ബാബരി പൊളിച്ചതിന് പ്രായശ്ചിത്തമായി 91 പള്ളികള്‍ നിര്‍മിച്ച മുഹമ്മദ് ആമിര്‍ വിടവാങ്ങി
ഹൈദരാബാദ്: ബാബരി മസ്ജിദ് പൊളിക്കുന്നതില്‍ കര്‍സേവകനായി പങ്കെടുക്കുകയും പിന്നീട് മനംമാറി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ബല്‍ബീര്‍ സിങ് എന്ന മുഹമ്മദ് ആമിര്‍ വിടവാങ്ങി.
ബാബരി പൊളിച്ചതിലെ പശ്ചാത്താപം കാരണം രാജ്യത്തു വിവിധയിടങ്ങളിലായി 91 പള്ളികള്‍ നിര്‍മിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ ഹാഫിസ് ബാബ നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മറ്റൊരു പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇവിടെ വാടകയ്ക്കു കഴിഞ്ഞിരുന്നത്. വീട്ടില്‍നിന്നു അസ്വാഭാവിക ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലിസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍, മരണകാരണം വ്യക്തമല്ലെന്നു വ്യക്തമാക്കിയ പൊലിസ്, ബന്ധുക്കള്‍ പരാതി നല്‍കുകയാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി അന്വേഷണം നടത്താമെന്ന നിലപാടാണ് സീകരിച്ചത്. ബാബരി തകര്‍ത്തു തിരിച്ചെത്തിയ ബല്‍ബീറിന് ഹരിയാനയിലെ നാട്ടില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നെങ്കിലും മതേതര വിശ്വാസികളായ അദ്ദേഹത്തിന്റെ കുടുംബം എതിര്‍ത്തിരുന്നു. പിന്നീട് 1993ലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിരുന്നത്. ബാബരി തകര്‍ത്തതിന് പ്രായശ്ചിത്തമായി 100 പള്ളികള്‍ നിര്‍മിക്കുമെന്നായിരുന്നു അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്. 92ാമത്തെ പള്ളി നിര്‍മാണത്തിനായി ഒരുങ്ങവേയാണ് മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."