ആർ.എസ്.പി സംസ്ഥാന സമ്മേളനം ; പ്രതിനിധി സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ വിമർശനം
സ്വന്തം ലേഖകൻ
കൊല്ലം • ആർ.എസ്.പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ നേതൃത്വത്തിനെതിരേയുള്ള വിമർശനങ്ങൾ ഇത്തവണയും പ്രതിനിധി സമ്മേളനത്തിൽ ഉയർന്നു. പാർട്ടിയെ രക്ഷപെടുത്താനോ സംഘടനാബലം ശക്തിപ്പെടുത്താനോ നേതൃത്വം തയാറാകുന്നില്ല.
ഇടതുപാളയത്തിൽ നിന്ന് യു.ഡി.എഫിലേക്കെത്തിയപ്പോൾ പാർട്ടിയിൽ സജീവമല്ലാതായ നേതാക്കളെ അനുനയിപ്പിക്കാനോ ഉൾപാർട്ടി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനോ നേതൃത്വം തയാറാകുന്നില്ല.
ഗ്രൂപ്പുകളുടെ പിൻബലത്തിൽ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ചില നേതാക്കൾ ശ്രമിക്കുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിച്ചതിൽ പോലും ഗ്രൂപ്പ് പരിഗണന ഉണ്ടായതായി ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒന്നുംതന്നെ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. നേതൃദാരിദ്ര്യം ബാധിച്ച പാർട്ടിയിൽ പുതുനിരയെ കൊണ്ടു വരണം. കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കൂട്ടം ആൾക്കാർ മാത്രമായാൽ പാർട്ടി ഇല്ലാതാകുമെന്നും പ്രതിനിധികൾ വിമർശിച്ചു.
സെക്രട്ടറി സ്ഥാനത്തേക്കും വടം വലിയാണ് നടക്കുന്നത്. തൽസ്ഥാനത്തു തുടരാനാണ് എ.എ അസീസ് ആഗ്രഹിക്കുന്നത്. പ്രേമചന്ദ്രന്റെ പിന്തുണയും അസീസിനാണ്. സെക്രട്ടറിയാകാൻ ഷിബു ബേബിജോണും രംഗത്തുണ്ട്. ഒത്തുതീർപ്പിലേക്കെത്തിയാൽ തയാറായി ബാബുദിവാകരനും കളത്തിലുണ്ട്.
സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷം ഉറപ്പിച്ച് എ.എ അസീസ്, പ്രേമചന്ദ്രൻ വിഭാഗം രണ്ടും കൽപ്പിച്ചാണ് ഷിബുബേബിജോണിനെ നേരിടാൻ തയാറാവുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാൽ പരാജയം ഏറ്റുവാങ്ങുമെന്നതിനാൽ മത്സരം ഒഴിവാക്കിയുള്ള സ്ഥാനത്തോടാണ് ഷിബുവിനും താൽപര്യം.
എന്നാൽ, സെക്രട്ടറി ആരെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾ തമ്മിൽ മനസ്സുതുറന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."