ഉള്‍ക്കാഴ്ച; അടിമയുടെ സാരോപദേശങ്ങള്‍
ഉള്‍ക്കാഴ്ച; അടിമയുടെ സാരോപദേശങ്ങള്‍
മുഹമ്മദ്
'അടിമച്ചന്തയില്‍ പുതിയൊരടിമയുണ്ടത്രെ. അവനെ വാങ്ങാന്‍ നൂറു അടിമകളെ വാങ്ങാനാവശ്യമായ പണമാണു വേണ്ടത്!'
വാര്‍ത്തയറിഞ്ഞ രാജാവിനു വല്ലാത്ത അതിശയം. വിലപ്പെട്ട ആ അടിമയെ കണ്ടിട്ടുതന്നെ ബാക്കി എന്നായി അദ്ദേഹം. ഉടന്‍ പരിവാരങ്ങളെ വിട്ട് അടിമയെ കൊട്ടാരത്തിലെത്തിച്ചു. കണ്ടുനോക്കുമ്പോള്‍ ഒരു കാപ്പിരിപ്പയ്യന്‍. രാജാവ് അല്‍പം നിന്ദ്യത കലര്‍ത്തി ചോദിച്ചു: 'നീയാണോ ചന്തയിലെ ഏറ്റവും വിലയേറിയ സാധനം?''
അടിമ ആത്മാഭിമാനത്തോടെ പറഞ്ഞു: 'അതേ, ഞാന്‍ തന്നെയാണാ സാധനം…'
'കണ്ടിട്ടു തോന്നുന്നില്ലല്ലോ?- രാജാവ്.
'അതു തോന്നില്ല. കാഴ്ചയ്ക്ക് പുറംകണ്ണിനെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് എന്നെ കാണാനാവില്ല. പുറം കണ്ട് അകം വിധിക്കരുതെന്നറിയില്ലേ പ്രഭോ…'
'ശരി, എന്താണ് നിനക്കിത്ര വിലയുണ്ടാകാന്‍ കാരണം?'
'ഞാന്‍ അതിബുദ്ധിമാനാണ്. ബുദ്ധിക്കാണു വില. അല്ലാതെ, രൂപത്തിനല്ല.'
'ഓഹോ, വലിയ ബുദ്ധിമാനാണല്ലേ. എങ്കില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം. ഉത്തരം പറഞ്ഞാല്‍ നിന്നെ മോചിപ്പിച്ച് ഞാനെന്റെ മന്ത്രിയാക്കിമാറ്റും. പറഞ്ഞില്ലെങ്കില്‍ നിന്റെ തലയെടുക്കുകയും ചെയ്യും. തയാറാണോ..?'
'നൂറുവട്ടം തയാര്‍…'
രാജാവ് ചോദിച്ചു: 'ലോകത്ത് ഏറ്റവും വിലയേറിയതും സുന്ദരവുമായ വസ്ത്രം ഏതാണ്?'
അടിമ പറഞ്ഞു: 'പരമദരിദ്രനായ ഒരാളുടെ ആകെയുള്ള വസ്ത്രമാണ് ലോകത്തെ ഏറ്റവും വിലയേറിയതും സുന്ദരവുമായ വസ്ത്രം. തന്റെ വസ്ത്രത്തിന് അദ്ദേഹം നല്‍കുന്നത്ര വിലയും മൂല്യവും വേറെ ആരും തങ്ങളുടെ വസ്ത്രങ്ങള്‍ക്കു നല്‍കില്ല. മറ്റുള്ളവര്‍ക്കെല്ലാം ഒന്നുകില്‍ വേറെയൊന്നുണ്ടാകും. പുതിയതു കിട്ടിയാല്‍ നിലവിലുള്ളത് അവര്‍ക്കു പഴയതും പഴഞ്ചനുമായി. ഇനി ഏതെങ്കിലും വസ്ത്രം നഷ്ടപ്പെട്ടാല്‍ അതിലവര്‍ക്കു വലിയ സങ്കടമൊന്നുമുണ്ടാവില്ല. മറ്റൊന്ന് വാങ്ങും. അതോടെ സങ്കടം തീരും. എന്നാല്‍ ദരിദ്രന് മറ്റൊന്നില്‍ പ്രതീക്ഷയില്ല. അയാള്‍ക്ക് എല്ലാമെല്ലാമായ വസ്ത്രമാണത്. അഥവാ, അതു കീറുകയോ നശിക്കുകയോ ചെയ്താല്‍ തീര്‍ത്താല്‍ തീരാത്ത സങ്കടമായിരിക്കും. ഉഷ്ണകാലത്തും ശൈത്യകാലത്തും അയാള്‍ ധരിക്കുന്നത് ആ വസ്ത്രമാണ്. വീട്ടിലിരിക്കുമ്പോഴും അങ്ങാടിയില്‍ പോകുമ്പോഴും കുടുംബങ്ങളില്‍ പോകുമ്പോഴും അയാള്‍ ധരിക്കുന്നത് ആ വസ്ത്രംതന്നെ…'
രാജാവിന് ഉത്തരം തൃപ്തിയായി. രണ്ടാമത്തെ ചോദ്യം: 'ലോകത്തെ ഏറ്റവും നല്ല സുഗന്ധം?'
'ഉമ്മയുടെ മണം! എത്ര നാറിയ വാസനയാണെങ്കിലും സ്നേഹമുള്ള മക്കള്‍ക്ക് ആ വാസന സുഗന്ധമായേ അനുഭവപ്പെടുള്ളൂ. സാധാരണ ചീഞ്ഞവാസന എല്ലാവര്‍ക്കും ചീഞ്ഞതു തന്നെയായിരിക്കും. ദുര്‍ഗന്ധം സുഗന്ധമായി അനുഭവപ്പെടില്ല. എന്നാല്‍ ഉമ്മയുടേതാകുമ്പോള്‍ ദുര്‍ഗന്ധവും സുഗന്ധവും സുഗന്ധം തന്നെ…'
'ഏറ്റവും സ്വാദേറിയ അന്നപാനീയമോ?'
'ഏറ്റവും കൂടുതല്‍ വിശപ്പനുഭവപ്പെടുമ്പോള്‍ കഴിക്കുന്ന അന്നമാണ് ഏറ്റവും രുചികരമായ അന്നം. അതൊരു ഉണക്ക റൊട്ടിയാണെങ്കിലും ശരി. ദാഹത്തിന്റെ കാഠിന്യത്തില്‍ മരണം മുന്നില്‍ കാണുമ്പോള്‍ കിട്ടുന്ന പാനീയമാണ് ലോകത്തെ ഏറ്റവും മധരുതരം. അത് ലവലേശംപോലും മധുരം ചേരാത്ത പച്ചവെള്ളമാണെങ്കിലും ശരി…'
'ഏറ്റവും മുന്തിയ മെത്ത?'
'താങ്കള്‍ മനസമാധാനത്തോടെ കിടന്നുറങ്ങുന്നത് ഏതിലാണോ അതാണ് ഏറ്റവും മുന്തിയ മെത്ത. അതൊരുപക്ഷേ, പരുക്കനായ പുല്‍പായയായിരിക്കാം. പട്ടുമെത്തയില്‍ കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ അതു മുന്തിയ മെത്തയല്ല, മുള്ളുകള്‍ നിറഞ്ഞ ശീലക്കൂട്ടങ്ങള്‍ മാത്രം…
ഇനി അവസാന ചോദ്യം. 'ലോകത്ത് ഏറ്റവും നല്ല നാടേതാണ്?'
'ഏതു പാതിരാവിലും ഭയമേതുമില്ലാതെ പൗരന്മാര്‍ക്കു നടക്കാന്‍ കഴിയുന്ന, കൊട്ടരാസമാനമായ വീടുകള്‍ക്കു മുന്നില്‍ പിച്ചച്ചട്ടിയുമായി കയറിയിറങ്ങുന്ന ദരിദ്രന്മാര്‍ കാണപ്പെടാത്ത, സമാധാനത്തോടെ ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള, നേതൃരംഗം വിഡ്ഢികള്‍ കൈയാളാത്ത ഏതൊക്കെ നാടുകളുണ്ടോ അതെല്ലാം ലോകത്തെ ഏറ്റവും നല്ല നാടുകളാണ്…'
അടിമയുടെ ശ്രദ്ധേയമായ ഈ മറുപടികള്‍ കേട്ട് രാജാവ് അന്തിച്ചുനിന്നു. പിന്നെ താമസിച്ചില്ല. അടിമയ്ക്കു മോചനം നല്‍കുകയും പ്രധാനമന്ത്രിപദം നല്‍കി ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."