പൊലിസിനെ മെരുക്കാന്‍ ആർക്കാണ് ഭയം?
കാവിവല്‍ക്കരിക്കപ്പെട്ട പൊലിസ് ആണ് കേരളത്തിലേത് എന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്. ചില ഉദ്യോഗസ്ഥരുടെയെങ്കിലും ഉള്ളില്‍ നുരയുന്ന വംശീയതയും തൂത്താൽപോകാത്ത ജാതിബോധവുമൊക്കെയാണ് പലപ്പോഴും പൊലിസ് സേനയുടെ യശസിന് കളങ്കമാവുന്നത്. സേനയിലെ ഇത്തരം പുഴുക്കുത്തുകള്‍ക്കും മനോഭാവങ്ങള്‍ക്കുമെതിരേ പലതവണ ഹൈക്കോടതി അടക്കമുള്ള നീതിപീഠങ്ങള്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും, 'എന്നെ തല്ലേണ്ട അമ്മാവാ നന്നാകില്ലെന്ന ഞാൻ' എന്ന മട്ടില്‍ തന്നെ കാര്യങ്ങള്‍ അന്യഥാ തുടരുന്നു.
കേരളത്തെ നടുക്കിയ കൊടുംക്രൂരതകളിലൊന്നാണ് തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകം. കഷായത്തില്‍ വിഷം കലര്‍ത്തി കാമുകി ഗ്രീഷ്മ ആര്‍. നായര്‍ ഷാരോണിനെ കൊന്നു എന്നാണ് കേസ്. പട്ടാളക്കാരനുമായുള്ള വിവാഹത്തിന് ഷാരോണ്‍ തടസമാകും എന്ന ഭയമാണ് ഗ്രീഷ്മയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പൊലിസിനെ ഏറെ വട്ടംകറക്കിയതിനു ശേഷമാണ് ഗ്രീഷ്മ പിടിയിലായത്. ഇതിനിടെ, കേസ് അന്വേഷിക്കുന്ന റൂറല്‍ എസ്.പി ഡി.ശില്‍പ പ്രതിയെക്കുറിച്ച് നടത്തിയ പരാമര്‍ശം മാത്രംമതി, പൊലിസിലെ ജാതിബോധം എത്രമേല്‍ ശക്തമാണെന്ന് ബോധ്യമാവാന്‍. 'ഷീ ഈസ് ഫൈന്‍, മിടുക്കിയാണ്, റാങ്ക് ഹോള്‍ഡറാണ്' എന്നാണ് ഗ്രീഷ്മയെക്കുറിച്ച് ശില്‍പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കൊടുംവിഷം നല്‍കി കൂട്ടുകാരനെ കൊന്ന കൊലയാളി 'മിടുക്കി'യും 'നല്ല കുട്ടി'യുമാകുന്നതിനു പിന്നിലെ ജാതിക്കൂറ് തന്നെയാണ് കാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശി സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ കൊടുംക്രിമിനല്‍ ആക്കുന്നതും.' ഹീ ഈസ് എ ക്രിമിനല്‍, കുറ്റവാളിയാണ്, ജയിലിലടയ്ക്കേണ്ടവനാണ്' എന്നാണ് കേസന്വേഷിച്ച ഇടുക്കിയിലെ ഉയര്‍ന്ന പൊലിസ് ഓഫിസറുടെ ചാപ്പകുത്തല്‍. ബിരുദധാരിയെന്നോ രണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നോ ഉള്ള ആനുകൂല്യമൊന്നും സരുണിന്റെ കാര്യത്തിലുണ്ടായില്ല. ജാതിയും നിറവും വംശവുമൊക്കെ നമ്മുടെ നിയമ സംവിധാനത്തിലും നീതിബോധത്തിലും ഇടപെടുന്നുവെന്നതിന് ഇതിനുമപ്പുറം തെളിവു നിരത്തണമോ!
പഠനം കഴിഞ്ഞുള്ള ഒഴിവുസമയം ഓട്ടോ ഒാടിച്ച് വീടു പുലര്‍ത്തുന്നവനാണ് സരുണ്‍. ഭാവിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാകേണ്ട ഈ യുവാവ് മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണന്നും തോന്നാന്‍ ഒറ്റക്കാരണമേ ഉള്ളൂ. അത് സരുണിന്റെ സ്വത്വമാണ്. കരയോഗത്തിനു പുറത്താണെന്ന സ്വത്വം. കേരള പൊലിസ് സംഘ്പരിവാര്‍ നിയന്ത്രണത്തിലാണെന്ന്, സര്‍ക്കാരിന്റെ ഭാഗം തന്നെയായ സി.പി.ഐ ദേശീയ നേതാവ് ആനിരാജ പറഞ്ഞിട്ടും അത് മുഖവിലക്കെടുക്കാന്‍ ഈ നിമിഷം വരെ ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞിട്ടില്ല.
ജാതി, മത വിവേചനം പോലെ പ്രസക്തമാണ് പണത്തിനും അധികാരത്തിനും കീഴെ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന പൊലിസ് സേനയിലെ ചിലരുടെയെങ്കിലും വിധേയത്വവും. 'മൃദുഭാവേ ദൃഢകൃത്യേ' എന്ന ആപ്തവാക്യത്തിന്റെ പൊരുളൊന്നും സേനയിലെ കള്ളനാണയങ്ങള്‍ക്ക് ബോധ്യമാവാത്തതും ഈ വിനീതവിധേയത്വം കൊണ്ടുതന്നെ. ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് തിരിച്ചറിയുന്ന പാഠം പകര്‍ന്നു നല്‍കിയില്ലെങ്കില്‍ ഒരുമാറ്റവും ഉണ്ടാവില്ലെന്ന കഴിഞ്ഞദിവസത്തെ കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. പൊലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയുണ്ടാകണമെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കുകള്‍ എന്നാണ് ഇന്നാട്ടിലെ പൊലിസ് തിരിച്ചറിയുക! പൊലിസ് പൊതുജനത്തോട് മാന്യമായി പെരുമാറണമെന്ന ഉത്തരവ് നടപ്പാക്കിയ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. മോശം പെരുമാറ്റവും അക്രമസ്വഭാവവും സ്വീകാര്യമല്ലെന്ന് പൊലിസ് മനസിലാക്കണമെന്നും സര്‍ക്കുലര്‍ കൊണ്ടു കാര്യമില്ലെന്നും പൊലിസിന്റെ സംസ്‌കാരം മാറിയേ തീരൂ എന്നുമാണ് ഹൈക്കോടതി ഓര്‍മിപ്പിച്ചത്.
പൊലിസിന്റെ 'എടാ പോടാ' വിളികള്‍ പൊതുജനത്തോടു വേണ്ടെന്നു കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പല പൊലിസുകാരിലും ബാധ പോലെ കൂടെക്കൂടിയിരിക്കുകയാണ് സംസ്‌കാര വിരുദ്ധമായ ഇത്തരം വിളികള്‍. തെറിവിളി ജന്മാവകാശമായ പൊലിസിന്, ജനങ്ങളുടെ നെഞ്ചത്ത് കൈയൂക്ക് കാട്ടാനും മടിയേതുമില്ലെന്ന് സംസ്ഥാനത്തു നടന്ന നൂറുക്കണക്കിന് കസ്റ്റഡി മര്‍ദനങ്ങളും മരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം കിളിക്കൊല്ലൂരില്‍ സൈനികനേയും സഹോദരനേയും തല്ലിപ്പഴുപ്പിച്ച പൊലിസ് നടപടി അത്തരത്തില്‍ ഒന്നുമാത്രം.
'ഇവിടെ ഞാനാണ് രാജാവ്, എന്റെ കാല്‍കഴുകിയ വെള്ളം കുടിക്കാതെ നിങ്ങള്‍ക്ക് ഇവിടുന്നു പോകാന്‍ കഴിയില്ല' എന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് മലപ്പുറത്ത് വഴിയോരത്തുവച്ച് അകാരണമായി പിടിച്ചുകൊണ്ടു വന്ന യുവതിയോടും കൂടെയുള്ളവരോടും ഒരു പൊലിസുകാരന്‍ പറഞ്ഞത്. താന്‍ രാജാവാണെന്നും തന്റെ കാലുകഴുകിയ വെള്ളം കുടിപ്പിക്കുമെന്നും പറയാന്‍ ഇയാള്‍ക്ക് ആരാണ് അധികാരം കൊടുത്തത്? അത്തരത്തില്‍ നാടു ഭരിക്കുന്ന രാജവംശമാണോ കേരള പൊലിസ്? പൊലിസിന്റെ മാന്യതയും ത്യാഗനിര്‍ഭരസേവനങ്ങളെയും കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിളിച്ചുപറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പിന്‍ബലമാണോ ഈ അഹന്തയ്ക്കു പിന്നില്‍? വ്യാജ ഏറ്റുമുട്ടലുകളുടെ പേരിലും യു.എ.പി.എ ചുമത്തി റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ പേരിലും കേരള പൊലിസ് പലതവണ ദേശീയതലത്തില്‍ തന്നെയും നാണംകെട്ടിട്ടുണ്ട്. എന്നിട്ടും, ഭരിക്കുന്ന സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും നല്‍കുന്ന പിന്തുണ തന്നെയാണ് കേരള പൊലിസിനെ സാമന്തരാജാക്കന്മാരായി വാഴിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലിസിന്റെ ഉത്തരവാദിത്വം. എന്നാല്‍ പോകുന്ന വഴിയില്‍ ഒരു പൊലിസ് വാഹനം കണ്ടാല്‍ ഏതെങ്കിലും സാധാരണക്കാരന് സുരക്ഷിതത്വം തോന്നാറുണ്ടോ? എന്ത് ഏടാകൂടമാണാവോ ഇവരിനി ഒപ്പിക്കാന്‍ പോകുന്നതെന്ന ഭയം മാത്രമല്ലേ പൊലിസ് ജീപ്പുകള്‍ക്കു മുന്നിലൂടെ പോകുന്ന മനുഷ്യരിലുണ്ടാന്നത്! ഇത്തരം കൗതുകങ്ങള്‍ ഓരോ ദിവസവും ആവര്‍ത്തിക്കുകയാണ്. ഇതേക്കുറിച്ച് പറയുമ്പോള്‍ ഒറ്റപ്പെട്ട സംഭവം എന്നാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ന്യായീകരിക്കുന്നത്. 'ഒറ്റപ്പെട്ട' നൂറുക്കണക്കിന് സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കാറ്റത്തിട്ട കല്ലുപോലെ ആഭ്യന്തരവകുപ്പിന് ഒരനക്കവുമില്ല. 'ഈ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന്' സംസ്ഥാന ഗവര്‍ണറോടു തുറന്നടിക്കാനുള്ള ചങ്കൂറ്റം, തന്റെ കീഴിലെ പൊലിസുകാരോട് പറയാന്‍ നമ്മുടെ പൊലിസ് മന്ത്രി പിണറായി വിജയന് എന്നാണ് കഴിയുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."