ജര്‍മ്മനിയില്‍ നഴ്‌സിങ്; പ്ലസ് ടു കഴിഞ്ഞവര്‍ക്കായി വമ്പന്‍ അവസരം; നോര്‍ക്ക വഴി അപേക്ഷിക്കാം
ജര്‍മ്മനിയില്‍ നഴ്‌സിങ്; പ്ലസ് ടു കഴിഞ്ഞവര്‍ക്കായി വമ്പന്‍ അവസരം; നോര്‍ക്ക വഴി അപേക്ഷിക്കാം
ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് നല്ലൊരു ജോലി നേടണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ ജോലി നോക്കുന്ന പ്രവണത ഇപ്പോള്‍ മലയാളി യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട തൊഴിലും ജോലി സാധ്യതയും ഉയര്‍ന്ന ശമ്പളവുമൊക്കെയാണ് പലരെയും വിമാനം പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.
വിദേശ ജോലിയാണ് ലക്ഷ്യമെങ്കില്‍ ഏറ്റവും നല്ലത് മെഡിക്കല്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുന്നതാണ്. കാരണം യൂറോപ്പ് അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള തൊഴില്‍ മേഖലയാണ് ആരോഗ്യ രംഗം. മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും പല രാജ്യങ്ങളിലും വന്‍ ഡിമാന്റാണ്. നമ്മുടെ നാട്ടില്‍ തുശ്ചമായ ശമ്പളത്തില്‍ ജോലി നോക്കുന്നത് പോലെയല്ല, പല പാശ്ചാത്യന്‍ രാജ്യങ്ങളും ലക്ഷങ്ങളാണ് മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ശമ്പളയിനത്തില്‍ നല്‍കുന്നത്.
ഇനി മെഡിക്കല്‍ ഫീല്‍ഡില്‍ ഭാവി തിരയുന്നവരാണ് നിങ്ങളെങ്കില്‍ പ്ലസ് ടു കഴിഞ്ഞ് തെരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷനാണ് നഴ്‌സിങ്. ജര്‍മ്മനി, യു.കെ, പോളണ്ട്, യു.എസ്.എ, കാനഡ തുടങ്ങി പല വിദേശ രാജ്യങ്ങളിലും വമ്പന്‍ സാധ്യതകളാണ് നഴ്‌സിങ് മേഖലയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. മാത്രമല്ല നഴ്‌സിങ് മലയാളികളായ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനായി കേരള സര്‍ക്കാരിന് കീഴില്‍ നേരിട്ട് പരിശിലീനവും ഇപ്പോള്‍ നല്‍കി വരുന്നുണ്ടെന്ന കാര്യവും നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മ്മന്‍ നഴ്‌സിങ് പ്രോഗ്രാം
നഴ്‌സിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യമാണ് ജര്‍മ്മനി. ഇപ്പോഴിതാ പ്ലസ് ടു കഴിഞ്ഞ മലയാളികള്‍ക്ക് ജര്‍മ്മനിയിലെ നഴ്‌സിങ് ഉപരിപഠനത്തെക്കുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബര്‍ 28 ന് നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് രാവിലെ 10.00 മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെയും പിന്തുണയോടെയാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്.
കുടിയേറ്റം സംബന്ധിച്ച ആശങ്കകളും, തൊഴില്‍ സാധ്യതകളും, കോഴ്‌സ് സംബന്ധമായ വിവരങ്ങളും വിദ്യാര്‍ഥികളുടെ ആശങ്കകളും പരിഹരിക്കുന്നതിനായാണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
നിലവില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന (എ1, എ2, ബി1, ബി2) ഹയര്‍സെക്കണ്ടറി സയന്‍സ് സ്ട്രീം പാസായവര്‍ക്കാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. നിലവില്‍ പ്ലസ് ടു സയന്‍സ് പഠിച്ച് കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരമുള്ളത്.
അപേക്ഷിക്കേണ്ട വിധം
ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക-NIFL ന്റ www.nifi.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബര്‍ 26. അപേക്ഷ സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റും നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."