കിസാന്‍ സമ്മാന്‍ നിധി 42 ലക്ഷം പേര്‍ അനര്‍ഹമായി കൈപ്പറ്റി; തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി 42 ലക്ഷം പേര്‍ അനര്‍ഹമായി കൈപ്പറ്റി. ഇതു തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷാവര്‍ഷം മൂന്നുതുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ആദായ നികുതി അടയ്ക്കുന്നവരായിരിക്കരുത് എന്നതുള്‍പ്പടെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ്, അര്‍ഹരെ കണ്ടെത്തുന്നത്. എന്നാല്‍ നിലവില്‍ പദ്ധതി പ്രകാരം പണം ലഭിക്കുന്നവരില്‍ 42 ലക്ഷത്തോളം കര്‍ഷകര്‍ അര്‍ഹതയില്ലാത്തവരാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. 42.16 ലക്ഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ അസമില്‍ നിന്നുളളവരാണ്. 8.35 ലക്ഷം പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 7.22 ലക്ഷം, പഞ്ചാബില്‍ നിന്ന് 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ നിന്ന് 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 2.65 ലക്ഷം, ഗുജറാത്തില്‍ നിന്ന് 2.36 ലക്ഷം കര്‍ഷകരും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."