വയസ്സാകുന്ന കേരളം ആവശ്യപ്പെടുന്നത്
ഡോ. എന്‍.പി അബ്ദുല്‍ അസീസ്
'ജനസംഖ്യാ വാര്‍ധക്യം' ഒരു ആഗോള പ്രതിഭാസമാണ്. കാലക്രമേണ, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവരുടെ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണത്തിലും അനുപാതത്തിലും വളര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യവും മെച്ചപ്പെട്ട മെഡിക്കല്‍ പരിചരണ സംവിധാനവും കാരണം 'ജനസംഖ്യാ വാര്‍ധക്യം' ഒരു അനിവാര്യമായ അഭിമുഖീകരണം ആവശ്യപ്പെടുന്ന യാഥാര്‍ഥ്യമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും പ്രത്യുല്‍പാദന നിരക്ക് കുറയുകയും ചെയ്യുമ്പോള്‍ പ്രായമായ ആളുകളുടെ ജനസംഖ്യ(60 വയസും അതിനുമുകളിലും) സാധാരണ ജനസംഖ്യയേക്കാള്‍ വേഗത്തില്‍ വളരുകയാണ്.
കേരളം ജനസംഖ്യാപരമായ പരിവര്‍ത്തനത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പുരോഗമന ഘട്ടത്തിലാണുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാസൂചകങ്ങളുടെ കാര്യത്തില്‍ കേരളം ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ജനന മരണനിരക്കുകള്‍ കുറയ്ക്കല്‍, ഉയര്‍ന്ന വിവാഹ പ്രായം, ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന ആരോഗ്യസൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഇതിന് സംഭാവന നല്‍കിയിട്ടുണ്ട്. ജനസംഖ്യാ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളം വേഗത്തില്‍ പ്രായമാകുകയാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായി അറിയപ്പെട്ട കേരളം ഇപ്പോള്‍ പ്രായമായ ആളുകള്‍ കൂടുതലുള്ള സംസ്ഥാനമായി മാറുകയും ഇന്ന് ഇന്ത്യയുടെ 'നരച്ച സംസ്ഥാനം' എന്നറിയപ്പെടുകയും ചെയ്യുന്നു.
1961ല്‍ കേരളത്തിലെ വയോജനങ്ങളുടെ അനുപാതം 5.1 ശതമാനമായിരുന്നു, എന്നാല്‍ അന്ന് ദേശീയതല അനുപാതമായ 5.6 ശതമാനത്തിന് താഴെയായിരുന്നു. 1980 മുതല്‍, ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ കേരളം മറികടന്നു. 2001 ല്‍ അവരുടെ അനുപാതം 10.5 ശതമാനമായി ഉയര്‍ന്നപ്പോള്‍, അഖിലേന്ത്യാ ശരാശരി 7.5 ശതമാനം മാത്രമായിരുന്നു. 2011 സെന്‍സസ് പ്രകാരം 12.6 ശതമാനമെങ്കില്‍ 2036 ഓടെ 23 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍, കേരളത്തിലെ 48 ലക്ഷം ആളുകള്‍ 2018 ലെ ജനസംഖ്യയുടെ കണക്കനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവരാണ്; എന്നാല്‍ അവരില്‍ 15 ശതമാനവും 80 വയസ് കഴിഞ്ഞവരാണ്. കേരളത്തിലെ വൃദ്ധജനങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും വിധവകളും. 2011 ലെ സെന്‍സസ് അനുസരിച്ച്, 60-69 വരെ പ്രായമായവരില്‍ 23 ശതമാനവും 70 വയസ്സിനു മുകളിലുള്ളവരില്‍ 43.06 ശതമാനവും വിധവകളാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ അഞ്ചാമത്തെ വ്യക്തിയും ഒരു മുതിര്‍ന്ന പൗരനാകുമെന്നാണ് കണക്കുകൂട്ടുന്നത്. സ്ത്രീപുരുഷ ആയുര്‍ദൈര്‍ഘ്യം കൂടുതലായതുകൊണ്ടും മെച്ചപ്പെട്ട ആരോഗ്യപരിചരണ സംവിധാനങ്ങള്‍ കൊണ്ടും പരിപാലന സൗകര്യങ്ങളില്‍ കേരളം നേടിയ പുരോഗതിയും മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ തുടര്‍ച്ചയായ വര്‍ധനവിന് കാരണമായി.
കേരളത്തിലെ വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ജനനനിരക്കും വയോജനങ്ങളുടെ അനുപാതം വര്‍ധിപ്പിക്കുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. വിരമിച്ച തൊഴിലാളികള്‍ വര്‍ധിച്ചുവരുമ്പോള്‍ അവരുടെ പെന്‍ഷന്‍ പ്രതിബദ്ധതകള്‍ നേരിടാന്‍ ഭാവി തലമുറകള്‍ പാടുപെടും. പ്രായത്തിനനുസരിച്ച് ആരോഗ്യപരിപാലനത്തിനുള്ള ആവശ്യവും പരിരക്ഷയും വര്‍ധിക്കുന്നതിനാല്‍ അവരുടെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പണവും വിഭവങ്ങളും അനുവദിക്കേണ്ടിവരും. ഇതിന് ഉയര്‍ന്ന നികുതി നിരക്കുകള്‍ ആവശ്യമായി വരുകയും നിലവില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടിവരുകയും ചെയ്യും. ആശ്രിത അനുപാതത്തില്‍ വളരെ വലിയ വര്‍ധനവ് കാരണം നിലവിലെ ചെലവ് വര്‍ധിക്കുകയും ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴിലാളി ജനസംഖ്യയ്ക്ക് ഉയര്‍ന്ന ഭാരം നല്‍കുകയും ചെയ്യും. പ്രായമാകുന്ന ജനസംഖ്യ, തൊഴിലാളികളുടെ എണ്ണക്കുറവിലേക്ക് നയിച്ചേക്കും. അതിനാല്‍ വേതനം വര്‍ധിക്കുകയും പണപ്പെരുപ്പത്തിന് കാരണമാകുകയും ചെയ്യുക സ്വാഭാവികം.
ഇന്ത്യയിലെ മുതിര്‍ന്നവരുടെ പരിചരണം കുടുംബത്തെയും ഗാര്‍ഹിക സഹായത്തെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു. അവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ സര്‍വസാധാരണമാവുകയാണ്. ഒന്നാമത്, മാനസികരോഗങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങി വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനം. രണ്ടാമത്, മക്കളുടെ കുടിയേറ്റം പോലുള്ള സാമൂഹിക ആശങ്കകള്‍ കാരണം പ്രായമായവര്‍ ശാരീരികവും മാനസികവുമായ വൈകാരിക പിന്തുണയില്ലാതെ ഒറ്റപ്പെടുന്നു. മൂന്നാമത്, പ്രായമായവരുടെ ദുര്‍ബലതകളുടെ ദുരുപയോഗങ്ങള്‍, അതുപോലെ സ്വത്ത് തര്‍ക്കങ്ങള്‍. നാലാമത്, സാമ്പത്തിക അരക്ഷിതാവസ്ഥയും അപര്യാപ്തമായ ആരോഗ്യപരിരക്ഷയും കൂടുതല്‍ അപകടസാധ്യതകളിലേക്ക് നയിക്കുന്നു. മിക്കപ്പോഴും, പ്രായമായവര്‍ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുമ്പോള്‍ പോലും അരക്ഷിതത്വവും ഒറ്റപ്പെടലും അനുഭവിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, തലമുറകളുടെ വിടവ്, അണുകുടുംബം, സാമ്പത്തിക ഭദ്രതയുടെ അഭാവം, സ്വത്ത് തര്‍ക്കങ്ങള്‍, സ്വാതന്ത്ര്യം തുടങ്ങിയവ ഇതിന് കാരണങ്ങളാണ്. പ്രായമായവര്‍ കൂടുതല്‍ കാലം ജീവിക്കുമ്പോള്‍ വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിക്കുന്നു. അതിന്റെ ഫലമായി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഹോം നഴ്‌സിനെ നിയമിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
അടുത്തകാലത്തായി കുടുംബ ഘടനയില്‍ മാറ്റം സംഭവിക്കുകയും പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥ തകരുകയും ചെയ്തു. വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം, കുടിയേറ്റം എന്നിവ കാരണം അണുകുടുംബം എന്ന ആശയം ഉടലെടുത്തു. അണുകുടുംബത്തിന്റെ ആവിര്‍ഭാവത്തോടെ കുടുംബത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ആശയവിനിമയ വിടവ്, നൂതന സാങ്കേതികവിദ്യയുടെ സ്വാധീനം, സമപ്രായക്കാരുടെ സമ്മര്‍ദം, തലമുറ വിടവ് എന്നിവ ഉടലെടുത്തു. ഇവയെല്ലാം നമ്മുടെ സംസ്ഥാനത്ത് വൃദ്ധസദനങ്ങളുടെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു. രജിസ്റ്റര്‍ ചെയ്ത വൃദ്ധസദനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കേരളത്തില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ധനവിന് പിന്നിലെ കാരണം മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിച്ചതുകൊണ്ട് മാത്രമല്ല, മറിച്ച് സമാന ചിന്താഗതിക്കാരായ ആളുകളുമായി സമാധാനപരമായി ജീവിക്കാന്‍ വേണ്ടിയുമാണ്. 2018ലെ കണക്കനുസരിച്ച് 10,500 പേരെ ഉള്‍ക്കൊള്ളുന്ന 565 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 224 വൃദ്ധസദനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നു.
ഇന്ന് കേരളത്തില്‍ വളര്‍ന്നുവരുന്ന മറ്റൊരു പ്രതിഭാസമാണ് 'റിട്ടയര്‍മെന്റ് ഹൗസിങ് കമ്മ്യൂണിറ്റികള്‍'. സര്‍വിസില്‍ നിന്നു വിരമിച്ച ശേഷം ആഡംബരത്തിലുള്ള, ഗുണനിലവാരമുള്ള മെച്ചപ്പെട്ട മെഡിക്കല്‍ പരിചരണ സുഖസൗകര്യങ്ങളോടെ 60 കളില്‍ നിന്നു പുതിയൊരു ജീവിതം ആരംഭിക്കുന്നു. സമാനമനസ്‌കരായ ആളുകളുമായി സൗഹാര്‍ദപരമായി ജീവിതം ആസ്വദിച്ചു ഒരു സമൂഹജീവിതത്തിലേക്ക് അവര്‍ നടന്നു നീങ്ങുന്നു. അവരുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ മക്കളുടെ ജീവിതത്തില്‍ കടന്നുകയറുകയോ ചെയ്യാത്ത പുതിയൊരു ജീവിതശൈലിയാണ് ഈ കമ്മ്യൂണിറ്റികള്‍ ആഹ്വാനം ചെയ്യുന്നത്.
ഇപ്പോള്‍ 30കളുടെ തുടക്കത്തിലുള്ളവര്‍ 30 വര്‍ഷം കൂടി ജോലി ചെയ്യുകയും 60 വയസിനു മുകളില്‍ വിരമിക്കുകയും ചെയ്യും. പക്ഷേ, 60 വര്‍ഷത്തിനുശേഷം ഒരാള്‍ക്ക് അടുത്ത 30 വര്‍ഷത്തില്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള മാനസികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ക്കായി ആസൂത്രിതമായി സ്വയം തയാറെടുക്കേണ്ടതുണ്ട്. അവരുടെ ക്ഷേമത്തിന്, വിവിധ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അവരുടെ ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ദീര്‍ഘകാല ശ്രദ്ധയും ആസൂത്രണവും ആവശ്യമാണ്. അവിടെ സാംസ്‌കാരികവും സാമൂഹികവുമായ സന്ദര്‍ഭങ്ങള്‍ കണക്കിലെടുത്ത് നയങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ പരിപാലനം, സാമൂഹിക, സാമ്പത്തിക സംരക്ഷണം, മെച്ചപ്പെട്ട ജീവിത നിലവാരത്തിന് അനുയോജ്യമായ അന്തരീക്ഷം, പരിചരണം എന്നിവ ഉറപ്പു വരുത്തേണ്ടതുണ്ട്. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കപ്പെടുന്നതിനും അവരുടെ നിലനില്‍പ്പ് സമൂഹത്തിന് ഒരു ഭാരമായി കണക്കാക്കപ്പെടാതിരിക്കാനും വിശ്വസനീയവും സമഗ്രവുമായ പരിചരണം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഉപദേഷ്ടാക്കള്‍, വഴികാട്ടികള്‍, സജീവ സംഭാവനകള്‍ എന്നീ നിലകളില്‍ ഒരു രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും അവരുടെ പങ്ക് വലുതാണ്.
(അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."