വ്യാജന്‍ വിലസുന്ന കാലത്ത് വേണം മാധ്യമസാക്ഷരത
വ്യാജന്‍ വിലസുന്ന കാലത്ത് വേണം മാധ്യമസാക്ഷരത
സി.വി ശ്രീജിത്ത്
പോയനൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ നേട്ടങ്ങളിലൊന്നാണ് ഇന്റര്‍നെറ്റിന്റെ കണ്ടുപിടിത്തവും വ്യാപനവും. മൂന്നാം ലോകരാജ്യങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റര്‍നെറ്റിന്റെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താത്ത ഇടമില്ല. ശൂന്യാകാശം മുതല്‍ സമുദ്രാന്തര്‍ഭാഗങ്ങളില്‍ വരെ ഇന്റര്‍നെറ്റിന്റെ സാന്നിധ്യം ഉറപ്പാക്കി മാനവരാശി വലിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നുണ്ട്. കേവലം ശാസ്ത്രീയ, വൈിജ്ഞാനിക ലോകത്തെ നേട്ടത്തിന് മാത്രമല്ല, സമൂഹത്തിന്റെ ഓരോ തലങ്ങളിലും സര്‍വവ്യാപിയായി ഇന്റര്‍നെറ്റും അതിന്റെ ഉപോല്‍പ്പന്നങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്.
ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ വിവരവിനിമയത്തിന് പുതിയ രൂപവും മാനവും കൈവന്നു. വിവരസാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റും ഡിജിറ്റല്‍ മാധ്യമ ലോകവും വ്യാപകമായി. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലോകം മുഴുവന്‍ ഒരു കുടക്കീഴിലാക്കിയ സാമൂഹികമാധ്യമങ്ങളാവട്ടെ സമകാലീന സമൂഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന സുപ്രധാനഘടകങ്ങളിലൊന്നാണ്. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്വിറ്ററും(ഇപ്പോള്‍ എക്‌സ്) അതിന്റെ വിനിയോഗത്തില്‍ അതിവേഗ വളര്‍ച്ചയാണ് കാണിക്കുന്നത്. 2022 ലെ ഇന്റര്‍നെറ്റ് ലൈവ് സ്റ്റാറ്റസ് സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 500 ദശലക്ഷം ഇന്‍സ്റ്റാഗ്രാം സ്റ്റോറികളാണ് അപ് ലോഡ് ചെയ്യപ്പെടുന്നത്. ഒരു സെക്കന്റില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വീറ്റുകള്‍ 7,600 ആണ്. 2022ല്‍ പ്രതിദിനം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 191 കോടിയാണ്. ലോകത്താകെയുള്ള യൂട്യൂബ് ഉപയോക്താക്കള്‍ ഒരു ദിവസം കാണുന്ന ആകെ വിഡിയോയുടെ ദൈര്‍ഘ്യം 100 കോടി മണിക്കൂറാണ്. സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്ന ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് വഴി ഒരു ദിവസം കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഏകദേശം 10,000 കോടിയാണ്.(മെറ്റ അക്കൗണ്ട്‌സ്). ഒരു ദിവസം സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ വഴി ഏകദേശ തിരച്ചിലുകളുടെ എണ്ണം 900 കോടിയാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് സാമൂഹികമാധ്യമങ്ങളുടെ വ്യാപനശേഷിയാണ്.
വിവരലഭ്യതയുടെ സൂപ്പര്‍ ഹൈവെ
വിവരങ്ങളുടെ സൂപ്പര്‍ ഹൈവെയിലാണ് ലോകം. ഇന്റര്‍നെറ്റിന്റെ അതിവ്യാപനത്തോടെ വിവരം(ഇന്‍ഫര്‍മേഷന്‍) വിരല്‍ത്തുമ്പിലെത്തി. വിവരം കേവലമായ അറിയിപ്പല്ല. അത് സാമൂഹിക ഗതിയുടെ ഇന്ധനം കൂടിയാണ്. വിശ്വസനീയമായ വിവരങ്ങളുടെ ഏറ്റവും ലളിതവും സത്യസന്ധവും ആയാസരഹിതവുമായ ലഭ്യതയാണ് നീതിയുക്തമായ സമൂഹത്തിന്റെയും പൂര്‍ണാര്‍ഥത്തിലുള്ള ജനാധിപത്യത്തിന്റെയും ശക്തി. എന്നാല്‍, അമിതമായ വിവരത്തിന്റെ പ്രവാഹം അത് തെറ്റെന്നോ ശരിയെന്നോ തിരിച്ചറിയാനാകാത്തവിധം കുന്നുകൂടിയതോടെ സമൂഹം വല്ലാത്തൊരു വീര്‍പ്പുമുട്ടലിലായി മാറിയിട്ടുണ്ട്. ഏത് ശരി, ഏത് തെറ്റ് എന്ന് കണ്ടെത്താനാകാത്തവിധമാണ് സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായതും വ്യാജമായതുമായ വിവരങ്ങളുടെ കുത്തൊഴുക്ക്. തെറ്റായ വിവരങ്ങള്‍ വ്യക്തിയെ ആശയക്കുഴപ്പത്തിലോ അപകടത്തിലോ കൊണ്ടെത്തിക്കുന്നു. വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള കഴിവിനെ തെറ്റായ വിവരം അഥവാ വ്യാജവിവരം സ്വാധീനിക്കുന്നതോടെ തീരുമാനങ്ങളും ലക്ഷ്യങ്ങളും തെറ്റുന്നു. വ്യക്തിപരമായി പരിഭ്രാന്തി സൃഷ്ടിക്കാന്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, ശത്രുത വളര്‍ത്തല്‍, സ്വാര്‍ഥനേട്ടമുണ്ടാക്കാന്‍ തുടങ്ങി എല്ലാവിധത്തിലുള്ള ക്രിമിനല്‍ നടപടികള്‍ക്കും തെറ്റായ വിവരംവ്യാജ വാര്‍ത്ത യഥേഷ്ടം ഉപയോഗിക്കുന്ന അവസ്ഥയിലെത്തി.
വേണം മാധ്യമസാക്ഷരത
സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം മറച്ചുപിടിക്കാനാകില്ല. ഇതിന്റെ വ്യാപനശേഷിയും സമൂഹത്തില്‍ ചെലുത്തുന്ന അഭിപ്രായ(തെറ്റായാലും ശരിയായാലും) രൂപീകരണത്തിനുള്ള പ്രേരണാശക്തിയും ഏറെ വലുതാണ്. അതുകൊണ്ടുതന്നെ, വ്യക്തികളും വിവിധ സാമൂഹികരാഷ്ട്രീയസാമുദായിക ഘടകങ്ങളും സാമൂഹികമാധ്യമങ്ങളെ തങ്ങളുടെ ടൂളായി ഉപയോഗിക്കുന്നുണ്ട്. ഇത്തരമൊരു സവിശേഷവും സങ്കീര്‍ണവുമായ സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാനോ മാറ്റിനിര്‍ത്താനോ അല്ല, തിരിച്ചറിയാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. അതിന് അവശ്യം വേണ്ടത് മാധ്യമസാക്ഷരതയാണ്.
ഒരു വ്യക്തിക്ക് അയാളിലേക്കെത്തുന്ന വിവരങ്ങളെ സ്വീകരിക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പ്രതികരിക്കാനും കഴിയുന്നതാണ് മാധ്യമസാക്ഷരത. വിവരങ്ങളുടെ അഥവാ വാര്‍ത്തകളുടെ സമഗ്രമായ സമീപനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതോടെ ഒരാള്‍ മാധ്യമസാക്ഷരത കൈവരിക്കുകയാണ്. നവമാധ്യമങ്ങളുടെ അതിവ്യാപനത്താല്‍ നിര്‍വചിക്കപ്പെട്ട സമകാലിക യുഗത്തില്‍ വിവരങ്ങളുടെ പരമ്പരാഗത ശരിപരിശോധനാ പ്രക്രിയ കുറവായതിനാല്‍ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഓരോ പൗരനും ഫാക്ട് ചെക്കര്‍മാരായി മാറേണ്ടിയിരിക്കുന്നു. ഇതു വഴി വരുന്നതും പോകുന്നതുമായ സന്ദേശങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയുന്നു എന്നതാണ് മാധ്യമ സാക്ഷരതയുടെ ഏറ്റവും വലിയ നേട്ടം.
സാമൂഹികമാധ്യമ ലോകത്ത് ഇടപെടുന്ന ഒരാള്‍ക്ക് അനിവാര്യ ഘടകമാണ് വിമര്‍ശനാത്മക ചിന്ത. വസ്തുതകളെയും യുക്തിയെയും അടിസ്ഥാനമാക്കി വിവരങ്ങളെ വിശകലനം ചെയ്യുകയും തീരുമാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് വിമര്‍ശനാത്മക ചിന്ത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു വാര്‍ത്തയെ, വിവരത്തെ, ചിത്രത്തെ, കണ്ടന്റിനെ വ്യത്യസ്ത വീക്ഷണകോണില്‍നിന്ന് സമീപിക്കാനും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും വിമര്‍ശനാത്മക ചിന്ത വഴി കഴിയുന്നു. തെളിവുകളെയും ബോധ്യത്തെയും ചരിത്രവസ്തുതകളെയും അടിസ്ഥാനമാക്കി വിവരത്തെ വിശകലനം ചെയ്യുന്നതോടെ ഉത്തരവാദിത്വബോധമുള്ള സമൂഹികമാധ്യമ അംഗം കൂടിയായി മാറുകയാണ് ഓരോരുത്തരും. പക്ഷപാതരഹിതമായി ചിന്തിക്കാനും മുന്‍വിധികളില്ലാതെ സമീപിക്കാനും കഴിയുന്നതോടെ വിമര്‍ശാനത്മക ചിന്ത ഏറ്റവും ഫലപ്രദമായ ഒരു ടൂളായി മാറുകയാണ്.
പലതരം സ്വഭാവമുള്ളവരും ലക്ഷ്യങ്ങള്‍ കണക്കുകൂട്ടുന്നവരുമാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും നിര്‍മിക്കാനും പ്രചരിപ്പിക്കാനും അവര്‍ക്ക് ഓരോ താല്‍പര്യങ്ങളുമുണ്ട്. ശരിയെന്ന് കരുതി തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരുണ്ട്. (മിസ് ഇന്‍ഫര്‍മേഷന്‍). എന്നാല്‍ ഇതിനേക്കാള്‍ അപകടകാരികളാണ് വ്യാജ വിവരങ്ങള്‍ സൃഷ്ടിക്കുന്നവര്‍. ഇതിന് പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ള നടപടികള്‍ കൂടിയുണ്ടാവാം. തെറ്റ് മനുഷ്യസഹജമാണ്. സാധാരണയായി ഉണ്ടായേക്കാവുന്ന പിശകുകള്‍ തിരുത്താവുന്നതുമാണ്. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം മനുഷ്യസഹജമായ തെറ്റുകള്‍ വ്യാപകമായി വരുന്നുണ്ട്. ചിലര്‍ തിരുത്താറുമുണ്ട്. ആളുകളെ പരിഹസിക്കാനായി നിരുപദ്രവകരമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നവരെയും സാമൂഹികമാധ്യമങ്ങളില്‍ കാണാനാകും. തമാശയ്‌ക്കോ പരിഹാസത്തിനോ വേണ്ടിയാണ് ഇത്തരക്കാര്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പിനും ജാതിമതസമുദായ വിദ്വേഷമോ താല്‍പര്യമോ ഉള്ളില്‍വച്ചുള്ള പ്രചാരണത്തിനും ചിലര്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കുന്നത് അതീവഗുരുതരമാണ്. വ്യാജവാര്‍ത്തകളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച് കലാപത്തിനും മനുഷ്യഹത്യയ്ക്കും വരെ ശ്രമിക്കുന്നവരുണ്ട്.
ഓണ്‍ലൈന്‍ ലോകത്ത് സമീപകാലത്തായി വ്യാജവാര്‍ത്തകളുടെയും അര്‍ധസത്യമുള്‍ക്കൊള്ളുന്ന കണ്ടന്റുകളുടെയും ആധിക്യം കാരണം അക്രമങ്ങളും അസ്വസ്ഥതകളും വര്‍ധിക്കുകയാണെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തിപരവും മതപരവും സാമുദായികപരവും സംഘടനാസ്ഥാപനപരവുമായ നേട്ടവും സ്വാര്‍ഥതാല്‍പര്യങ്ങളുമാണ് തെറ്റായ വിവരത്തിന്റെവ്യാജ വാര്‍ത്തയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങള്‍. ഇത്തരം അജന്‍ഡകളുടെ അടിസ്ഥാനത്തിലാണ് തെറ്റായ വിവരങ്ങള്‍(കണ്ടന്റുകള്‍) രൂപപ്പെടുന്നത്. വസ്തുതകളെ വളച്ചൊടിക്കുക, ഗൂഢാലോചനാ സിദ്ധാന്തം പ്രചരിപ്പിക്കുക, വ്യാജവും അശാസ്ത്രീയവുമായ ചികിത്സാ വിവരങ്ങള്‍ പങ്കുവയ്ക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കി എതിരാളികളെ അപമാനിക്കുക, അപകടത്തില്‍പെടുത്തുക തുടങ്ങിയ ഒട്ടനവധി ലക്ഷ്യങ്ങളോടെയാണ് ഇത്തരക്കാര്‍ വ്യാജന്‍ പടച്ചുവിടുന്നത്.
പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി
പരമ്പരാഗത മാധ്യമങ്ങള്‍ വാര്‍ത്താ ശേഖരണത്തിലും പരിശോധനയിലും വിന്യാസത്തിലും സ്വീകരിക്കുന്ന ചില കടമ്പകളുണ്ട്. ഒന്നിലധികം ഗേറ്റുകള്‍ കടന്നാണ് ഒരു വാര്‍ത്ത അല്ലെങ്കില്‍ കണ്ടന്റ് പത്രദൃശ്യമാധ്യമങ്ങളിലും റേഡിയോവിലും പ്രസിദ്ധീകരണത്തിനെത്തുന്നത്. ശരി പരിശോധന നടത്താന്‍ പ്രത്യേക ചുമതലപ്പെട്ടവരുടെ കൂടി നിരീക്ഷണത്തിലൂടെയോ പരിശോധനയിലൂടെയോ മാത്രമാണ് ഇത്തരം പരമ്പരാഗത മാധ്യമങ്ങള്‍ വഴി വാര്‍ത്തകളും വിവരങ്ങളും പുറത്തുവരുന്നത്. എന്നാല്‍ ഇപ്പറഞ്ഞതിന്റെ നേര്‍വിപരീതമാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. അവിടെ സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഒരാള്‍ റിപ്പോര്‍ട്ടറും എഡിറ്ററും പ്രിന്ററും പബ്ലിഷറും ആയി സ്വയം മാറുകയാണ്. വാര്‍ത്തയോ വിവരമോ തോന്നലോ ആവട്ടെ അത് എഴുതാനും നിമിഷനേരംകൊണ്ട് പബ്ലിഷ് ചെയ്യാനും ഷെയര്‍ ചെയ്യാനും അയാള്‍ക്ക് ആരുടെയും അനുമതിയോ പരിശോധനയോ ആവശ്യമില്ല. അതുകൊണ്ടുതന്നെ ഫാക്ട് ചെക്(ശരിപരിശോധന) നടത്താത്ത കണ്ടന്റുകളാണ് സമൂഹമാധ്യമങ്ങളിലേറെയും എന്ന് ഗൂഗിള്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. ഒരാള്‍ക്ക് തോന്നിയത് എഴുതിവിടാമെന്ന നിലയിലേക്ക് സാമൂഹികമാധ്യമങ്ങള്‍ മാറുന്നതോടെ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുകയാണ്. ഇതിനെതിരേ സ്വയം ബോധവാന്മാരാവുക എന്നതാണ് ഏറ്റവും കരണീയമായ മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."