ഇന്ന് ജയിച്ചേ തീരൂ...അര്‍ജന്റീനക്കിന്ന് ജീവന്മരണപ്പോരാട്ടം, മെസ്സിപ്പടയെ നേരിടാന്‍ കച്ചകെട്ടി മെക്‌സിക്കോയും
ഇന്ന് പാതിരാവില്‍ ലോകമെങ്ങുമുള്ള ആയിരങ്ങളുടെ മിടിപ്പുയരും. അവര്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നീലക്കുപ്പായക്കാര്‍ക്കിന്ന് നിലനില്‍പിന്റെ പോരാട്ടമാണ്. കളികളേറെകണ്ട വിജയത്തിന്റെ പെരുമഴകളേറെ നനഞ്ഞ ലയണല്‍ മെസ്സിയെന്ന അവരുടെ ഹൃദയതാളത്തിനിത് ജീവന്മരണപ്പോരാട്ടമാണ്. ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന മിശിഹാക്കും കുട്ടികള്‍ക്കുമായി ഹൃദയത്തോട് ചേര്‍ത്ത് വെച്ച പ്രാര്‍ത്ഥനകളാല്‍ നിറയും ഇന്ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം.
താരതമ്യേനെ ദുര്‍ബലരായ സൗദി അറേബ്യയോടാണ് ആദ്യ മത്സരത്തില്‍ തോറ്റതെങ്കില്‍ കരുത്തരായ മെക്‌സിക്കോയെയാണ് ഇന്ന് നേരിടാനുള്ളത്. ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം.
ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താം. തോറ്റാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ വിദൂരത്താക്കും. ഗ്രൂപ്പ് സിയില്‍ നിലവില്‍ സഊദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകില്‍ ഏറ്റവും ഒടുവിലാണ് അര്‍ജന്റീനയുള്ളത്.
തോല്‍വിയറിയാതുള്ള 36 മത്സരങ്ങള്‍ക്കുശേഷമാണ് അര്‍ജന്റീന സഊദിയോട് അവിശ്വസനീയമായി തോറ്റത്. ജയം ഉറപ്പിച്ച മത്സരത്തിലെ അട്ടിമറി അര്‍ജന്റീനയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേല്‍പിച്ചിട്ടുണ്ട്. പരിക്കുകാരണം ലോ സെല്‍സോ ലോകകപ്പിനില്ലാത്തത് അര്‍ജന്റീനയെ ബാധിച്ചുവെന്നതാണ് ആദ്യ മത്സരം നല്‍കുന്ന സൂചന. മുന്‍നിരയില്‍ ലൗതാരോ മാര്‍ട്ടിനെസും ഏയ്ഞ്ചല്‍ ഡി മരിയയും വീണ്ടും ആക്രമണത്തിനിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."