മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽപന നടത്താനെന്ന് മൊഴി
സ്വന്തം ലേഖിക
കൊച്ചി • ഇലന്തൂർ നരബലി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി ഷാഫി.
കൊലയ്ക്കുശേഷം മാംസം കഷ്ണങ്ങളാക്കി ഫ്രഡ്ജിൽ സൂക്ഷിച്ചത് ബംഗളൂരുവിലുള്ള ആൾക്ക് വിൽപന നടത്താനാണെന്ന് ഷാഫി മൊഴിനൽകി. ഇക്കാര്യം താൻ കൂട്ടുപ്രതികളായ ഭഗവൽ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നതായും ഷാഫി പൊലിസിനോട് വെളിപ്പെടുത്തി. മനുഷ്യമാംസം വിറ്റാൽ 20ലക്ഷം രൂപ കിട്ടും.
കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്നും പറഞ്ഞിരുന്നു. ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിക്കാനായിരുന്നു ഇപ്രകാരം പറഞ്ഞത്. ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്നും ഇരുവരെയും ധരിപ്പിച്ചു. കൊലപാതകം നടത്തിയ തൊട്ടടുത്ത ദിവസം, മാംസം വാങ്ങാൻ ആൾവരില്ലെന്ന് പറഞ്ഞ് കുഴിച്ചിടുകയായിരുന്നെന്നും ഷാഫി മൊഴി നൽകി. റോസ് ലിനെ ബലി നൽകിയിട്ടും സാമ്പത്തിക അഭിവൃദ്ധിയുണ്ടായില്ലെന്ന് ഭഗവൽ സിങും ലൈലയും പറഞ്ഞപ്പോൾ ഇനിയും ബലി നൽകണമെന്ന് ഷാഫി ദമ്പതികളോട് പറഞ്ഞു. തുടർന്നാണ് പത്മയിലെത്തിയത്.
എറണാകുളത്തുള്ള ഒരു സ്ത്രീയാണ് ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി മൊഴിനൽകി. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഷാഫി പ്രതികളായ ദമ്പതികളിൽ നിന്ന് പലപ്പോഴായി ആറുലക്ഷം രൂപ വാങ്ങിയിരുന്നു.
ഈ പണം ഇവർ തിരികെ ചോദിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമ്പതികളെ ബ്ലാക്ക്മെയിൽ ചെയ്ത് കൂടുതൽ പണം തട്ടാമെന്ന് താൻ കരുതിയതായും ഷാഫി പൊലിസിന് മൊഴിനൽകിയതായാണ് വിവരം. അതേസമയം ഇന്നലെ പ്രതികളെ ഇലന്തൂരിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നതെങ്കിലും തെളിവെടുപ്പിനെത്തിക്കാതെ മൂവരേയുംചോദ്യം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."