സ്പിന്നിൽ കുരുക്കി
ന്യൂഡൽഹി • ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാർ തീർത്ത സ്പിൻ കെണിയിൽ വീണ് ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 100നുള്ളിൽ സന്ദർശകരെ ഒതുക്കിയ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു. ഇതോടെ പരമ്പര 2-1ന് കൈക്കലാക്കി. നേരത്തേ ഇരു ടീമും 1-1ന് സമനില പാലിച്ചിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് എല്ലാവരും പുറത്തായി. മറുപടിയിൽ ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്ത് ജയവും പരമ്പരയും റാഞ്ചിയെടുത്തു. ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായവരിൽ എട്ടു പേരെയും ഇന്ത്യൻ സ്പിന്നർമാരാണ് മടക്കിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമദ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് സിറാജിനാണ് അവശേഷിച്ച രണ്ട് വിക്കറ്റും. കുൽദീപ് യാദവാണ് മത്സരത്തിലെ താരം. സിറാജിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു. മൂന്ന് പേർ മാത്രം രണ്ടക്കം തികച്ച ദക്ഷിണാഫ്രിക്കൻ നിരയിൽ 42 പന്തിൽ 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ടോപ് സ്‌കോററായി. ജന്നിമാൻ മലാൻ (15), മാർക്കോ ജാൻസൻ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഇന്ത്യൻ നിരയിൽ ശുഭ്മാൻ ഗിൽ (57 പന്തിൽ 49) ഇത്തവണ തിളങ്ങി. ശിഖർ ധവാൻ (8), ഇഷാൻ കിഷൻ (10) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. സഞ്ജുവും (2) ശ്രേയസ് അയ്യരും (23 പന്തിൽ 28) പുറത്താവാതെ നിന്നു. തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ടീം സ്‌കോർ ഏഴിൽ നിൽക്കേ ഡി കോക്കിനെ നഷ്ടമായി. താരത്തെ വാഷിങ്ടൻ സുന്ദർ ആവേശ് ഖാന്റെ കൈകളിലെത്തിച്ചു.
പിന്നീട് സ്‌കോർ 25ലും 26ലും നിൽക്കേ ജന്നിമാൻ മെലാനെയും റിസ ഹെൻറിക്‌സിനെയും പുറത്താക്കി സിറാജ് ഇന്ത്യക്ക് വീണ്ടും വിക്കറ്റുകൾ സമ്മാനിച്ചു. തുടർന്ന് കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്ക വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."