പിണറായി ' വഴി ' കോടിയേരി
സ്വന്തം ലേഖകൻ
കണ്ണൂർ • തലശേരി കോടിയേരിയിലെ ഓണിയൻ സ്കൂളിൽ കെ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തതു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ. അന്നു തൊട്ട് എന്നും പിണറായിയുടെ നിഴലും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു കോടിയേരി.
തലശേരിക്കു സമീപത്തെ രണ്ടു പ്രദേശങ്ങളായ കോടിയേരിയും പിണറായിയും തമ്മിലുള്ള അകലം പോലും അവർ തമ്മിലുള്ളതായി തോന്നിയിട്ടില്ല. തലശേരിയിൽ നിന്നുള്ള രണ്ടു പ്രമുഖ നേതാക്കൾ. സി.പി.എമ്മിൽ ആദ്യ തലമുറയ്ക്കു ശേഷമുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖങ്ങൾ. ഇതിൽ പിണറായി വിജയൻ കാർക്കശ്യക്കാരന്റെ വേഷമണിഞ്ഞപ്പോൾ സൗമ്യതയുടെയും അനുരഞ്ജനത്തിന്റെയും റോളിലായിരുന്നു എന്നും കോടിയേരി.
സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയായാലും പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമായാലുമെല്ലാം കോടിയേരിക്ക് ലഭിച്ചത് പിണറായി വിജയനു തൊട്ടുപിന്നിലായാണ്.
1990 മുതൽ 95 വരെ കോടിയേരി സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. അതിനുമുമ്പ് പിണറായി വിജയനായിരുന്നു കണ്ണൂരിലെ പാർട്ടിയുടെ സാരഥി. സംസ്ഥാന സെക്രട്ടറി സ്ഥാനവും കോടിയേരിക്കു വന്നുചേർന്നതു പിണറായി ഒഴിഞ്ഞപ്പോഴായിരുന്നു. എപ്പോഴും പിണറായി വിജയനോടു ചേർന്നു നിന്നായിരുന്നു പാർട്ടിയിൽ കോടിയേരി ബാലകൃഷ്ണന്റ സഞ്ചാരം.
പാലക്കാട് വി.എസ് അച്യുതാനന്ദന്റെ പോരാളിയായി പിണറായി വിജയൻ നിലകൊണ്ടപ്പോൾ കോടിയേരി കൂടെനിന്നു. പിന്നീടു 2005ൽ മലപ്പുറം സമ്മേളനത്തിന്റെ സമയത്ത് അധികാരത്തർക്കം വി.എസും പിണറായിയുമായപ്പോൾ, പാർട്ടിയുടെ ഔദ്യോഗിക പക്ഷത്തായിരുന്നു കോടിയേരി. അനുരഞ്ജനമാണു കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയം. അതു സംഘടനയിലെ ഉൾപ്പാർട്ടി ചർച്ചകളിലാണെങ്കിലും 'വർഗശത്രു'ക്കളോടായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."