ഗസ്സയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ഇസ്‌റാഈല്‍ ശ്രമത്തെ തള്ളി സഊദി അറേബ്യ; ബുധനാഴ്ച ഒ.ഐ.സി യോഗം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: രൂക്ഷമായ ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അടിയന്തിര ഗള്‍ഫ് സന്ദര്‍ശനം തുടരുന്നു. ഗസ്സയിലെ അക്രമം നിയന്ത്രിക്കാന്‍ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കന്‍ സഊദിയിലെത്തി. അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിെന്റ ഭാഗമായി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം റിയാദില്‍ വിമാനമിറങ്ങിയത്.
ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാനും സുരക്ഷയൊരുക്കാനും അമേരിക്ക പ്രവര്‍ത്തിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയില്‍ ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് സഊദി അറേബ്യയോടൊപ്പം അമേരിക്ക നില്‍ക്കുമെന്നും മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് അമേരിക്ക എക്കാലവും സഊദിയൊടൊപ്പം നില്‍ക്കാറുണ്ടെന്നും ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സഊദി വിദേശകാര്യമന്ത്രി ബ്ലിങ്കനോട് അഭ്യര്‍ഥിച്ചു. അക്രമം തടയാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ. മാനുഷിക സഹായവിതരണം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നുവെന്ന് മന്ത്രി ഫൈസല്‍ പറഞ്ഞു.
ഗസ്സയില്‍ നിന്ന് പലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സഊദി അറേബ്യ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം.
നേരത്തെ ഖത്തറില്‍ എത്തിയ ആന്റണി ബ്ലിങ്കന്‍ അവിടെ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് സഊദിയിലേക്ക് തിരിച്ചത്. സംഘര്‍ഷം വ്യാപിക്കുന്നത് തടയുക, ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കുക, സിവിലിയന്‍മാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ്, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം റിയാദില്‍ എത്തിയത്.
അതിനിടെ, ഗസ്സയിലെ നിവാസികള്‍ക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നല്‍കണമെന്നും ഫലസ്തീന്‍ ജനതയെ ഗസ്സയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായും സഊദി അറേബ്യ വ്യക്തമാക്കി. മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെന്റ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തിെന്റയും ആഴം ഇത് വര്‍ധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
രക്ഷാസമിതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രമേയങ്ങള്‍ക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താന്‍ ലക്ഷ്യമിടുന്ന അറബ് സമാധാന സംരംഭവും മുന്നോട്ട് കൊണ്ടുപോകണമെന്നും കിഴക്കന്‍ ഖുദ്‌സിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികള്‍ക്ക് അനുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ടം സ്ഥാപിക്കണമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights:Islamic Nations Group Calls Urgent Extraordinary Meet On Israel Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."