വെര്‍ച്വല്‍ ഓട്ടിസത്തിലേക്ക് നയിക്കുന്ന മൊബൈല്‍ ഉപയോഗം
മുഹമ്മദ് യാസിര്‍ വാഫി
ടിവി, മൊബൈല്‍, ടാബ്ലറ്റ് പോലോത്ത സ്‌ക്രീനുകളുടെ മുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ഓട്ടിസം എന്ന അവസ്ഥയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഈ അവസ്ഥയെ വെര്‍ച്വല്‍ ഓട്ടിസം എന്നാണ് വിളിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇത് ആദ്യമായി കണ്ടെത്തുന്നത് റൊമാനിയയിലെ ഡോക്ടര്‍ മാരിയസ് സമ്ഫീര്‍((Dr.Marius Zamfir)) എന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. റൊമാനിയയില്‍ രണ്ടു- മൂന്ന് വയസ്സിനിടയിലുള്ള കുട്ടികളില്‍ ഓട്ടിസം ബാധിച്ചവരായി കണ്ടെത്തിയവരില്‍ 90% പേരും ടെലിവിഷന്‍, മൊബൈല്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ സ്വാധീനം കണ്ടെത്തിയിരുന്നു. അവരുടെ നിരീക്ഷണ പ്രകാരം 1975 വരെ 5000 കുട്ടികളില്‍ ഒരു കുട്ടിയാണ് ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിരുന്നതെങ്കില്‍ 2005ല്‍ അത് 500ല്‍ ഒന്നും 2015ല്‍ 68ല്‍ ഒന്നും എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഇതിന് പ്രധാനമായും അവര്‍ ചൂണ്ടിക്കാണിക്കുന്നത് 1975 ശേഷമുള്ള ടിവി, കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍, ടാബ്ലറ്റ് എന്നിവയുടെ വ്യാപനമാണ്.
എന്താണ് ഓട്ടിസം?
തലച്ചോറില്‍ നാഡീപരമായ തകരാറുകള്‍ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമൂലം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് ഓട്ടിസം. തീര്‍ത്തും സമൂഹത്തില്‍ നിന്ന് മാറിനിന്ന് തന്റേതായ ഒരു ലോകത്ത് ജീവിക്കാനാണ് ഇത്തരക്കാര്‍ താല്‍പര്യപ്പെടുന്നത്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പ്രയാസം, യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, സ്ഥലങ്ങളിലേക്കും വസ്തുക്കളിലേക്കും ഒരുപാട് നേരം നോക്കിനില്‍ക്കുക, കൈകളും ശരീരഭാഗങ്ങളും പ്രത്യേകരീതിയില്‍ ചലിപ്പിക്കുക, പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക, അലക്ഷ്യമായി ഇറങ്ങി നടക്കുക, ചില വസ്തുക്കളോടും സാധനങ്ങളോടും പ്രത്യേക ഇഷ്ടം കാണിക്കുക, പ്രായത്തിനനുസൃതമായ സാമൂഹിക ഇടപെടലിനുള്ള ശേഷി കാണിക്കാതിരിക്കുക, പേര് വിളിച്ചാല്‍ ഗൗനിക്കാതിരിക്കുക തുടങ്ങിയവയാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.
ഓട്ടിസം എന്ന അവസ്ഥയില്‍ ഏറ്റവും പ്രകടമായി കാണുന്നത് സാമൂഹികമായ ഇടപെടലിന് സാധിക്കാതിരിക്കുകയും സംസാരശേഷിയിലും ആശയവിനിമയശേഷിയിലും സാരമായ പ്രയാസങ്ങള്‍ നേരിടുകയും ചെയ്യുക എന്നുള്ളതാണ്. ഈ അവസ്ഥയാണ് ഏറ്റവും കൂടുതല്‍ വെര്‍ച്വല്‍ ഓട്ടിസം എന്ന അവസ്ഥയില്‍ കുട്ടികളില്‍ കാണപ്പെടുന്നത്. മൊബൈല്‍, സ്‌ക്രീന്‍ എന്നിവയുടെ അമിതമായ ഉപയോഗം കാരണത്താല്‍ കുട്ടികള്‍ സംസാരശേഷിയില്‍ നിന്നും സാമൂഹികമായ ഇടപെടാനുള്ള ശേഷിയില്‍ നിന്നും പിന്നോക്കം വരുന്നു എന്നുള്ളതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്‌ക്രീന്‍ അമിതമായി ഇടപഴകുന്നത് മൂലം സമൂഹത്തോടുള്ള ഇടപെടലുകളില്‍ നിന്ന് പിന്നോട്ട് വരികയും അത് അവരുടെ സ്വഭാവത്തിലും ഇടപെടലുകളിലും സാരമായിട്ടുള്ള മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അക്രമം, പെട്ടെന്നുള്ള ദേഷ്യം, പെരുമാറ്റ ദൂഷ്യങ്ങള്‍, സ്വഭാവപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകുന്നു.
മൂന്നു വയസ്സുവരെ കുട്ടികളിലുണ്ടാകുന്ന സ്വഭാവവൈകൃതങ്ങളെ രക്ഷിതാക്കളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കേണ്ട അടുപ്പം, പരിഗണന, സംരക്ഷണം, വൈകാരികമായ ആത്മവിശ്വാസം എന്നിവ ലഭിക്കാത്തതിന്റെ പ്രതിഫലനമായി നമുക്ക് മനസ്സിലാക്കാം. കുട്ടിയുടെ ആദ്യകാല വളര്‍ച്ചയില്‍ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് വിവിധ ഇന്ദ്രിയങ്ങളിലൂടെയും ചുറ്റുപാടുകളിലൂടെയുമാണ്. ഈ സമയത്ത് അവര്‍ പല പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കുന്നതും മനസ്സിലാക്കുന്നതും അവരുടെ വ്യത്യസ്ത ഇന്ദ്രിയത്തിലൂടെയാണ്. അതുകൊണ്ടാണ് കുട്ടി പാല് വലിച്ചു കുടിക്കുന്നതും കൈകള്‍ കൊണ്ട് വലിച്ചു അടിക്കുന്നതും കൈകള്‍ മുറുകെ പിടിക്കുന്നതും. ഒരു കുട്ടിയുടെ തലച്ചോറിന് സ്പര്‍ശനം, കാഴ്ച, വാസന, കേള്‍വി എന്നിവയിലൂടെയുള്ള ഇടപെടലുകളിലൂടെ മാത്രമേ വികസിക്കാന്‍ കഴിയൂ. എന്നാല്‍ ടിവിയിലൂടെയും മറ്റും കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും മാത്രമാണ് കുട്ടികളിലേക്ക് വിവരങ്ങള്‍ എത്തുന്നത്. സ്‌ക്രീനുകളില്‍ നിന്ന് പ്രകാശവും ശബ്ദവും കുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുവെങ്കിലും അവ ആരോഗ്യകരമായ തലച്ചോറിനെ വികാസത്തിലേക്ക് നയിക്കുന്നില്ല. ആശയവിനിമയത്തിനും ഭാഷാ വളര്‍ച്ചക്കും നൈപുണ്യ വികസനത്തിനും ആവശ്യമായ മാനുഷിക ഇടപെടലുകളില്‍നിന്ന് സ്‌ക്രീന്‍ കുട്ടിയെ അകറ്റുകയാണ് ചെയ്യുന്നത്. കൂടാതെ അതില്‍നിന്നുള്ള ശബ്ദവും വെളിച്ചവും കുട്ടിക്ക് നേരിടാന്‍ കഴിയാത്ത വേദനാജനകമായ വികാരങ്ങള്‍ സൃഷ്ടിക്കുകയും അവ കുട്ടിയില്‍ അക്രമാസക്തയും ആക്രമണാത്മകമായ പെരുമാറ്റത്തില്‍ലേക്ക് നയിക്കുകയും ചെയ്യുന്നു. കാര്‍ട്ടൂണുകളിലും ഗെയിമുകളിലും കാണുന്നതും കേള്‍ക്കുന്നതുമായ ശബ്ദങ്ങളും ലൈറ്റുകളും കുട്ടികളുടെ മനസ്സില്‍ അവര്‍ക്കൊരിക്കലും സഹിക്കാന്‍ പറ്റാത്ത, ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുകയും അത് അവരില്‍ അക്രമാസക്തതയും ദേഷ്യ പ്രകടനത്തിലും എത്തിക്കുന്നു.
ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ രണ്ടു വയസ്സു വരെയാണ് സെന്‍സറി മോട്ടോര്‍ വളര്‍ച്ച കാര്യമായി നടക്കുന്നത്. ഈ സമയത്ത് ഗെയിമുകളിലും മറ്റും കാണുന്ന പ്രകടനങ്ങള്‍ അവന്റെ അവയവങ്ങള്‍ കൊണ്ട് സാധിക്കുമെന്ന മിഥ്യാധാരണ വളര്‍ത്തുന്നു. ഇത് വലിയ അപകടങ്ങളിലേക്കും മറ്റും എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ഗെയിമുകളിലും മറ്റും കാണുന്നത് യാഥാര്‍ഥ്യ ലോകമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലം ഈ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന അനുകരണ സ്വഭാവം അവര്‍ ജീവിതത്തിലേക്കും ചേര്‍ത്തുവയ്ക്കുന്നു. അതിലൂടെ ഗെയ്മുകളിലും വിഡിയോകളിലും കാണുന്ന നായകന്മാരുടെ പ്രകടനങ്ങള്‍ അനുകരണത്തിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും വലിയ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ടിവി, മൊബൈല്‍ എന്നിവയുടെ ഉപയോഗം മൂലം ഓട്ടിസം എന്ന അവസ്ഥയുടെ ലക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളില്‍ നാഡീവ്യവസ്ഥയുടെ വളര്‍ച്ചയിലും കുറവുകള്‍ കാണപ്പെടുന്നു. ഇതിനു കാരണം മാനസികമായും ശാരീരികമായും ഉത്തേജനം ലഭിക്കാത്തതുമൂലമാണ്. ഫോണിലൂടെയോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ മാത്രം ഒരു കുട്ടി അറിവ് നേടുന്നു എന്ന് പറയപ്പെടുമ്പോഴും സംവേദനാത്മകമായ കൈമാറ്റം നടക്കുന്നതിനു പകരം നിഷ്‌ക്രിയമായ അനുഭവം മാത്രമാണ് ഒരു കുട്ടിയുടെ മനസ്സിലേക്ക് കിട്ടുന്നത്. ഇതുമൂലം കുട്ടിക്ക് നഷ്ടപ്പെടുന്നത് സ്പര്‍ശനത്തിലൂടെയും ഒരു വസ്തുവിന്റെ പൂര്‍ണമായ ഉപയോഗത്തിലൂടെയും മറ്റും രൂപപ്പെടേണ്ട നാഡീപരമായ വളര്‍ച്ചയാണ്. മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചാണ് നാഡികളുടെ വളര്‍ച്ച ഉണ്ടാകുന്നത് എന്നതിനാല്‍ സ്‌ക്രീനുകളോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിലൂടെ കുട്ടികളില്‍ മെന്റല്‍ എബിലിറ്റി വളരാന്‍ സാധ്യത കുറവാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മസ്തിഷ്‌കത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍
ടിവി, മൊബൈല്‍ പോലോത്തവയോട് കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, ബുദ്ധിക്കുറവ്, പഠന താല്‍പര്യക്കുറവ്, ഭാഷാ വികസനക്കുറവ്, മാനസിക സന്തുലിതവസ്ഥക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി(അമിത ചലനാത്മകത) എന്നിവ കണ്ടുവരുന്നു. ഇവയെല്ലാം ഓട്ടിസത്തിലും കാണാന്‍ സാധിക്കും. രണ്ടു മണിക്കൂറിലധികം സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്ന ചെറിയ കുട്ടികളുടെ മസ്തിഷ്‌കത്തില്‍ വെളുത്ത ദ്രവ്യം(ംവശലേ ാമേേലൃ) കുറയുന്നതായി കാണുന്നു. ഇവ ചിന്തയുടെ ഏകോപനത്തിനും സംസ്‌കരണത്തിനും മറ്റു സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായിക്കുന്നവയാണ്. ഭാഷാപഠനം, സാക്ഷരതാ, ഓര്‍മ എന്നിവ ഉണ്ടാക്കുന്നതിന് തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ലൈനുകള്‍ പോലെയുള്ള ട്രാക്കുകളാണിവ. കൂടുതല്‍ സ്‌ക്രീന്‍ സമയമുള്ള കുട്ടികളില്‍ അവികസിതമായാണ് കാണുന്നത്. അതുപോലെ തലച്ചോറിലെ ന്യൂറോ കെമിക്കലുകളുടെ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. മേലാറ്റോണിന്‍, ഡൊപ്പോമിന്‍, അസറ്റന്‍ കോളിന്‍, ഗാമാ ആമിനോബുട്ടിറിക് ആസിഡ്, 5 -ഹൈഡ്രോടൈപ്റ്റമിന്‍ തുടങ്ങിയ ന്യുറോ ട്രാന്‍സ്മിറ്ററുകളുടെ കുറവുകളും കാണപ്പെടുന്നു. ഇതുമൂലം സ്വഭാവ വൈകൃതങ്ങളും അപകടങ്ങളിലേക്കുള്ള എടുത്തുചാട്ടവും മറ്റും കാണിക്കാന്‍ കാരണമാകുന്നു.
കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ പതിനാറു സ്പീച്ച് തെറാപ്പി സെന്ററുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചികിത്സക്കായെത്തിയ 2219 കുട്ടികളില്‍ 687 കുട്ടികള്‍ക്ക്(30%) മൊബൈല്‍ ഉപയോഗം മൂലം സംസാര കാലതാമസവും സംസാര പ്രയാസങ്ങളും കാണുകയും അവയില്‍ പലതും ഓട്ടിസത്തിന്റെ ലക്ഷണങ്ങളോട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നതും ഗൗരവതരമായ കാര്യം തന്നെയാണ്. അണുകുടുംബങ്ങളിലും ഫ്‌ളാറ്റുകളിലും നഗരങ്ങളിലും താമസിക്കുന്നവരിലും ജോലിയുള്ള രക്ഷിതാക്കളുടെ മക്കളിലും ഇത്തരം പ്രയാസങ്ങള്‍ കൂടുതല്‍ കാണുന്നു. മുതിര്‍ന്നവരുടെ സൗകര്യത്തിനും മറ്റും കുട്ടികളില്‍ മൊബൈല്‍ നല്‍കിയിരുത്താന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരുന്നത് വലിയ അപകടങ്ങളിലേക്കാണെന്ന് ഓര്‍ക്കണം.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക് നിര്‍ദേശിക്കുന്നത് രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഒരിക്കലും മൊബൈല്‍, ടാബ്, ടിവി പോലുള്ളവയുടെ സ്‌ക്രീന്‍ ഉപയോഗം ഉണ്ടാവാന്‍ പാടില്ല എന്നുള്ളതാണ്. രണ്ടു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളില്‍ ഒരു ദിവസം പരമാവധി രണ്ടു മണിക്കൂറില്‍ ചുരുക്കണം. ഇതിനു മുകളിലുള്ള കുട്ടികളില്‍ പഠനാവശ്യത്തിനു മാത്രമായി സ്‌ക്രീന്‍ ഉപയോഗം പരിമിതമാക്കണമെന്നും അതു കഴിഞ്ഞുള്ള സമയങ്ങളില്‍ പ്രകൃതിയോടും സമൂഹത്തോടും ഇടപെടാന്‍ അവസരം നല്‍കണമെന്നുമാണ് പറയുന്നത്.
പരിഹാരമാര്‍ഗങ്ങള്‍
മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രയാസങ്ങള്‍ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ ഒരു നല്ല സൈക്കോളജിസ്റ്റിനെയൊ സ്പീച്ച് തെറാപ്പിസ്റ്റിനെയോ സമീപിക്കണം. അതോടൊപ്പം കഴിയുന്നത്ര ദിവസവും നിങ്ങളുടെ കുട്ടിയുമായി സംസാരിക്കുകയും വായിക്കുകയും ചെയ്യുക. ചെറിയ കഥകള്‍, പാട്ടുകള്‍, കാര്യങ്ങള്‍ എന്നിവ അവരുടെ മുഖത്തു നോക്കി പറയുകയും അവര്‍ പറയുമ്പോള്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുക.
കളിപ്പാട്ട കുഴല്‍, വിരല്‍ ചായം, കളിസ്ഥലം എന്നിവ പോലുള്ള കൃത്രിമത്വം ആവശ്യമായ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍ എന്നിവ നല്‍കുക.
ദിവസത്തില്‍ ഒരു തവണയെങ്കിലും വീടിനു പുറത്ത് പോയി കുട്ടിക്ക് ഒറ്റയ്ക്കും മറ്റ് കുട്ടികളുമായും കളിക്കാന്‍ സമയമുണ്ടെന്ന് ഉറപ്പാക്കുക. കുട്ടികളോടൊപ്പമായിരിക്കുമ്പോള്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കരുത്.
കുഞ്ഞിനോ കൊച്ചുകുട്ടിക്കോ ഒരു ഫോണ്‍ കൈമാറരുത് (കൂടാതെ സ്‌ക്രീന്‍ ലോക്കായി സൂക്ഷിക്കുക). സ്‌ക്രീനിലുള്ളത് കുട്ടി ശ്രദ്ധിക്കുന്നതായി തോന്നുന്നില്ലെങ്കിലും, നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുറ്റും ടിവി ഓഫ് ചെയ്യുക.
കുട്ടിയുടെ ആരോഗ്യകരമായ വികാസത്തിനും ദീര്‍ഘായുസ്സിനും ക്ഷേമത്തിനും ഈ നടപടികള്‍ എന്തുകൊണ്ട് അനിവാര്യമാണെന്ന് കുടുംബാംഗങ്ങളോടും വീട്ടിലുള്ളവരോടും വിശദീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."