സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കി കുറച്ചു; പിണറായിക്ക് മാത്രം ഇളവ്
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80ല്‍നിന്ന് 75 ആയി കുറച്ചു. മൂന്നു ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 75 വയസ് പ്രായപരിധി നിശ്ചയിച്ചായിരിക്കും പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുക. നിലവിലെ അംഗങ്ങള്‍ക്ക് ഈ പ്രായപരിധി ബാധകമല്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉന്നത പദവികളിലുള്ളവര്‍ക്ക് ഇളവനുവദിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ 76 വയസുള്ള പിണറായി പൊളിറ്റ് ബ്യൂറോ അംഗമാണ്.
കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് അംഗീകരിച്ചെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ഇടതിനു ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണ്. സംസ്ഥാനത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിത്. കെ.കെ ശൈലജയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയതിനെ അദ്ദേഹം ന്യായീകരിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാവര്‍ക്കും ആവശ്യാനുസരണം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങളുന്നയിച്ച് സെപ്തംബറില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചു. സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രക്ഷോഭം നടത്തുമെന്ന് യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."