മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു; കൊറ്റുകുളങ്ങര ആയൂര്‍വേദ ആശുപത്രിയുടെ സ്ഥിതി അതിദയനീയം
കായംകുളം: മാലിന്യം നിറഞ്ഞ് പുഴുവരിക്കുന്ന സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം ദയനീയം. കായംകുളം കൊറ്റുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കുഞ്ഞ് സാഹിബ് മെമ്മോറിയല്‍ ആയൂവര്‍വേദ ആശുപത്രിയിലാണ് മാലിന്യം കൊണ്ട് പുഴുവരിച്ച് നിറഞ്ഞു കവിഞ്ഞിരിക്കുന്നത്.
ആശുപത്രിയുടെ പിന്നാമ്പുറത്തെ മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഈ ഭാഗത്തുള്ള കുഴിയില്‍ നിന്നുള്ള മാലിന്യം തൈലങ്ങള്‍ തയ്യാറാക്കുന്ന അടുക്കളഭാഗത്തേക്ക് കയറി ദുര്‍ഗന്ധം വ്യാപകമായതിനാല്‍ രോഗികള്‍ ഈ ഭാഗത്തെ വാതില്‍ അടച്ചിരിക്കുകയാണ്. ഏകദേശം ഇരുപതോളം രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ടിവിടെ. ആശുപത്രിയുടെ പിന്നാമ്പുറത്തെ വസ്തുവിനോട് ചേര്‍ന്ന് കിടക്കുന്ന കുഴിയില്‍ നിന്ന് അടുക്കളഭാഗത്തേക്ക് കയറുന്ന പുഴുക്കളെ ജീവനക്കാര്‍ തീവച്ച് നശിപ്പിക്കുന്നത് പതിവാണ്. കാര്യക്ഷമമായ ശുചീകരണ പ്രവര്‍ത്തി നടത്തിയില്ലെങ്കില്‍ ഇവിടെ എത്തുന്ന രോഗികള്‍ മാറാരോഗികളായി മാറും. കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ സ്റ്റോക്ക് റൂമിന്റെ മുകള്‍ഭാഗം തകര്‍ന്നുകിടന്നിട്ട് മാസങ്ങളായി.
മരുന്നുകള്‍ സൂക്ഷിക്കുന്ന സഥലം കനത്ത മഴയില്‍ വെള്ളക്കെട്ടായിമാറും. ആയുര്‍വേദാശുപത്രിയുടെ മുന്‍വശത്ത് വെളളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴും. വെള്ളം ഒഴുകി പോകാന്‍ കഴിയാത്ത സാഹചര്യമാണിവിടുള്ളത്. ആശുപത്രിയുടെ ശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. ഇതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടില്ലാണ്.
നിത്യേന 300 ഒ.പി. ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യ ഇതുവരെ ഇവിടെ ഒരുക്കിയിട്ടില്ല. സ്റ്റോക്ക് റൂം, രോഗികളുടെ മുറി, കിടക്കകള്‍, ഫാര്‍മസി, തിരുമ്മ് മുറി എന്നിവടങ്ങള്‍ കാര്യക്ഷമമല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി ഡിപ്പാര്‍ട്ടുമെന്റ് ഫണ്ട് നല്‍കിയിട്ടും ഇതുവരെ അത് പ്രയോജനപ്പെടുത്തിയിട്ടില്ല. നഗരസഭയുടെ ഇരട്ടത്താപ്പ്‌നയമാണ് ഇതിന് കാരണം. ആയുര്‍വേദാശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാരിന്റെ 12 സെന്റ് സ്ഥലം ഏറ്റെടുത്ത് അവിടെ പേവാര്‍ഡ് നിര്‍മ്മിക്കുന്നതിന് നഗരസഭ പ്ലാന്‍ തയ്യാറാക്കിയെങ്കിലും ഇതുവരെയും അത് നടപ്പായില്ല. നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്ന ഈ ആശുപത്രി തകര്‍ച്ചയിലെക്ക് നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."