വിവാദ പരാമർശം ഏറ്റുപിടിച്ച് സി.പി.എമ്മും ബി.ജെ.പിയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം • തെക്കൻകേരളത്തേയും വടക്കൻ കേരളത്തേയും താരതമ്യം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ വിവാദ പരാമർശം ഏറ്റുപിടിച്ച് സി.പി.എമ്മും ബി.ജെ.പിയും. ഇന്നലെ വിവാദ പരാമർശം ചർച്ചയായതിനു പിന്നാലെ വിമർശനവുമായി മന്ത്രി വി.എൻ വാസവൻ രംഗത്തെത്തി. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ട രാഷ്ട്രീയമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. തെക്കുംവടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടതെന്നും കോൺഗ്രസ് എക്കാലവും വിഭജന രാഷ്ട്രീയമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്നും മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. പിന്നാലെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സുധാകരന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്നും അറിയാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞ് കേരളത്തിലെ തെക്കുഭാഗത്തുള്ളവരെ അപമാനിച്ചെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്. കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകരാണെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."