മതേതരപരിണാമത്തിൻ്റെഭീതിദ കാഴ്ചകൾ
കാസിം ഇരിക്കൂർ
മുന്നറിയിപ്പിന്റെ സമയം കഴിഞ്ഞു. ചരിത്രത്തിന്റെ പുതിയൊരു ദശയിലാണ് നാമിപ്പോൾ' -45ാം യൂറോപ്യൻ എസ്സെ പ്രൈസ് സ്വീകരിച്ചുകൊണ്ട് എഴുത്തുകാരി അരുന്ധതി റോയി ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് സ്വിറ്റ്സർലൻഡിലെ ലൂസന്നയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ നിലവിലെ അവസ്ഥയെപ്പറ്റി പറഞ്ഞതാണിത്. കഴിഞ്ഞ ഒമ്പതര വർഷത്തെ നരേന്ദ്ര മോദിയുടെ വാഴ്ചയിൽ രാജ്യത്ത് സംഭവിച്ച ദുരന്തശൃംഖലകളെ വിലയിരുത്തി അരുന്ധതി ഇന്ത്യയുടെ 'അധോഗതിയുടെ'(ചിലർക്കത് 'പുരോഗതി'യാണ്) ആഴം വിവരിക്കുകയുണ്ടായി.
സ്വാതന്ത്ര്യത്തിന്റെ 76 വർഷം പിന്നിടുമ്പോഴേക്കും ഇന്ത്യ എന്ന മഹത്തായ ആശയം തകിടംമറിക്കപ്പെട്ടിരിക്കുന്നു. മതേതര ജനാധിപത്യ വ്യവസ്ഥയിൽനിന്ന് ഭൂരിപക്ഷാധീശത്വം ഉറപ്പിക്കുന്ന ഹിന്ദുത്വ ഫാസിസത്തിലേക്കുള്ള കുതിപ്പ് പ്രതിപക്ഷ പാർട്ടികൾക്കോ കോടതികൾക്കോ മാധ്യമങ്ങൾക്കോ ഒരുനിലക്കുംപ്രതിരോധിക്കാൻ സാധിക്കാത്തവിധം ആസൂത്രിതവും ദ്രുതഗതിയിലുമാണ്.
ഇതിനെതിരേ പ്രതിരോധം അനിവാര്യമാണ് എന്ന ചിന്തക്കുപോലും ഇടം നൽകാത്തവിധം രാജ്യത്തിന്റെ മനോഘടനയിൽ വന്ന മാറ്റം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും അടിത്തറ തകർത്തുകൊണ്ടിരിക്കുന്ന സംഭവ പരമ്പരയുടെ ഒടുവിലത്തെ എപ്പിസോഡായി വേണം പുതിയ പാർലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റത്തിന് സെപ്റ്റംബർ 19, ഗണേശ ചതുർഥിദിനം തെരഞ്ഞെടുത്തതിനെ വിലയിരുത്താൻ. ജനാധിപത്യ-മതേതര സങ്കൽപത്തിൽ
ഗണേശ ചതുർഥിദിനത്തിന് എന്തു പവിത്രത?
1927 ജനവുരി 18ന് നിലവിലെ പാർലമെന്റ് കെട്ടിടം രൂപകൽപന ചെയ്ത സർ ഹെർബെർട്ട് ബേക്കർ കൈമാറിയ സ്വർണത്താക്കോൽ ഉപയോഗിച്ച് തുറന്നാണ് അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു ഉദ്ഘാടന കർമം നിർവഹിച്ചത്. ബ്രിട്ടിഷ് രാജകീയ ഉപചാരങ്ങൾക്കോ ക്രൈസ്തവ ആചാരങ്ങൾക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ മേയ് 22ന് പാർലന്റെിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സ്വർണത്തിൽ തീർത്ത ചെങ്കോലുമായി തമിഴ്‌നാട്ടിൽനിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ 21 ശൈവ സന്ന്യാസിമാരെ സ്വീകരിക്കുകയും പ്രധാനമന്ത്രി ചെങ്കോലും പിടിച്ച് നടത്തിയ പ്രദക്ഷിണവും പൂജയുമെല്ലാം ലോകത്തെ അമ്പരപ്പിച്ചു. ഹൈന്ദവ പുരോഹിതന്മാർക്കും ചെങ്കോലിനും ജനായത്ത വ്യവസ്ഥയിൽ എന്തു പ്രസക്തി എന്ന് പരസ്പരം ചോദിച്ചു.
തീർത്തും മതേതരമാവേണ്ട രാഷ്ട്രീയ ചടങ്ങിനെ മതവത്കരിച്ചതിനെക്കുറിച്ച് കൂടുതൽ മിണ്ടാതിരുന്ന പ്രതിപക്ഷ മതേതര പാർട്ടികൾ, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞ് ചടങ്ങ് ബഹിഷ്‌കരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. മുമ്പ്, ബാബരിപ്പള്ളി നിലനിന്ന സ്ഥലം കോടതിവിധിയുടെ മറവിൽ കൈക്കലാക്കി അവിടെ രാമക്ഷേത്രത്തിന് മണിക്കൂറുകൾ നീണ്ട പൂജാദികർമങ്ങളോടെ പ്രധാനമന്ത്രിതന്നെ ശിലാന്യാസം നടത്തിയപ്പോൾ അതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്യുന്നതിന് പകരം തങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന പരിഭവം പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറക്കുകയായിരുന്നില്ലേ പ്രതിപക്ഷം ചെയ്തത്?
ഋതുപ്പകർച്ചയുടെ ഈ ദുരന്തനാളുകളിൽ കെട്ടഴിഞ്ഞുവീഴുന്ന സംഭവവികാസങ്ങളുടെ പൊരുളെന്താണെന്ന് അതുൾക്കൊള്ളുന്ന ഗൗരവത്തോടെ മനസ്സിലാക്കാൻ നാം പ്രതീക്ഷയർപ്പിച്ച മതേതര ചേരിക്കുപോലും സാധിക്കുന്നില്ല എന്നിടത്താണ് ഈ പ്രതിസന്ധിയുടെ മർമം കിടക്കുന്നത്. ഒരുകാര്യമോർക്കുക!
ഫാസിസവും നാസിസവും വളർന്ന് പന്തലിച്ച് മനുഷ്യരാശിക്കു നേരെ വെല്ലുവിളി ഉയർത്തിയത് അതിന്റെ പ്രത്യയശാസ്ത്രപരമായ കെട്ടുറപ്പ് കൊണ്ടോ സൈനിക ബലം കൊണ്ടോ ആക്രമണോത്സുക വീര്യം കൊണ്ടോ ആയിരുന്നില്ല. ചെറുത്തുതോൽപ്പിക്കേണ്ടവരുടെ ശേഷിക്കുറവും ത്രാണിയില്ലായ്മയും ഉദാസീനതയുമാണ് ആസുരശക്തികൾക്ക് വിജയം വരിക്കാനുള്ള വഴി തുറന്നുകൊടുക്കുന്നത്.
കോർപറേറ്റ് ശക്തികളുടെ പിൻബലത്തോടെ, മാധ്യമങ്ങളെ കൂട്ടുപിടിച്ച് നരേന്ദ്രമോദി നടപ്പാക്കുന്ന ആർ.എസ്.എസ് അജൻഡകളുടെ ആകത്തുക, മതേതരത്വത്തിന്റെ അടിത്തറ തകർത്ത് ജനാധിപത്യത്തിനുപകരം സവർക്കറും ഗോൾവാൾക്കറും വിഭാവന ചെയ്ത ഹിന്ദുത്വത്തിന്റെ സ്വേച്ഛാവാഴ്ചയാണെന്ന പരമാർഥത്തെ കാണാനും അതിനെ ചെറുക്കാനും എന്തുകൊണ്ട് പ്രതിപക്ഷത്തിന് സാധിക്കുന്നില്ല?
സെക്കുലറിസത്തെ
വെറുക്കുന്നവർ
സെക്കുലറിസം എന്നത് തീവ്രവലതുപക്ഷം അങ്ങേയറ്റം വെറുക്കുന്ന പദമാവുന്നത് സമീപകാലത്താണെന്ന ധാരണ ചിലർ പുലർത്തുന്നുണ്ട്. മതേതര ആശയം ഉൾക്കൊള്ളാൻ തുടക്കം മുതൽ സംഘ്പരിവാർ തയാറാവാതിരുന്നത് ഭൂരിപക്ഷേതര മതവിഭാഗങ്ങൾക്ക് തുല്യപരിഗണന നൽകേണ്ടിവരുന്ന അവസ്ഥ അംഗീകരിക്കാൻ സന്നദ്ധമല്ലാത്തതുകൊണ്ടാണ്.
എന്താണ് മതേതരത്വമെന്ന് ഭരണഘടന എവിടെയും നിർവചിക്കുന്നില്ല. കോടതിവിധികളും നിയമജ്ഞരുടെ വ്യാഖ്യാനങ്ങളുമാണ് ഈ വിഷയത്തിൽ വ്യക്തത നൽകുന്നത്. പാർലമെന്റിന് നിയമഭേദഗതിയിലൂടെ എടുത്തുമാറ്റാൻ പറ്റുന്നതല്ല സെക്കുലർ വ്യവസ്ഥയെന്ന് പരമോന്നത നീതിപീഠം തീർപ്പാക്കിയിട്ടുണ്ട്. കേശവാനന്ദഭാരതി കേസിന്റെ വിധിയിൽ ജനാധിപത്യം പോലെ മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്നും പാർലമെൻ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അവ മാറ്റിമറിക്കാൻ സാധ്യമല്ലെന്നും വിധിച്ചത് 'മോദി യുഗത്തിൽ' പ്രത്യേകം ഓർമിക്കപ്പെടേണ്ടതാണ്.
മതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കുന്ന സംവിധാനത്തെയാണ് സെക്കുലർകൊണ്ട് പൊതുവെ വിവക്ഷിക്കുന്നതെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രം മതവിരുദ്ധമോ മതനിരാസമോ അല്ല. എല്ലാ മതങ്ങളെയും അത് അംഗീകരിക്കുന്നു. എന്നാൽ ഒരു മതത്തോടും പ്രത്യേകം മമതയോ വിരോധമോ വെച്ചുപുലർന്നില്ല എന്നതാണ് അംഗീകൃത വീക്ഷണഗതി.
സംഘ്പരിവാറും മതേതര പാർട്ടികളും തത്ത്വത്തിലും പ്രയോഗത്തിലും ഏറ്റുമുട്ടുന്നത് ഇവിടെയാണ്.സ്വാതന്ത്ര്യത്തിന് തൊട്ടുപിറകെ ഗുജറാത്തിലെ പുനരുദ്ധരിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെ ക്ഷണിച്ചപ്പോൾ പ്രസിഡൻ്റ് അങ്ങോട്ട് പോകാതിരിക്കലാണ് അഭികാമ്യമെന്നും ക്ഷേത്രദർശനം മറ്റൊരു സമയത്താവാമെന്നും നെഹ്‌റു ഉപദേശിക്കുകയുണ്ടായി.
പ്രഥമ പൗരൻ ഒരു മതചടങ്ങിന് നേതൃത്വം കൊടുക്കുന്നതിലെ അനൗചിത്യമാണ് നെഹ്‌റുവിനെ ഇതിനു പ്രേരിപ്പിച്ചത്. ഭരണകർത്താക്കൾ ഏതെങ്കിലും മതവിഭാഗത്തിന്റെ വക്താവായി ചമയുന്നത് മതനിരപേക്ഷ സങ്കൽപത്തിന് കോട്ടം തട്ടിക്കുമെന്ന് രാഷ്ട്രശിൽപികളിൽ ഭൂരിഭാഗവും വിശ്വസിച്ചിരുന്നു. അതേസമയം എത്രയോ മതഭക്തരും മതാന്ധത പിടിപെട്ടവരും കോൺഗ്രസിൽ അക്കാലത്തും ഉണ്ടായിരുന്നതായി 'ഇന്ത്യ ഏസ് എ സെക്കുലർ സ്‌റ്റേറ്റ്' എന്ന പുസ്തകത്തിൽ ഡോണാൾഡ് സ്മിത്ത് പറയുന്നുണ്ട്.
ഹിന്ദുത്വയുടെ അഥവാ ഹിന്ദുരാഷ്ട്രവാദത്തിന്റെ കാതൽ ഭൂരിപക്ഷത്തിന്റെ അധീശത്വം ഊട്ടിയുറപ്പിക്കലും പൗരസമത്വത്തെ നിരാകരിക്കലുമാണ്. മതേതര വ്യവസ്ഥിതിയുടെ ഉന്മൂലനമാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. വി.ഡി സവർക്കറുടെ അധ്യാപനങ്ങൾ മുഴുവൻ ഈ ലക്ഷ്യത്തിലൂന്നിയാണ്. അവിശ്വാസിയായ സവർക്കർ രാഷ്ട്രീയത്തിനായി മതത്തെ പരമാവധി ചൂഷണം ചെയ്ത ആദ്യ ഹിന്ദുനേതാവാണ്.
ഹൈന്ദവ ദേശീയവാദത്തിന്റെ വികാസപരിണാമങ്ങൾ വിവരിക്കുന്നിടത്ത് ജ്യോതിർമയ ശർമ ചൂണ്ടിക്കാട്ടിയത് പോലെ ഇന്ത്യയിലെ ആദ്യത്തെയും ഒറിജിനലുമായ മതതീവ്രവാദി സവർക്കറാണ്. ഗോൾവാൾക്കറുടെ വർഗീയ സിദ്ധാന്തങ്ങൾ ഇദ്ദേഹത്തിൽനിന്ന് കടമെടുത്തതാണ്. ആർ.എസ്.എസ് രൂപീകരണത്തിന് പിന്നിലെ പ്രചോദനവും സവർക്കറുടെ ന്യൂനപക്ഷവിരുദ്ധ, തീവ്രചിന്തകളാണ്. വംശശുദ്ധിയിലും ആര്യരക്തത്തിലും പാവനത കണ്ടെത്തിയ സവർക്കറെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമെല്ലാം ഗെറ്റോകളിൽ ജീവിച്ചുമരിക്കേണ്ട കീടങ്ങളോ പുഴുക്കളോ ആണ്.
മതേതര ഇന്ത്യയിൽ പൂർണ പൗരാവകാശമുള്ള ജനസഞ്ചയം എന്ന നിലയിൽ ന്യൂനപക്ഷ, ദലിത്, കമ്യൂണിസ്റ്റാദികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം തുടരാൻ പാടില്ല എന്ന ദുശ്ശാഠ്യമാണ് ഭരണഘടനയെ തന്നെ മാറ്റിമറിക്കാനും ഭാരതത്തിന്റെ കാലഹരണപ്പെട്ട ഉത്തരീയം എടുത്തണഞ്ഞ് പുതിയൊരു സ്വത്വം കണ്ടെത്താനും ഇവർ പദ്ധതി തയാറാക്കുന്നത്.
പേരും പതാകയുമൊക്കെ സാധാരണ മാറ്റത്തിന് വിധേയമാകുന്നത് വിപ്ലത്തിന്റെയോ വിമോചന പോരാട്ടങ്ങളുടെയോ പ്രത്യാഘാതമായാണ്. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.2014തൊട്ട് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ ഏകാധിപത്യത്തിന് പകലറുതി ഉണ്ടാവാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടേയുള്ളൂ.
2024ൽ 'ഇൻഡ്യ' മുന്നണി അധികാരത്തിലേറുമെന്ന പ്രതീക്ഷകൾ നാമ്പിടുന്ന ഈ നിർണായക ഘട്ടത്തിൽ ആർ.എസ്.എസിന്റെ വിഭാവനയിലുള്ള ഭാരതം എന്ന ഹിന്ദുരാഷ്ട്രം പിന്നാമ്പുറത്തൂടെ കൊണ്ടുവരാനുള്ള നിഗൂഢശ്രമങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള അപകടകരമായ നീക്കമാണ്. സിലോൺ ശ്രീലങ്കയിലേക്ക് മടങ്ങിയപ്പോഴും ബർമ മ്യാന്മറായി പുതിയ സ്വത്വം പുൽകിയപ്പോഴും കൂട്ടനരഹത്യക്കും വംശീയ വിച്ഛേദനത്തിനും അത് വഴിവെച്ചു എന്ന ചരിത്രപരമാർഥം മുന്നിൽവച്ചാവട്ടെ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പുതിയ പടപ്പുറപ്പാടിനെ മതേതര ചേരി സമീപിക്കുന്നത്.
Content Highlights:Horrifying visions of secular revolution
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."