ആസിയാന്‍ മനുഷ്യചങ്ങല പ്രതിഷേധം; സി.പി.എം നേതാക്കള്‍ക്കെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി • മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ച സി.പി.എം നേതാക്കള്‍ക്കെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. 2009 ഒക്ടോബര്‍ രണ്ടിന് ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വഴി തടസപ്പെടുത്തിയെന്ന പേരില്‍ മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് റദ്ദാക്കിയത്.
ആസിയാന്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ചതിനെതിരേ 2009ല്‍ സി.പി.എം മനുഷ്യച്ചങ്ങല തീര്‍ത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്കുപുറമെ മറ്റു പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍മന്ത്രി പി.കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, പ്രഭാത് പട്‌നായിക്, എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍ പിള്ള, കടകംപള്ളി സുരേന്ദ്രന്‍, സി. ജയന്‍ബാബു എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പ്രതിഷേധ സമരത്തിന്റെ ഭാഗമായി സംഘം ചേര്‍ന്നത് ഏതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിന് വേണ്ടിയല്ലാത്തതിനാല്‍ നിയമവിരുദ്ധമായ സംഘം ചേരലെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് കേസ് റദ്ദാക്കി കോടതി ഉത്തരവിട്ടത്. ആസിയാന്‍ കരാറിനെതിരേ സി.പി.എം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കുകയും രാജ്ഭവനു മുന്നില്‍ പൊതുയോഗവും സംഘടിപ്പിക്കുകയും ചെയ്തതിനെതിരേ നെയ്യാറ്റിന്‍കര പി. നാഗരാജ് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."