തകര്‍ക്കണോ കേരളത്തിലെ സൗഹാര്‍ദം?
ജേക്കബ് ജോര്‍ജ്
കോട്ടയം ജില്ലയില്‍പ്പെട്ട കുറവിലങ്ങാട് മര്‍ത്താമറിയം പള്ളിയിലെ എട്ടുനോമ്പു ദിനാചരണ ദിവസമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭക്തജനങ്ങളോട് മയക്കുമരുന്നു ജിഹാദിനെപ്പറ്റി പ്രസംഗിച്ചത്. ലൗ ജിഹാദിന്റെ വഴിയിലൂടെ വന്ന പേരു തന്നെ - നര്‍ക്കോട്ടിക് ജിഹാദ്. കത്തോലിക്കാ കുടുംബങ്ങളില്‍ രക്ഷിതാക്കള്‍ മക്കളെ ലൗ ജിഹാദിന്റെയും നര്‍ക്കോട്ടിക് ജിഹാദിന്റെയും പ്രലോഭനങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ഉല്‍ബോധിപ്പിക്കുകയായിരുന്നു ബിഷപ്പ്. പാലാ ബിഷപ്പിന്റെ പ്രസംഗത്തിനു പെട്ടെന്നു തീപ്പിടിച്ചു. പാലായ്ക്ക് അടുത്തുള്ള ഈരാറ്റുപേട്ടയില്‍ നിന്നും മറ്റും മുസ്‌ലിം സമുദായത്തിലെ ഒരു സംഘമാളുകള്‍ പാലാ ബിഷപ്പിന്റെ വീട്ടിലേയ്ക്കു പ്രകടനം നടത്തി. പാലാ മാര്‍ക്കറ്റില്‍ പൊലിസ് ഇവരെ തടഞ്ഞു. പ്രകടനക്കാരെ തടയാന്‍ ബി.ജെ.പി.-ആര്‍.എസ്.എസ് പ്രവര്‍ത്തകരും തയാറായി വന്നു. സംഘര്‍ഷം കത്തി ഉയര്‍ന്നത് പെട്ടെന്നായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ അന്തിചര്‍ച്ചയായി. പത്രങ്ങളില്‍ വാര്‍ത്തകള്‍ പലത്. നേതാക്കളുടെ പ്രതികരണങ്ങള്‍. ഒരു സഭാധ്യക്ഷന്റെ പള്ളി പ്രസംഗം ഒറ്റ ദിവസം കൊണ്ട് ആളിക്കത്തുകയായിരുന്നു. പ്രസംഗത്തില്‍ പ്രതിഷേധിച്ച് പാലാ ബിഷപ്പിനെതിരേ ചില മുസ്‌ലിം സമുദായക്കാരുടെ പ്രകടനം. അതില്‍ പ്രതിഷേധിച്ച് ക്രിസ്ത്യാനികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഹിന്ദുത്വ ശക്തികളുടെ അത്യുത്സാഹം. കുറേ കാലമായി ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ ഒരു വര്‍ഗീയ വിടവുണ്ടാക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യം ലൗ ജിഹാദായിരുന്നു. അത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്ക് കാരണമായി കണ്ടത് മറ്റു ചില വര്‍ഗീയ കക്ഷികളാണെന്നതാണ് ശ്രദ്ധേയം.
കേരളത്തിലെ വര്‍ഗീയ ശബ്ദങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിലോ കേരളത്തിന്റെ പൊതുസമൂഹത്തിലോ ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം സമുദായത്തില്‍ തെളിഞ്ഞു വരുന്ന വര്‍ഗീയ ചിന്തയ്‌ക്കെതിരെ മുസ്‌ലിം യുവജന സംഘടനകള്‍ പല തവണ ശക്തമായി മുന്നോട്ടുവന്നിട്ടുണ്ട്. ഒരു സമൂഹത്തിലോ ഒരു സമുദായത്തിലോ ഇടയ്ക്കിടയ്ക്ക് മുളച്ചു പൊന്തുന്ന ഇത്തരം ഛിദ്രവാസനകളെയും ഛിദ്രശക്തികളെയും അടിച്ചൊതുക്കേണ്ടത് അതതു സമൂഹത്തിലെ അല്ലെങ്കില്‍ അതതു സമുദായത്തിലെ നേതാക്കള്‍ തന്നെയാണെന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തു പല ഭാഗത്തും സംഘര്‍ഷമുണ്ടായെങ്കിലും കേരളത്തില്‍ അനിഷ്ടസംഭവങ്ങളേതുമുണ്ടായില്ല. അന്നത്തെ കേരളത്തിലെ രാഷ്ട്രീയ ഇടപെടല്‍ ശ്രദ്ധേയമാണ്.
ഇവിടെയാണ് പാലാ ബിഷപ്പ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗവും അതിനേത്തുടര്‍ന്ന് പെട്ടെന്നുണ്ടായ സംഭവവികാസങ്ങളും വിലയിരുത്തേണ്ടത്. വിശാലമായ കാഴ്ചപ്പാടുള്ള സഭാധ്യക്ഷന്മാരിലൊരാളാണ് ബിഷപ്പ് കല്ലറങ്ങാട്ട്. ശരിക്കും തയാറെടുപ്പു നടത്തിയിട്ടാണ് സാധാരണ അദ്ദേഹം പ്രസംഗിക്കാറ്. എട്ടുനോമ്പു ദിനാചരണത്തിന്റെ ഭാഗമായി ഇടവകാംഗങ്ങളോടു സംസാരിക്കുമ്പോള്‍ മയക്കുമരുന്ന് പോലെയുള്ള വലിയ കുരുക്കുകള്‍ സമൂഹത്തില്‍ യുവാക്കള്‍ക്കു ചുറ്റുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുക ഒരു ബിഷപ്പിനെ സംബന്ധിച്ചു സ്വാഭാവികം മാത്രം. തന്റെ കുഞ്ഞാടുകളെ സമൂഹത്തിലെ വിപത്തുകളില്‍ നിന്നു രക്ഷിച്ചു നിര്‍ത്തുക എന്നത് തീര്‍ച്ചയായും ഒരു നല്ല ഇടയന്റെ വലിയ ചുമതല തന്നെയാണ്. ബിഷപ്പിന്റെ പ്രസംഗത്തിലെ നര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗമാണ് മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തില്‍ സംശയവും പ്രശ്‌നവുമുണ്ടായത്.
കേരളത്തില്‍ ഇപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ടെന്ന കാര്യം സത്യം തന്നെ. യുവാക്കള്‍ക്കിടയില്‍ പുകവലി ഏറെക്കുറെ ഇല്ലാതായി. മദ്യപാനവും അത്രയ്ക്ക് ആകര്‍ഷകമല്ല. മയക്കുമരുന്നിനോടാണ് ഇപ്പോള്‍ യുവാക്കള്‍ക്കു പ്രിയം. കഞ്ചാവും മറ്റു മയക്കു മരുന്നും കടത്തുന്നവരില്‍ എല്ലാ സമുദായക്കാരുമുണ്ട്. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരിലും എല്ലാ സമുദായക്കാരും വിശ്വാസക്കാരുമുണ്ട്. പാലക്കാട്ട് കഴിഞ്ഞ ദിവസം 150 കിലോഗ്രാം കഞ്ചാവു പിടിച്ച സംഭവത്തില്‍ ഒരു പ്രമുഖ പത്രം കൊടുത്ത പ്രതികളുടെ പട്ടിക ഇങ്ങനെ: ആലുവാ സ്വദേശികളായ ഇടത്തലക്കര അജീഷ്, കുറ്റിക്കാട്ടുകര സുരേന്ദ്രന്‍, ഏലൂര്‍ സ്വദേശി നിതീഷ് കുമാര്‍, കൊടികുത്ത്മല ഫാരിസ് മാഹിന്‍, സജ്ഞസ് എന്നിവര്‍. ഇവരില്‍ വിവിധ സമുദായക്കാരുണ്ടെന്ന കാര്യം പേരു ശ്രദ്ധിച്ചാല്‍ മനസ്സിലാവും. സെപ്റ്റംബര്‍ 13-ാം തീയതിയിലെ പത്രത്തില്‍ വന്നത്.
കേരളത്തിലെ പ്രബല ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കേണ്ടത് പ്രധാനമായും ഹിന്ദുത്വ ശക്തികളുടെ ആവശ്യം തന്നെയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവിടെ ബി.ജെ.പിക്ക് നേട്ടമൊന്നും കൊയ്യാന്‍ കഴിഞ്ഞില്ല. അമിത്ഷായുടെ സോഷ്യല്‍ എന്‍ജിനീയറിങ് കേരളത്തില്‍ എങ്ങുമെത്തുന്നുമില്ല. ഇനിയിപ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിഭാഗത്തെ കൂടെ കൂട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ ബി.ജെ.പി.ക്ക് കേരളത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തെങ്കിലുമൊരു മുന്നേറ്റമുണ്ടാക്കാനാവൂ. പാലാ ബിഷപ്പിന്റെ പ്രസംഗം ബി.ജെ.പിക്ക് കൈയില്‍ കിട്ടിയ ആയുധമായി. ഒപ്പം പാലായിലെ ബിഷപ്പിന്റെ അരമനയിലേക്കു നടന്ന മുസ്‌ലിം പ്രകടനവും, അതിനെ എതിര്‍ത്തു ക്രിസ്ത്യാനികള്‍ നടത്തിയ പ്രതിഷേധവും. ക്രിസ്ത്യന്‍ പ്രതിഷേധത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കളെ കണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ പ്രമുഖരില്‍ മിക്കവരും സ്ഥലം വിടുകയും ചെയ്തു.
1982-ല്‍ ശബരിമലയുടെ താഴ്‌വാര സ്ഥലമായ നിലയ്ക്കല്‍ പ്രദേശത്ത് ഒരു പള്ളി പണിയാന്‍ കത്തോലിക്കാ സമുദായം ശ്രമം തുടങ്ങിയപ്പോള്‍ സംഘ്പരിവാര്‍ ഹിന്ദു മുന്നണി എന്ന സംഘടനയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കിയതും ഓര്‍ക്കണം. കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപതയുടെ നേതൃത്വത്തിലായിരുന്നു പള്ളി നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്. പെട്ടെന്നു തന്നെ സംഘര്‍ഷം വ്യാപിച്ചു. പത്തനംതിട്ട, കോഴഞ്ചേരി, വടശേരിക്കര എന്നിങ്ങനെ നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളിലൊക്കെയും പെട്ടെന്ന് സംഘര്‍ഷം പടര്‍ന്നു. ഹിന്ദു മുന്നണി നേതാവ് കുമ്മനം രാജശേഖരനായിരുന്നു അന്ന് ഹിന്ദുത്വ ശക്തികള്‍ക്കു നേതൃത്വം നല്‍കിയത്. 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ രാജകുടുംബാംഗം കേരളവര്‍മരാജാ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചതും കോണ്‍ഗ്രസ്-ഐ യിലെ എ. ചാള്‍സ്, ഇടതു മുന്നണിയിലെ എ. നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ക്കു താഴെ സാമാന്യം നല്ല വോട്ടു നേടി - ഏകദേശം 17 ശതമാനം വോട്ട് - തിളങ്ങുന്ന മൂന്നാം സ്ഥാനത്തെത്തിയതും നിലയ്ക്കല്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."