കുതിക്കട്ടെ ടോക്കിയോ
ടോക്കിയോ: ലോകത്ത് നിലനില്‍ക്കുന്ന കൊവിഡ് മഹാമാരിയെ നേരിടാന്‍ യൂറോ കപ്പിലൂടെയും കോപാ അമേരിക്കയിലൂടെയും ആസ്വാദനത്തിന്റെ വാക്‌സിന്‍ സ്വീകരിച്ച ലോക കായിക പ്രേമികളെ വീണ്ടും ഉന്‍മാദലഹരിയിലാക്കാന്‍ വിശ്വമാമാങ്കമെത്തി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്ത് ഒളിംപിക്‌സിന് ഔദ്യോഗിക തുടക്കം കുറിക്കും.
ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് കൊടിയേറുന്നതോടെ ടോക്കിയോ ഒളിംപിക്‌സ് ലോകത്ത് ജ്വലിച്ചു നില്‍ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യു.എസ് പ്രഥമ വനിത ജില്‍ ബിഡന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് ടോക്കിയോ ഒളിംപിക്‌സ് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനമുള്ളത്.
ആതിഥേയരായ ജപ്പാനും ആസ്‌ത്രേലിയയും തമ്മിലുള്ള സോഫ്റ്റ്‌ബോള്‍ മത്സരത്തോടെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി. വനിതകളുടെ ഫുട്‌ബോളില്‍ ലോകചാംപ്യന്മാരായ അമേരിക്കയെ 3-0ന് സ്വീഡന്‍ അട്ടിമറിക്കുന്നതിനും ടോക്കിയോ സാക്ഷിയായി.
വൈകിയെത്തിയ
മാമാങ്കം
കഴിഞ്ഞ വര്‍ഷം ജൂലായ് 24ന് തുടങ്ങേണ്ടിയിരുന്ന ഒളിംപിക്‌സ്, കൊവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. ഈ വര്‍ഷം പുതുമോഡിയോടെ എത്തിയെങ്കിലും കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. അതീവ സുരക്ഷയോടെ ഒളിംപിക്‌സ് നടത്താന്‍ ഉദ്ദേശിച്ചെങ്കിലും ഒളിംപിക്‌സ് വില്ലേജിലടക്കം രോഗം പിടിപെട്ടത് സംഘാടകരെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതീക്ഷയോടെ ഇന്ത്യ
ഇത്തവണ ജംപോ സംഘത്തെയാണ് ഇന്ത്യ ടോക്കിയോയിലേക്ക് അയച്ചത്. രാജ്യത്ത് നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഒമ്പതു മലയാളികള്‍ ഇന്ത്യയെ പ്രതിനീധികരിക്കും. റെക്കോര്‍ഡ് മെഡല്‍നേട്ടമാണ് ലക്ഷ്യം. 2016ലെ റിയോ ഒളിംപിക്‌സില്‍ രണ്ട് മെഡലാണ് ഇന്ത്യ നേടിയത്. അന്ന് ബാഡ്മിന്റണില്‍ പി.വി സിന്ധു വെള്ളി സമ്മാനിച്ചപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലവും നേടി. എന്നാല്‍ ഇത്തവണ പതകത്തിന്റെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. ബോക്‌സിങ്ങില്‍ മേരി കോം, അമിത് പംഗല്‍, ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, അമ്പെയ്ത്തില്‍ ദീപിക കുമാരി, ഷൂട്ടിങ്ങില്‍ സൗരഭ് ചൗധരി, മനു ഭാക്കര്‍, ഭാരോദ്വഹനത്തില്‍ മിരാബായ് ചാനു തുടങ്ങിയവര്‍ സാധ്യതയിലുണ്ട്. ഹോക്കി ടീമുകളും പ്രതീക്ഷയിലാണ്.
ഉദ്ഘാടനത്തിന്
20 ഇന്ത്യന്‍ അത്‌ലറ്റുകള്‍
കൊവിഡ് ഭീഷണിയുള്ളതിനാല്‍ ഉദ്ഘാടനത്തിലെ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു. ഇതോടെ 20 താരങ്ങള്‍ ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ അണിനിരക്കും. ഇതോടൊപ്പം ആറ് ഒഫിഷ്യല്‍സും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. ബോക്‌സിങ് ഇതിഹാസം മേരി കോമും ഹോക്കി പുരുഷ ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും മാര്‍ച്ച് പാസ്റ്റില്‍ ദേശീയ പതാകയേന്തും. ടേബിള്‍ ടെന്നീസ്, തുഴച്ചില്‍, ബോക്‌സിങ് എന്നീ സംഘത്തിനൊപ്പം നീന്തല്‍ താരം സാജന്‍ പ്രകാശും ജിംനാസ്റ്റിക് താരം പ്രണാതി നായകും ഒപ്പമുണ്ടാവും. അടുത്ത ദിവസം മത്സരമുള്ളതിനാലാണ് മറ്റുള്ള താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അത്‌ലറ്റുകളോട് സമ്മതപത്രം നല്‍കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 20 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയതെന്ന് ഐ.ഒ.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."