ഫ്രീസ്റ്റൈൽ ഷംലാൻ
അഖിൽ മോഹനൻ
മനസിൽ നിയ്യത്തുവച്ച് പന്തുകൊണ്ടൊരു നേർച്ച, നാലുവർഷത്തെ നൈരന്തര്യമുള്ള കഠിന പകർച്ചയ്ക്കൊടുവിൽ പലതെന്തുകൊണ്ടുമൊരു തീർച്ച. പിന്നെയൊരു ചോദ്യം, ഏതുണ്ടെടാ കാൽപന്തല്ലാതെ, ഊറ്റം കൊള്ളാൻ വല്ലാതെ... താമരശ്ശേരി കൂടത്തായി സ്വദേശി ഷംലാൻ അബ്ദുസ്സമദിന്റെ ഫ്രീസ്റ്റൈൽ ഫുട്ബോൾ കണ്ടാൽ കണ്ണൊന്നുതള്ളും. ശരീരം മുഴുവൻ പന്തുരുട്ടി കാലുകൊണ്ട് അമ്മാനമാടി കാണികളെ മുൾമുനയിൽ നിർത്തുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഷംലാൻ പരിശ്രമിച്ചത് നാലുവർഷം.
തീവ്രമായ അഭിലാഷം, തുകൽപന്തിന് ശരീരം വഴങ്ങണമെന്ന അതീവ ആഗ്രഹം. ക്ഷമയുടെയും അഭിലാഷത്തിന്റെയുമിടയിലെ പല ദിവസങ്ങളിലൊന്നിൽ, കണ്ട സ്വപ്നങ്ങൾക്ക് നിറംചാർത്തി. കറാം ഹൊമൈദാനിയെന്ന കുവൈത്ത് താരത്തെ അന്നേരം മനസിലേക്കാവാഹിച്ചു. ആ ഒരൊറ്റനിമിഷം ആ പന്ത് ശരീരത്തിലൊഴുകി, നൃത്തംവച്ചു. ചുവടുകളിൽ താളപ്പിഴകളില്ലാതെ അവൻ അൽപനേരംകൂടി പന്ത് ശരീരത്തിൽ തടഞ്ഞുനിർത്തി. കാലും കൈയും മെയ്യും ഒരുപോലെ പന്തിനെ സ്നേഹിച്ചു തുടങ്ങി.
ഫുട്ബോളിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാൽ ഷംലാൻ അബ്ദുസ്സമദിന് പറയാനുള്ളത് മെസ്സിയെയും ക്രിസ്റ്റ്യാനോയെയുമൊന്നുമല്ല. മറിച്ച് കുവൈത്ത് പ്രൊഫഷനൽ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം കറാം ഹൊമൈദാനിയുടെ പേരാണ്. നാലുവർഷം മുമ്പാണ് പ്ലസ് ടു പഠനകാലത്ത് കുവൈത്തിൽ എവർട്ടൺ അക്കാദമിയിൽ പരിശീലനത്തിനു പോയ സമയത്ത് കുവൈത്ത് ദേശീയ ഫ്രീസ്റ്റൈൽ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അഞ്ചുതവണ കിരീടം നേടിയ കറാം ഹൊമൈദാനിയെ പരിചയപ്പെടുന്നത്. ശേഷം ഫ്രീസ്റ്റൈൽ ഫുട്ബോളിന്റെ സാധ്യതയും രസകരമായ ചുവടുകളെക്കുറിച്ചും കറാം കൂടുതൽ അറിവുപകർന്നു. അദ്ദേഹം നൽകിയ പ്രചോദനം ഫ്രീസ്റ്റൈൽ ഫുട്ബോളിൽ സ്വപ്നങ്ങളുടെ വിത്തുപാകി.
കറാം കാണിച്ച വഴികളിലൂടെ പിന്നെ ഷംലാൻ ഒറ്റയ്ക്കു സഞ്ചരിച്ചു. കുവൈത്തിൽനിന്ന് മാതാപിതാക്കളായ അബ്ദുസ്സമദിന്റെയും റംലയുടെയും മൗനസമ്മതത്തോടെ ഒറ്റയ്ക്കാണ് പരിശീലനം ആരംഭിക്കുന്നത്.
അധികം കാത്തുനിൽക്കാതെ പ്ലസ്ടു പഠനശേഷം കുവൈത്തിൽനിന്ന് കേരളത്തിലേക്ക് ചേക്കേറിയതോടെ ഫ്രീസ്റ്റൈൽ ഫുട്ബോളിൽ കൂടുതൽ ശ്രദ്ധകൊടുത്തു. ഏവിയേഷൻ പഠനത്തിനാണ് കേരളത്തിലേക്കെത്തിയെങ്കിലും ശ്രദ്ധ മുഴുവൻ ഫ്രീസ്റ്റൈൽ ഫുട്ബോളിലായി. ഭൂരിഭാഗം ട്രിക്കുകളും ഷംലാൻ സ്വയം കണ്ടെത്തി, പരിശീലിച്ചു. ആദ്യഘട്ടത്തിൽ രണ്ട് മണിക്കൂർ വരെ നടത്തിയ പരിശീലനം പിന്നീട് ദിവസം അഞ്ചുമണിക്കൂർ വരെ നീണ്ടു.
ഫ്രീസ്റ്റൈൽ ഫുട്ബോളിൽ ഇന്ത്യയിൽ അധികമാരും കാൽവയ്ക്കാത്ത ആക്രോബാറ്റ് പരിശീലിക്കുന്നതിൽ ഷംലാൻ കൂടുതൽ ശ്രദ്ധിച്ചു. താമസിയാതെ ഫുട്ബോൾ ഷംലാന്റെ ശരീരത്തിലുടനീളം ഉരുണ്ടുതുടങ്ങി.
സെലിബ്രിറ്റി സ്റ്റാർ
ഫ്രീസ്റ്റൈൽ ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെയാണ് തന്റെ പ്രകടനം മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന് ഷംലാന് തോന്നുന്നത്. കൂടുതൽ പേർ മേഖലയിലേക്ക് കടന്നുവരണമെന്ന ആഗ്രഹമാണ് ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പരിശീലന വിഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ആദ്യം കുറച്ചു വിഡിയോകൾ അപ്ലോഡ് ചെയ്തു. അതിനു കിട്ടിയ സപ്പോർട്ട് ഷംലാനെ കൂടുതൽ വ്യത്യസ്തമായ കണ്ടന്റുകളിടാൻ പ്രേരിപ്പിച്ചു. കൂടുതൽ മികച്ച കണ്ടന്റുകൾ ഉൾപ്പെടുത്തിയതോടെ പരസ്യ കമ്പനികളും അവസരവുമായെത്തി. വാൽകാരൂ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ പരസ്യങ്ങളിൽ ഷംലാൻ ഫ്രീസ്റ്റൈൽ അവതരിപ്പിച്ചു. വൈകാതെ കൂടുതൽ പേർ പ്രൊമോഷനും പരസ്യങ്ങൾക്കുമായി സമീപിച്ചുതുടങ്ങി.
കേരളത്തിൽ വന്ന സമയത്ത് വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നിരവധി പേരാണ് ഫ്രീസ്റ്റൈൽ ഫുട്ബോൾ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് ഷംലാൻ പറയുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."