HOME
DETAILS

മണിക്ക് ആര് മണികെട്ടും

  
backup
October 20 2023 | 17:10 PM

editorial-21-10-2023


എന്തും വിളിച്ചുപറയാമെന്ന ലൈസൻസ് സി.പി.എം എം.എം മണിക്ക് നൽകിയിട്ടുണ്ടോ എന്നറിയില്ല. മണിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും നിരീക്ഷിച്ചാൽ ഈ മുതിർന്ന നേതാവിന് മണികെട്ടാൻ ആരുമില്ലേയെന്ന് തോന്നിപ്പോകും. മുൻ മന്ത്രിയും എം.എൽ.എയുമായ പി.ജെ ജോസഫാണ് മണിയുടെ അധിക്ഷേപത്തിന് ഏറ്റവും ഒടുവിൽ ഇരയായിരിക്കുന്നത്. പി.ജെ ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണെന്നാണ് എം.എൽ.എകൂടിയായ മണി പൊതുവേദിയിൽ പ്രസംഗിച്ചത്. ജോസഫിന്റെ പ്രായത്തേയും ആരോഗ്യപ്രശ്‌നങ്ങളേയുമാണ് മണി പരിഹസിച്ചത്.


കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ 100ാം പിറന്നാളായിരുന്നു ഇന്നലെ. നൂറ്റാണ്ടിന്റെ നിറവിലെത്തിയ വി.എസിന് കേരളം നൽകിയ ഹൃദയാഭിവാദ്യം നമ്മൾ കണ്ടതാണ്. അത് എത്രമേൽ ഊഷ്മളമായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഉമ്മൻ ചാണ്ടി വിടവാങ്ങിയപ്പോൾ കേരളം നൽകിയ ഓർമാഞ്ജലിയും മലയാളികൾ മറക്കില്ല. ഓരോ നേതാവിനോടും കേരളത്തിനുണ്ട് ഇഴപിരിയാനാകാത്ത ആത്മബന്ധം. അത് പ്രായംകൂടുതലിലോ രോഗാവശതയിലോ മങ്ങുന്നതല്ല, ജ്വലിക്കുന്നതാണ്.


'രോഗമാണെങ്കിൽ ചികിത്സിക്കണം, പി.ജെ ജോസഫിന് ഒരു ബോധവുമില്ല, ചത്താലും കസേര വിടൂല, വികസന നായകനെന്നൊക്കെ കൊട്ടിഘോഷിക്കുമ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രമാണ് നിയമസഭയിൽ വന്നത്'- എന്നൊക്കെയാണ് മണി പ്രസംഗിച്ചത്. അണികളുടെ കൈയടിക്കും അവരെ ആവേശത്തിലാക്കാനും നേതാക്കൾ മൈക്കിന് മുമ്പിൽ പലതും വിളിച്ചുകൂവാറുണ്ട്. തങ്ങൾക്ക് അതിനുള്ള അധികാരമുണ്ടെന്നും ജനാംഗീകാരം ഏറും എന്നൊക്കെയാണ് ഇക്കൂട്ടർ കരുതുന്നത്.

അങ്ങനെയൊക്കെ ചിന്തിച്ചാണ് ഈ കോപ്രായങ്ങളൊക്കെ കാട്ടുന്നതെങ്കിൽ അവരൊക്കെ മൂഢസ്വർഗത്തിലാണെന്ന് പറയാതെ വയ്യ. ഇത്തരക്കാരെ തിരുത്താൻ പാർട്ടി നേതൃത്വമാണ് മുൻകൈയെടുക്കേണ്ടത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ പ്രായത്തിന്റെയും 'പക്വത'യുടേയും അളവുകോലാൽ പാർട്ടിക്കാരും കൈകഴുകുകയാണ് പതിവ്.

പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ ചർച്ചകൾ വഴിമാറ്റി വിടാനും ഇത്തരം നേതാക്കളുടെ വാക്പ്രയോഗങ്ങൾ തുണയാകാറുമുണ്ട്. ഇതൊക്കെ ഇക്കൂട്ടർക്ക് വളമാകുകയുമാണ് ചെയ്യാറ്. എന്തും വിളിച്ചു പറയാമെന്ന് കരുതി ഈ നേതാക്കൾ വാ തുറക്കുമ്പോൾ അത് നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിനേൽപ്പിക്കുന്ന പരുക്ക് ചെറുതല്ല.


ഇതിനു മുമ്പും മണിയുടെ അശ്ലീല വാക്കുകൾ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ മുറിവേൽപ്പിച്ചിട്ടുണ്ട്. നിയമസഭയ്ക്കുള്ളിലും മണി, സാമാജികക്കെതിരേ അധിക്ഷേപം നടത്തിയത് വിവാദമായിരുന്നു. ധനാഭ്യർഥന ചർച്ചയ്ക്കിടെ കെ.കെ രമയ്‌ക്കെതിരേയായിരുന്നു പരാമർശം. 'ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ് സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല' എന്നായിരുന്നു മണിവാക്യം. ഇത് സഭയിൽ ബഹളത്തിനിടയാക്കിയെങ്കിലും വാക്ക് അൺപാർലമെന്ററി അല്ലാത്തതിനാൽ മാപ്പ് പറയാതെ തലയൂരാനായി.


നേരത്തെ സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈക്കെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിയായിരുന്ന മണിയെ സി.പി.എം പരസ്യമായി ശാസിച്ചിരുന്നു. ഈ അധിക്ഷേപത്തിന്റെ പേരിൽ ഹൈക്കോടതിയുടെ വിമർശനം മണിക്കും പൊലിസ് മേധാവിക്കും ഏറ്റുവാങ്ങേണ്ടിയും വന്നു. ഇടുക്കി കലക്ടർ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർക്കെതിരേയും അന്നത്തെ പ്രസംഗത്തിൽ മണി മോശം ഭാഷ ഉപയോഗിച്ചിരുന്നു.


മണിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. 'ഡ്യൂട്ടിയിൽ രാഷ്ട്രീയമെടുത്താൽ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക.

സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? സർക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനങ്ങൾ ഉണ്ട്'- ഇതായിരുന്നു എം.എം മണിയുടെ പരാമർശം.


വൺ, ടു, ത്രീ… വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി കയറിയതാണ് മണിയുടെ നാവ്. ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്നാണ് മൂന്നു കൊലക്കേസുകളിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കോടതി കുറ്റമുക്തനാക്കിയെങ്കിലും വിവാദ പരാമർശങ്ങളിൽ നിന്ന് ഇതുവരെ ഈ നേതാവ് പിന്നോട്ടുപോയിട്ടില്ല എന്നതാണ് ഏറ്റവും ഒടുവിലത്തെ അധിക്ഷേപപ്രസംഗവും വ്യക്തമാക്കുന്നത്. ഇത് നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾക്കോ പരിഷ്‌കൃത സമൂഹത്തിനോ ചേർന്നതല്ല, പി.ജെ ജോസഫിനെതിരേയുള്ള പരാമർശത്തിൽ മണി മാപ്പുപറയുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പരാമർശം പിൻവലിക്കാൻ സി.പി.എം ആവശ്യപ്പെടണം. നമ്മുടെ രാഷ്ട്രീയധാർമികതയ്ക്ക് അനിവാര്യമാണിത്.


വിദ്വേഷ പ്രസംഗങ്ങൾപോലെ തന്നെയാണ് സ്ത്രീവിരുദ്ധവും മനുഷ്യൻ്റെ അന്തസിനെ ഹനിക്കുന്നതുമായ ഇത്തരം പരാമർശങ്ങൾ. അത് വ്യക്തികൾക്കും സമൂഹത്തിനും ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ആത്മാഭിമാനമുള്ള ആർക്കും ഉൾക്കൊള്ളാനുമാവില്ല. എങ്കിലും ചില രാഷ്ട്രീയ നേതാക്കൾ ഇടക്കിടെ ഇത്തരം പരാമർശങ്ങൾ നടത്താറുണ്ട്. അതിലേറെയും പുരോഗമനവും മാനവികതയുമൊക്കെ പറയുന്ന സി.പി.എം നേതാക്കളാണെന്നതാണ് കൗതുകകരം.

ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അന്തസ് ഉയർത്തിപ്പിടിക്കുന്ന ഭാഷവും ഭാഷണവുമാണ് കരണീയമായിട്ടുള്ളത്. പുതുതലമുറ ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് വിവരങ്ങൾ കാട്ടുതീയേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നുണ്ട്. വാ വിട്ട വാക്കുകൾ തിരിച്ചുവിളിക്കാൻ ആവില്ല. അത് അസംതൃപ്തിയും വെറുപ്പും സൃഷ്ടിച്ച്, സമൂഹത്തിൽ എക്കാലവും നിലനിൽക്കും. മനുഷ്യന്റെ അന്തസിനെ ഹനിക്കുന്ന ഒന്നും തന്റെ നാവിൽ നിന്നുണ്ടാകില്ലെന്ന് പ്രതിജ്ഞ ചെയ്യാൻ നമ്മുടെ രാഷ്ട്രീയക്കാർ തയാറായെങ്കിൽ.

Content Highlights:editorial 21/10/2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  22 days ago
No Image

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

Kerala
  •  22 days ago
No Image

മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർ​ഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്

Saudi-arabia
  •  22 days ago
No Image

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ 

Kerala
  •  22 days ago
No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  22 days ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  22 days ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  22 days ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  22 days ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  22 days ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  22 days ago