HOME
DETAILS
MAL
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ മുറിച്ചുമാറ്റിയത് ചന്ദനമരം
backup
August 24 2021 | 03:08 AM
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനഭൂമിയില്‍ നിന്ന് അനധികൃതമായി മുറിച്ചുമാറ്റിയത് കോടികളുടെ മരങ്ങള്‍. ചന്ദനം, തേക്ക്, ഈട്ടി തുടങ്ങി കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയതെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍. വനംവകുപ്പിന്റെ ഏഴ് സര്‍ക്കിളുകളില്‍ നിന്നായി 1,858 മരങ്ങളാണ് മുറിച്ചതെന്നാണ് വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റിയില്ലെന്ന് വനംമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് അസ്ഥാനത്താക്കുന്നതാണ് വനംവകുപ്പിന്റെ കണക്കുകള്‍. പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ വനഭൂമിയിലെ മരങ്ങള്‍ അനധികൃതമായി ധാരാളമായി മുറിച്ചു മാറ്റിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വനംവകുപ്പിന്റെ ഏഴ് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ മരം അനധികൃതമായി മുറിച്ചത് പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളില്‍ നിന്നാണ്. ഈട്ടി, തേക്ക്, ചന്ദനം എന്നിവയുള്‍പ്പെടെ 766 മരങ്ങളാണ് ഈ സര്‍ക്കിളില്‍ നിന്ന് മുറിച്ചുകൊണ്ടുപോയത്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ നിന്ന് 557 മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. കോട്ടയം ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്ന് 109 ചന്ദനമടക്കം 263 മരങ്ങള്‍ മുറിച്ചു. കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിളില്‍ നിന്ന് 109, കൊല്ലം സതേണ്‍ സര്‍ക്കിളില്‍ നിന്ന് 94, പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ നിന്ന് 52, കോട്ടയം വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ നിന്ന് 17 എന്നിങ്ങനെയാണ് മറ്റു സര്‍ക്കിളുകളില്‍ നിന്നും അനധികൃതമായി മുറിച്ചു കടത്തിയ മരങ്ങളുടെ കണക്ക്. 1,195 ചന്ദന മരങ്ങളാണ് ഏഴു വനം സര്‍ക്കിളുകളില്‍ നിന്നായിമുറിച്ചു മാറ്റിയത്. 612 തേക്കും 50 ഈട്ടിയും മുറിച്ചുവെന്ന് വനം വകുപ്പ് പറയുന്നു.
അതേസമയം വിവിധ ജില്ലകളില്‍ പട്ടയഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 27,963 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 26,288 എണ്ണത്തിന് അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം 6,528 അപേക്ഷകളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതില്‍ 6,092 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയതായും കണക്കുകളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."