സമൂഹമാധ്യമങ്ങളില്‍ നുരയുന്ന വര്‍ഗീയത
സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും നരയുന്ന വര്‍ഗീയ, വ്യാജ വാര്‍ത്തകള്‍ക്കെതിരേ സുപ്രിം കോടതിയില്‍ നിന്നു നിശിതവിമര്‍ശനമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരവസ്ഥ, ആരോടും ഉത്തരവാദിത്വമില്ലാത്ത, കണക്ക് ബോധിപ്പിക്കേണ്ടാത്ത, ആരെക്കുറിച്ചും എന്തും പറയാമെന്ന ധാര്‍ഷ്ട്യത്തിന്റെ ബലത്തിലാണ് ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളില്‍ ചിലത് വ്യാജവാര്‍ത്തകളും വര്‍ഗീയവിഷം വമിക്കുന്ന വാര്‍ത്തകളും പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ജഡ്ജിമാര്‍ക്കെതിരേപ്പോലും ഇത്തരം മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ നടുക്കം പ്രകടിപ്പിക്കുകയുണ്ടായി.
കൊവിഡ് ഒന്നാംതരംഗ കാലത്ത് തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി കൊവിഡ് പരത്തി എന്ന് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയസ്പര്‍ധയുണ്ടാക്കും വിധം വാര്‍ത്തകള്‍ നിര്‍മിക്കുന്നതിനെതിരേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കെതിരേയും അതിനിശിത വിമര്‍ശനങ്ങള്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായത്.
യൂട്യൂബ് ചാനലുകളും വെബ് പോര്‍ട്ടലുകളും അസത്യപ്രചാരണം നടത്തുകയാണ്. ആര്‍ക്കുവേണമെങ്കിലും യൂട്യൂബ് ചാനല്‍ തുടങ്ങി ആരേയും അപമാനിക്കാമെന്നിടത്തും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കും വിധമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാമെന്നിടത്തും വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്തെങ്കിലും നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, ചട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും ചട്ടത്തിനെതിരേ വിവിധ ഹൈക്കോടതികളില്‍ കേസുള്ളതുകൊണ്ടാണ് താമസിക്കുന്നതെന്നും, ഇത്തരം ഹരജികളെല്ലാം സുപ്രിം കോടതിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന കോടതി സ്വീകരിച്ചിരിക്കുകയാണ്.
എന്നാല്‍ വ്യാജവാര്‍ത്തകള്‍ക്കും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്കുമെതിരേ നിയമം കൊണ്ടുവരുന്നുണ്ടെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുള്ളതിനാലാണ് സര്‍ക്കാരിന്റെ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ക്കെതിരേ ഹൈക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാനും അത്തരം വാര്‍ത്തകള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്യാനുമാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്ന വിമര്‍ശനം ശക്തമാണ്.
സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളില്‍ ചിലതും വായില്‍ തോന്നിയത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് ബി.ജെ.പി ഭരണകൂടത്തിന്റെ ചെയ്തികളാലാണ്. ദേശീയ സ്വതന്ത്ര മാധ്യമങ്ങളെ റെയ്ഡ് ഭീഷണി മുഴക്കി വരുതിയിലാക്കുകയും, മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വശത്താക്കിയും വ്യാജ വാര്‍ത്തകളും വര്‍ഗീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് ബി.ജെപി നിര്‍ദേശത്താലായിരുന്നു. ഇതു കണ്ടറിഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിലത് ഭരണകൂട പ്രീതിക്കായി ബോധപൂര്‍വം വ്യാജ വാര്‍ത്തകളും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.
ചില വാര്‍ത്താ പോര്‍ട്ടലുകള്‍ സര്‍ക്കാരിനെതിരേ നിശിത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു എന്നതും കാണാതിരിക്കരുത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്താന്‍ ഇസ്‌റാഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിനെ ഉപയോഗപ്പെടുത്തിയത് പുറത്തുകൊണ്ടുവന്നത് ദ വയര്‍ എന്ന വെബ് വാര്‍ത്താ പോര്‍ട്ടലായിരുന്നു.
വ്യാജവാര്‍ത്ത നല്‍കി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'പോസ്റ്റ് കാര്‍ഡ് ന്യൂസ്' പത്രാധിപര്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയതാകട്ടെ കര്‍ണാടക ബി.ജെ.പി എം.പി.പ്രതാപ് സിങ് ആയിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴാണ് മഹേഷ് വിക്രം ഹെഗ്‌ഡേ അറസ്റ്റ് ചെയ്യപ്പെട്ടത്. നിരവധി വ്യാജവാര്‍ത്തകളും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളും പ്രസിദ്ധീകരിച്ചതിന് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് മഹേഷ് വിക്രം.
വാര്‍ത്തകളുടെ വക്രീകരണവും തമസ്‌കരണവും കോര്‍പറേറ്റുകളെ പര്‍വതീകരിക്കുന്നതുമായ വാര്‍ത്തകള്‍ പൊതുമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഭരണകൂടം അവയെ വരുതിയിലാക്കാനും സ്വാധീനിക്കാനും തുടങ്ങിയതോടെയാണ്. അധികാരികളെ പ്രീണിപ്പിക്കാന്‍ എന്ത് നെറികേടും പ്രസിദ്ധീകരിക്കുക എന്ന അധഃപതനത്തിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പലതും ആഴ്ന്നുപോവുകയും ചെയ്തു. അതാണിപ്പോള്‍ സമൂഹമാധ്യമങ്ങളും അനുകരിക്കുന്നത്.
നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ ഇല്ലാതായിരിക്കുന്നുവെന്ന് 2017 ല്‍ 'റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം 138 രാജ്യങ്ങളെക്കാള്‍ പരിതാപകരമാം വിധം താഴെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ മത്സരിക്കുന്നതില്‍ അത്ഭുതമില്ല.
തെറ്റായ വിശകലനങ്ങളിലൂടെ ആളുകളില്‍ വര്‍ഗീയവിദ്വേഷം കുത്തിവയ്ക്കുകയാണ് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. സമൂഹമാധ്യമ കുപ്പായമിട്ട വര്‍ഗീയ ചെന്നായ്ക്കളാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മേഞ്ഞുനടക്കുന്നത്.
സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ സംഘ്പരിവാറിനു സമൂഹമാധ്യമങ്ങളില്‍ പ്രത്യേക വിങ് പ്രവര്‍ത്തിക്കന്നുണ്ടെന്ന വിവരം എന്നോ പുറത്തുവന്നതാണ്. വ്യാജവാര്‍ത്തകള്‍ക്കെതിരേയും വര്‍ഗീയ വാര്‍ത്തകള്‍ക്കെതിരേയും നിയമം കൊണ്ടുവരുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് തങ്ങള്‍ക്ക് ഹിതകരമല്ലാത്ത മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും വരിഞ്ഞുമുറുക്കുകയാണ് സര്‍ക്കാര്‍.
ഇതു കാണുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവരുടെ നിലനില്‍പ്പിനും കൂടി വേണ്ടിയാണ് വ്യാജവാര്‍ത്തകളും വര്‍ഗീയവിഷം വമിക്കുന്ന വാര്‍ത്തകളും നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ഭരണകൂടവും സംഘ്പരിവാറും ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ആരേയും പേടിക്കാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നതും. ഈ അന്ധകാരനിബിഡമായ കാലത്തും പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിപ്പിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും ജുഡീഷ്യറിയും ധീരതയോടെ നില കൊള്ളുന്നു എന്നതുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന ശുഭപ്രതീക്ഷയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."