തിരുത്തും തീര്‍പ്പും ഉലമാക്കളാണ്!
സാദിഖ് ഫൈസി താനൂർ
മുസ്‌ലിം ലോകത്തിന്റെ ഖലീഫയാണ് സലീം ഒന്നാമന്‍(1470-1570). മക്കയും മദീനയും ഈജിപ്തും സിറിയയും ഇറാനുമെല്ലാം ഈ ഖലീഫയുടെ കൈയിലാണ്. പക്ഷേ, തലസ്ഥാനമായ ഇസ്താംബൂളില്‍ ഇടക്കിടെ പ്രശ്‌നങ്ങള്‍. വിഘടനവാദികളെ പിന്തുണയ്ക്കാനും ശത്രുരാജ്യങ്ങള്‍ക്ക് പലപ്പോഴും രഹസ്യങ്ങള്‍ തലസ്ഥാനത്തെ ചിലര്‍ ശ്രമിക്കുന്നു. അതില്‍ പിടിക്കപ്പെടുന്നവര്‍ ചിലരെല്ലാം ജൂത-ക്രൈസ്തവ മത ന്യൂനപക്ഷങ്ങളാണ്
ഈ പ്രശ്‌നം ആവര്‍ത്തിച്ചപ്പോള്‍, ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു; മുസ്‌ലിംകളല്ലാത്തവരാരും ഇനി മുതല്‍ ഇസ്‌ലാമിക സമ്രാജ്യത്തിന്റെ ആസ്ഥാനത്തുണ്ടാകാന്‍ പാടില്ല. നിലവിലുള്ള ജൂത-ക്രൈസ്തവ വിഭാഗങ്ങളെല്ലാം ഒന്നെങ്കില്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുകയോ, തലസ്ഥാനം വിട്ടു മറ്റിതര പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുകയോ വേണം!
ഈ വിവരം മഹാ പണ്ഡിതനും ശൈഖുല്‍ ഇസ്‌ലാമുമായ അലി അഫന്ദി സന്‍ബീലി (1445-1526) അറിഞ്ഞു. അദ്ദേഹത്തിന് അത് സഹിക്കാന്‍ സാധിച്ചില്ല. നേരെ ഖലീഫയുടെ കൊട്ടാരത്തിലേക്ക് നടന്നു. എന്നിട്ട് പറഞ്ഞു: 'പ്രിയ സുല്‍ത്വാന്‍, ഇസ്താംബൂളില്‍ നിന്ന് അമുസ്‌ലിംകള്‍ വിട്ടു പോവുകയോ മതം മാറുകയോ ചെയ്യണമെന്ന താങ്കളുടെ ഉത്തരവ് ഞാന്‍ അറിഞ്ഞു. ആ ഉത്തരവ് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 'ഈ മതത്തില്‍ ബലപ്രയോഗമില്ല' എന്ന് ഖുര്‍ആന്‍ (2/256) ഖണ്ഡിതമായി പറഞ്ഞതാണ്. താങ്കളുടെ ഉത്തരവ് ഖുര്‍ആനിനു വിരുദ്ധമാണ്. അതുകൊണ്ട് വിവാദ നിർദേശം പിന്‍വലിക്കണം'.
'ഞാന്‍ അങ്ങനെ ഒരുത്തരവ് ഇറക്കാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അതില്‍ താങ്കള്‍ ഇടപെടേണ്ടതില്ല. ഉത്തരവ് പിന്‍വലിക്കാന്‍ എനിക്കു സാധ്യമല്ല'. സലീം തുറന്നുപറഞ്ഞു. അതോടെ ശൈഖുല്‍ ഇസ്‌ലാമിന്റെ മട്ടു മാറി. അദ്ദേഹം കൂടുതല്‍ ഗൗരവത്തോടെ സുല്‍ത്വാനോട് തന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി:
'നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും എന്റെ ഉത്തരവാദിത്വമാണ്. ഞാന്‍ അതാണ് ഇവിടെ നിര്‍വഹിക്കുന്നത്. താങ്കളുടെ പിതാമഹന്‍ മുഹമ്മദുല്‍ ഫാതിഹ് ഈ നാടു കീഴടക്കിയ സങ്കീര്‍ണമായ സമയത്തു പോലും ഇവിടത്തെ അമുസ്‌ലിംകളോട് നാടുവിടാന്‍ പറഞ്ഞിട്ടില്ല. എന്നിട്ടാണിപ്പോള്‍ ഓരോ കാരണങ്ങള്‍ നിരത്തി താങ്കള്‍ തെറ്റായ നടപടി സ്വീകരിക്കുന്നത്. ഈ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍, ഇസ്‌ലാമിക നിയമപ്രകാരം താങ്കള്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നു ഞാന്‍ ഫത്‌വ ഇറക്കും. അത് താങ്കളുടെ ഭരണത്തിനു തന്നെ ഭീഷണിയാകും'അലി അഫന്ദിയുടെ താക്കീതും ഉപദേശവും നിറഞ്ഞ സംസാരം കേട്ടപ്പോള്‍, സുല്‍ത്വാന്‍ സലീമിനു ബോധോദയമുണ്ടായി. ആ ഉത്തരവ് പിന്‍വലിച്ചു. എല്ലാ മതക്കാരും പഴയപോലെ ഇസ്താംബൂളില്‍ ഒന്നിച്ചു കഴിഞ്ഞു.
(മുഹമ്മദ് സ്വാലിഹ് അല്‍ജറാദ്: സാദുല്‍ അരീബ്. പേജ്: 122, ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്:58-60)
ഔന്നത്യത്തില്‍ അഹങ്കാരമില്ലാതെ...
സി.ഇ1518, ജൂലൈ 24. ഉസ്മാനീ തലസ്ഥാനമായ ഇസ്താംബൂളിലേക്ക് സുല്‍ത്വാന്‍ സലീം തിരിച്ചു വരികയാണ്. തുര്‍ക്കി മുഴുവന്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. ഭരണം പ്രതിധിനികളെ ഏല്‍പ്പിച്ചു രണ്ട് വര്‍ഷത്തോളമായി പോരാട്ട വീഥിയിലേക്കിറങ്ങിയ സുല്‍ത്വാന്‍ തിരിച്ചു വരുന്നത്, വെറുമൊരു ഓട്ടോമന്‍ സുല്‍ത്വാനായിട്ടല്ല. മുസ്‌ലിം ലോകത്തിന്റെ ഖലീഫയായിട്ടാണ്. ഉസ്മാനീ കുലത്തില്‍ നിന്ന് ആദ്യത്തെ ഖലീഫ! ഒറ്റ ഇറക്കത്തില്‍ തന്നെ ഈജിപ്തും സിറിയയും ഫലസ്തീനും ഇറാഖും മക്ക-മദീന ഉള്‍പ്പെടുന്ന ഹിജാസുമെല്ലാം സലീമിന്റെ കൈപ്പിടിയില്‍ വന്നിരിക്കുന്നു. അതുകൊണ്ട് സുല്‍ത്വാന് ഗംഭീര സ്വീകരണം തന്നെ ഒരുക്കുകയാണ് ഇസ്താംബൂള്‍ നഗരം.
തനിക്കും സൈന്യത്തിനും വൻ വരവേല്‍പ്പു നല്‍കാന്‍ ഇസ്താംബൂള്‍ ഒരുങ്ങിനില്‍ക്കുന്ന വിവരം സുല്‍ത്വാന്‍ സലീം ഒരു ദൂതന്‍ മുഖേന അറിഞ്ഞു. ഉടന്‍ തന്നെ സുല്‍ത്വാന്‍ തന്റെ സൈന്യത്തോട്, ഞാന്‍ പറയുമ്പോഴല്ലാതെ ആരും നഗരത്തിലേക്ക് കടക്കരുതെന്ന് ഉത്തരവിട്ടു. ആര്‍ക്കും ഒന്നും മനസിലായില്ല. നഗരത്തിലെത്താന്‍ ഇനി രണ്ട്-രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതി. എന്നിട്ടും സുല്‍ത്വാന്‍ ഈ രാവിലെ നേരത്ത് സൈന്യത്തോട് നില്‍ക്കുന്നയിടത്തു തന്നെ നില്‍ക്കാന്‍ പറയുന്നു. സൈന്യത്തില്‍ പലര്‍ക്കും ഒരുതരം വീര്‍പ്പുമുട്ടല്‍! തങ്ങളെ ഇസ്താംബൂള്‍ നഗരം പൂമാലയിട്ടു സ്വീകരിക്കുന്നത് മനസില്‍ കാണുകയാണവര്‍.
എത്രയും പെട്ടന്നു നഗരത്തിലെത്താന്‍ സുല്‍ത്വാനോടു പറയണം. പക്ഷേ, സൈനികര്‍ക്ക് ഒരു പേടി. അവര്‍ കൂട്ടത്തിലുണ്ടായിരുന്ന ഖാള്വി ശംസുദ്ദീന്‍ ബിന്‍ കമാലി (1469-1536)നെ സമീപിച്ചു. മഹാപണ്ഡിതനായ അദ്ദേഹത്തെ സുല്‍ത്വാന് വലിയ ആദരവും ബഹുമാനവുമാണ്. അദ്ദേഹം പറയുന്നതിനപ്പുറം സുല്‍ത്വാന്‍ നീങ്ങാറില്ല. സൈന്യം പറയുന്നതു കേട്ട് ഇബ്‌നുല്‍ കമാല്‍ സുല്‍ത്വാന്റെ അടുത്തെത്തി. 'ഉച്ചയാകുമ്പോഴേക്ക് നഗരത്തില്‍ എത്താമെന്ന് സൈന്യം പറയുന്നത്. അവര്‍ ധൃതികൂട്ടുന്നു...'- അദ്ദേഹം വിഷയം അവതരിപ്പിച്ചു.
അതിനു സുല്‍ത്വാന്‍ സലീം നല്‍കിയ മറുപടി: 'ഒരാളുടെ പ്രശംസയും വരവേല്‍പ്പും പ്രതീക്ഷിച്ചില്ല, നമ്മുടെ മതത്തിന്റെയും ആദര്‍ശത്തിന്റെയും രാഷ്ട്രത്തിന്റെയും ഉയര്‍പ്പിനു വേണ്ടിയാണ് നാം ദൈവമാര്‍ഗത്തില്‍ ഇറങ്ങി തിരിച്ചത്. പകലില്‍ നാം നഗരത്തിലെത്തിയാല്‍, അവിടെ വൻ സ്വീകരണം ലഭിക്കും. അത് നമ്മുടെ ആത്മാർഥതയെയും വിശുദ്ധിയെയും ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ പകലില്‍ നഗരത്തില്‍ പ്രവേശിക്കരുത് എന്നു പറഞ്ഞത്. ജനങ്ങള്‍ രാത്രിയില്‍ വീടണഞ്ഞാല്‍ നമുക്ക് ആരുമറിയാതെ നഗരത്തില്‍ പ്രവേശിക്കാം. അതാണ് നല്ലത്...'
സുല്‍ത്വാന്റെ വാക്കുകള്‍ കേട്ടു മഹാ പണ്ഡിതനായ ഇബ്‌നുല്‍ കമാലിന്റെ കണ്ണു നിറഞ്ഞു. അങ്ങനെ ഇസ്താംബൂള്‍ നഗരം ഉറങ്ങിക്കിടക്കുന്ന പാതിരാത്രിയില്‍ സുല്‍ത്വാനും സൈന്യവും നഗരത്തില്‍ പ്രവേശിച്ചു. രണ്ടു വര്‍ഷത്തിനിപ്പുറം സുല്‍ത്വാന്‍ കൊട്ടാരത്തില്‍ പ്രവേശിക്കുമ്പോള്‍, നാടും നഗരവും അതറിഞ്ഞിരുന്നില്ല. പ്രകടനപരതയില്‍ നിന്ന് അത്രയും അകന്നുനിന്ന നേതാവായിരുന്നു സുല്‍ത്വാന്‍ സലീം ഒന്നാമന്‍.
ഈജിപ്തില്‍ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന സലീം ഒന്നാമന്റെ കൂടെ അവസാനത്തെ അബ്ബാസി ഖലീഫ മുതവക്കിലും ഉണ്ടായിരുന്നു. മക്കയിലും മദീനയിലും കൈറോയിലുമുള്ള പ്രധാന തിരുശേഷിപ്പുകളും അവര്‍ ഉസ്മാനികളുടെ തോപ്പ്കാപ്പി കൊട്ടാരത്തിലേക്ക് കൊണ്ടു വന്നിരുന്നു. അങ്ങനെ, ഉസ്മാനീ പാരമ്പര്യമനുസരിച്ച് ഇസ്താംബൂളിലെ അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യുടെ മഖ്ബറയില്‍ വച്ച് സലീം ഒന്നാമനെ മുസ്‌ലിം ലോകത്തിന്റെ പുതിയ ഖലീഫയായി, പഴയ അബ്ബാസി ഖലീഫ മുതവക്കില്‍ പ്രഖ്യാപിച്ചു. ജാമിഉല്‍ അസ്ഹറിലെ ഉലമാക്കള്‍ ഉള്‍പ്പടെയുള്ള മുസ്‌ലിം ലോകത്തെ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ അബ്ബാസികള്‍ അധികാരാരോഹണ വേളയില്‍ അണിയാറുള്ള 'പ്രവാചക പുതപ്പ്' കൊണ്ട് മുതവക്കില്‍ തന്നെ സലീമിനെ പൊന്നാടയണിയിച്ചു. തിരുകേശവും ഉമര്‍ (റ)ന്റെ വാളും കൈമാറി. അങ്ങനെ സുല്‍ത്വാന്‍ സലീം ഔദ്യോഗിക ഖലീഫയായി. മുസ്‌ലിം ലോകത്തിന്റെ എഴുപത്തിനാലാമത്തെ ഖലീഫ. ഖുറൈശി കുലത്തിനു പുറത്തുള്ള പ്രഥമ ഖലീഫ.
(ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 65 - 67, യല്‍മാസ് ഒസ്തുന: മൗസൂഅത്തു താരീഖില്‍ ഇംബിറാത്വൂരിയ്യ-അറബി വിവര്‍ത്തനം-1/225, ഉമര്‍ അബ്ദില്‍ അസീസ്: താരീഖ് മശ്രിഖില്‍ അറബി പേജ്: 84).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."