ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും
തിരുവനന്തപുരം • വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ 22 കാരിക്ക് അതിവേഗം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്. മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് ഒമ്പതു മാസമായ ഗർഭിണിയേയും കുഞ്ഞിനേയും രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൊച്ചുവേളി സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഡോക്ടർമാർ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി. തലയിൽ രക്തസ്രാവമുള്ളതിനാൽ അമ്മയെ രക്ഷിക്കാൻ അടിയന്തിര ന്യൂറോ സർജറി നടത്തേണ്ടിവന്നു. കുഞ്ഞിനെ രക്ഷിക്കാൻ ഉടൻ സിസേറിയനും നടത്തി. സർജറി വിഭാഗം ഡോ. ഇന്ദുചൂഢൻ, ന്യൂറോ സർജറി വിഭാഗം ഡോ. രാജ്‌മോഹൻ, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിർസ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."