കെര്‍സണ്‍ ഉക്രൈനിന്റെ പൂര്‍ണ നിയന്ത്രണത്തില്‍; ഇത് യുദ്ധം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് സെലെന്‍സ്‌കി
കൈവ്: ഉക്രൈനിലെ കെര്‍സണ്‍ നഗരം റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചത് യുദ്ധം അവസാനിക്കുന്നതിന്റെ ആരംഭമാണെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യന്‍ പിന്മാറിയ നഗരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെര്‍സണിന്റെ പ്രധാന ഭരണനിര്‍വഹണ കെട്ടിടത്തിന് സമീപം രാജ്യത്തിന്റെ നീലയും മഞ്ഞയും പതാക ഉയര്‍ത്തിയപ്പോള്‍ സെലെന്‍സ്‌കി നെഞ്ചില്‍ കൈവച്ച് ദേശീയ ഗാനം ആലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേഖലയില്‍ നിന്ന് റഷ്യന്‍ സേന പൂര്‍ണമായി പിന്മാറിയത്. കെര്‍സണിലെ പ്രധാന വൈദ്യുതിനിലയം റഷ്യന്‍ സേന തകര്‍ത്തതായി ഉക്രൈന്‍ കുറ്റപ്പെടുത്തി. നവംബര്‍ ആറു മുതല്‍ കെര്‍സണിന്റെ മിക്ക ഭാഗങ്ങളും ഇരുട്ടിലാണ്.
എന്നാല്‍, റഷ്യയുടെ സൈനിക ശേഷി കുറച്ചുകാണരുതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉക്രൈന്‍ കടുത്ത പ്രയാസമനുഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും വഌഡിമിര്‍ പുടിന്റെ പ്രധാന സഖ്യകക്ഷിയായ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഉക്രൈനില്‍ ഉള്‍പ്പെടെ എവിടെയും ഒരിക്കലും ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് സമ്മതിച്ചു.
കഴിഞ്ഞ മാസം ഹിതപരിശോധനയിലൂടെ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട കെര്‍സണില്‍ സെലെന്‍സ്‌കി നടത്തിയ സന്ദര്‍ശനം ഒരു ഫലവും ഉണ്ടാക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."