ്പിനിരയായ മേല്‍പറമ്പ് സ്വദേശി നസീറും പത്ര സമ്മേളനത്തില്‍ താന്‍ തട്ടിപ്പിന് ഇരയായ അനുഭവങ്ങള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മൊയ്തു ഉളിയത്തടുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."