പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടര്‍മാരായ അജിത്ത്,നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.വൈ.എസ്.പി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജൂലൈ ആദ്യവാരമാണ് ഐശ്വര്യയും കുഞ്ഞും മരിക്കുന്നത്. ജൂലൈ രണ്ടിന് കുഞ്ഞ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അമ്മയും മരിച്ചു. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു. മാത്രമല്ല ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു ശേഷം കോങ്ങാട് സ്വദേശിനി കാര്‍ത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ തങ്കം ആശുപത്രിയില്‍വെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് അന്ന് നല്കിയ വിശദീകരണം. എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ ക്ലിനിക്കല്‍ എസ്റ്റാബിളിഷ്മെന്റ് ആക്റ്റ് പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജടക്കം നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."