പുതുമകളെ പുൽകുന്ന കോഴിക്കോടൻ രാഷ്ട്രീയം
എന്‍.പി ചെക്കുട്ടി
പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞന്‍ അശുതോഷ് വാര്‍ഷ്‌ണേയ് അദ്ദേഹത്തിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്ന കാര്യം, മലയാളികള്‍ക്ക് -പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്ക് അഭിമാനജനകമാണ്. കോഴിക്കോടിന്റെ രാഷ്ട്രീയം അതിന്റെ ബഹുസ്വരതയുടെ ദീര്‍ഘപാരമ്പര്യംകൊണ്ടു സമ്പന്നമാണ് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇവിടെയുള്ള വൈവിധ്യമാര്‍ന്ന പൊതുമണ്ഡലത്തിന്റെ സവിശേഷതയാണ് അതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഒമ്പതു പ്രമുഖ നഗരങ്ങളെ അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തില്‍ അദ്ദേഹം എത്തുന്നത്.
മലബാറിന്റെ ആധുനിക രാഷ്ട്രീയചരിത്രം കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ അവിഭാജ്യഘടകമായി ഉയര്‍ന്നുവന്നതാണ്. അതിനു കാരണം ടിപ്പുവിന്റെ കാലത്തുതന്നെ ഈ പ്രദേശം ബ്രിട്ടിഷ് ഭരണത്തിലെത്തി എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും പുതിയൊരു നവോത്ഥാനം ഇവിടെ ഉയര്‍ന്നുവരുന്നതിനു സാക്ഷ്യം വഹിച്ചു. അതിലൊരു ധാര കൊളോണിയല്‍ അധികാരികളുമായി രഞ്ജിപ്പില്‍ പോകുന്നതിലാണ് കൂടുതല്‍ താൽപര്യം പ്രകടിപ്പിച്ചത്. കോഴിക്കോട്ടെ തിയ്യസമുദായ നേതാവും മിതവാദി പത്രാധിപരുമായ സി. കൃഷ്ണന്‍ വക്കീലിനെ പോലുള്ളവര്‍ ആ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ദേശീയപ്രസ്ഥാന നേതൃത്വത്തിലേക്ക് ഗാന്ധിജി വന്നതോടെ പുതിയൊരു യുഗം ആഗതമായി. സ്വരാജ് എന്ന മുദ്രാവാക്യം രാജ്യമെങ്ങും മുഴങ്ങി. കോണ്‍ഗ്രസില്‍ ഒരു ഭാഗത്തു മിതവാദികളും മറുഭാഗത്തു തീവ്രവാദികളുമായി രണ്ടു വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു.
കോഴിക്കോട്ടും ഇത്തരം ഭിന്നതകള്‍ നിലനിന്നിരുന്നു. എന്നാല്‍ വിവിധ സമുദായങ്ങളും ജാതിവിഭാഗങ്ങളും ഒന്നിച്ചുനിന്ന് സമരങ്ങളില്‍ അണിനിരക്കുന്ന പാരമ്പര്യമാണ് പ്രധാനമായി കാണപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തു കോഴിക്കോട്ട് നഗരത്തില്‍ തളിക്ഷേത്ര പരിസരത്തു കലക്ടര്‍ ഒരു നോട്ടിസ് ബോര്‍ഡ് തൂക്കിയ സംഭവം ഓര്‍ക്കുക. തിയ്യര്‍ അടക്കമുള്ള അയിത്തജാതിക്കാര്‍ക്കു ക്ഷേത്രപരിസരത്തെ നിരത്തുകളില്‍ പ്രവേശനമില്ല എന്നാണ് 1917ല്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം തന്നെ ആ ഉത്തരവ് ലംഘിക്കപ്പെട്ടു. നിരോധിത റോഡിലൂടെ ബ്രാഹ്‌മണനായ മഞ്ചേരി രാമയ്യരും സുഹൃത്ത് മിതവാദി കൃഷ്ണന്‍ വക്കീലും ഒന്നിച്ചൊരു ജഡ്ക്ക വണ്ടിയില്‍ സഞ്ചരിച്ചു നിയമത്തെ പരസ്യമായി വെല്ലുവിളിച്ചു. വൈകാതെ സര്‍ക്കാര്‍ ഉത്തരവ് അടങ്ങിയ ബോര്‍ഡ് ആരോ പറിച്ചുമാറ്റി തോട്ടിലെറിഞ്ഞു. സര്‍ക്കാര്‍ അനങ്ങിയില്ല.
ആധുനികാശയങ്ങളുടെ സ്വാധീനത്തില്‍ ജനാധിപത്യബോധവും പൗരാവകാശബോധവും മലബാറിലെങ്ങും അലയടിക്കാന്‍ തുടങ്ങിയത് ഒന്നാംലോക മഹായുദ്ധ കാലത്താണ്. അക്കാലമായപ്പോഴേക്കും വിദ്യാസമ്പന്നരായ നിരവധിയാളുകള്‍ നഗരത്തിലെ പൊതുജീവിതത്തില്‍ പ്രധാനസ്ഥാനം വഹിക്കാന്‍ തുടങ്ങിയിരുന്നു. ദേശീയവാദികളായ അവരിലധികം പേരും അഭിഭാഷകവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത്. ബിലാത്തിയില്‍ പോയി നിയമബിരുദം നേടിയ കെ.പി കേശവമേനോനും മദ്രാസില്‍നിന്ന് നിയമം പഠിച്ച രാമയ്യരും മഞ്ചേരിയില്‍നിന്നു കോഴിക്കോട്ടെത്തിയ കെ. മാധവന്‍ നായരുമെല്ലാം ഈ കാലത്തു കോഴിക്കോട്ടെ രാഷ്ടീയവേദികളില്‍ നിറഞ്ഞുനിന്ന ദേശീയവാദികള്‍. യുദ്ധകാലത്തു ബ്രിട്ടിഷ് സര്‍ക്കാരിനെ സഹായിക്കാന്‍ നാട്ടിലെ പ്രമുഖരുടെ യോഗം അക്കാലത്ത് കലക്ടര്‍ ഇവാന്‍സ് ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്തു. പ്രമാണിമാരുടെ യോഗത്തില്‍ ഭാഷ ഇംഗ്ലിഷായിരിക്കണം എന്നത് നിര്‍ബന്ധം. എന്നാല്‍ കേശവമേനോന്‍ മലയാളത്തില്‍ പ്രസംഗിച്ചു. ഇംഗ്ലിഷില്‍ സംസാരിക്കണമെന്ന് കലക്ടര്‍. പക്ഷേ മേനോന്‍ കൂട്ടാക്കിയില്ല. ബഹളമായപ്പോള്‍ കേശവമേനോനും മറ്റു ദേശീയവാദികളും പ്രതിഷേധിച്ചു പുറത്തുപോയി. ഒരു പുതുമലയാളി ദേശീയബോധം നാട്ടില്‍ സ്ഫുരിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ഈ സംഭവം.
1885ല്‍ ബോംബെയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരണ ശേഷം 1906ല്‍ ധാക്കയില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗും രൂപപ്പെട്ടുവെങ്കിലും അതിന്റെ സ്വാധീനം ഇവിടെ പ്രകടമായില്ല. മറിച്ച്, ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചു ദേശീയപ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. മലബാറില്‍ ഏറനാടിലും മറ്റും ഖിലാഫത്ത് പ്രസ്ഥാനം വളരെ ശക്തമായിരുന്നു. അതിന്റെ പ്രധാന നേതാക്കള്‍ മതപണ്ഡിതനായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും അങ്ങാടിപ്പുറത്തെ അഭിഭാഷകനായ എം.പി നാരായണ മേനോനും ആയിരുന്നു. 1919 ഒാഗസ്റ്റില്‍ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും ഖിലാഫത്ത്-നിസ്സഹകരണ സമരത്തിന്റെ പ്രചാരണത്തിനായി കോഴിക്കോട്ടു വന്നപ്പോള്‍ ഈ നേതാക്കള്‍ ഒന്നിച്ചാണ് ഗാന്ധിജിയെ കണ്ടത്. അന്ന് 20,000 രൂപയുടെ കിഴിയാണ് നാട്ടുകാര്‍ ഗാന്ധിജിക്കു നല്‍കിയത്. അന്നത്തെ കാലത്തു അതൊരു വന്‍തുക തന്നെയായിരുന്നു. നാട്ടുകാരില്‍നിന്ന് ഇത്ര വലിയ തുക ശേഖരിക്കാന്‍ കഴിഞ്ഞത് ചൂണ്ടിക്കാണിക്കുന്നത്, അതിനകംതന്നെ നാട്ടിലെങ്ങും പടര്‍ന്നുപിടിച്ച ശക്തമായ കൊളോണിയല്‍ വിരുദ്ധ ദേശീയബോധത്തെയാണ്.
ഈ മുന്നേറ്റത്തിന്റെ സവിശേഷത ഹിന്ദു, മുസ്‌ലിം നേതാക്കള്‍ ഒന്നിച്ചു അണിനിരക്കുകയും ഒന്നിച്ചു മര്‍ദനമേറ്റു വാങ്ങുകയും ചെയ്തു എന്നതാണ്. മലബാര്‍ കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിംകളെ തള്ളിപ്പറഞ്ഞുവെങ്കിലും മുസ്‌ലിംകളില്‍ വലിയ വിഭാഗം തുടര്‍ന്നും കോണ്‍ഗ്രസില്‍ തന്നെ നിലയുറപ്പിച്ചു എന്നതാണ് സത്യം. മുഹമ്മദ് അബ്ദുറഹ്‌മാൻ അടക്കമുള്ള നേതാക്കള്‍ അങ്ങനെയൊരു കാഴ്ചപ്പാടാണ് സ്വീകരിച്ചത്. പിന്നീട് മുപ്പതുകളുടെ മധ്യത്തോടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം മലബാറില്‍ ആരംഭിച്ചു. 1937ല്‍ തലശ്ശേരിയില്‍ രൂപംകൊണ്ട മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയ്ക്ക് കോഴിക്കോട്ടും മറ്റു പ്രദേശങ്ങളിലും വേരോട്ടമുണ്ടായി. പിന്നീട് ഒരു ദശകം കഴിഞ്ഞാണ് കോഴിക്കോട്ടും മലബാറിലും ലീഗിന്റെ സ്വാധീനം വിപുലമായത്. കോഴിക്കോട് വലിയങ്ങാടിയില്‍ കൊപ്ര പാണ്ടികശാലയുടെ ഉടമയും സുന്നി സമുദായ പ്രമുഖനുമായ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളെപ്പോലുള്ള പ്രമാണിമാര്‍ ലീഗിലേക്ക് വന്നത് അക്കാലത്താണ്.
കേരളരാഷ്ട്രീയത്തില്‍ പില്‍ക്കാലത്തു ചലനങ്ങള്‍ ഉണ്ടാക്കിയ പല മുന്നേറ്റങ്ങളും ആദ്യം നമ്മള്‍ കാണുന്നത് കോഴിക്കോട്ടെ പൊതുമണ്ഡലത്തിലാണ്. ഉദാഹരണത്തിന്, 1937-38 കാലത്തു കോണ്‍ഗ്രസിലുണ്ടായ ഇടതുപക്ഷ മുന്നേറ്റം. കേരളത്തില്‍ ഇടതുപക്ഷവും കമ്യൂണിസ്റ്റുകളും പ്രധാന ശക്തിയായി മാറുന്നതിനും 1957ലെ ആദ്യതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുന്നതിനും വഴിയൊരുക്കിയ സംഭവങ്ങള്‍ നടക്കുന്നത് കോഴിക്കോട്ടാണ്. അക്കാലത്തു കോണ്‍ഗ്രസിലെ സവര്‍ണനേതൃത്വം പ്രസ്ഥാനത്തെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയിരുന്നു. മാതൃഭൂമി പത്രാധിപര്‍ കൂടിയായിരുന്ന കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള ഗാന്ധിസംഘത്തെ ചെറുക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസിലെ മുസ്‌ലിം പക്ഷവും ഒന്നിച്ചുചേര്‍ന്നു. മുഹമ്മദ് അബ്ദുറഹ്‌മാനും പി. കൃഷ്ണപിള്ളയും ഇ.എം.എസ് നമ്പൂതിരിപ്പാടും ഹരിജന്‍ നേതാവ് (ദലിത് സമുദായത്തിലെ അംഗങ്ങളെ അക്കാലത്തു ഗാന്ധിയന്മാര്‍ വിളിക്കുന്ന പേര്) ഇ. കണ്ണനും ഒന്നിച്ചുനിന്നാണ് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുത്തത്. പിന്നീട് രണ്ടുവര്‍ഷം അവര്‍ നേതൃത്വം നിലനിര്‍ത്തി.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഈ ഐക്യം പൊളിഞ്ഞത്. മുഹമ്മദ് അബ്ദുറഹ്‌മാന്‍ അടക്കമുള്ളവര്‍ ജയിലിലായി. കല്ലായി റോഡിലെ അല്‍അമീന്‍ ലോഡ്ജില്‍ താമസിച്ച് അതേ പേരിൽ പത്രം ഇറക്കിയിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ തീപ്പൊരിയായിരുന്നു. മലബാർ കലാപ കാലത്താണ് അദ്ദേഹം അലിഗറില്‍നിന്ന് കോഴിക്കോട്ടെത്തി ദേശീയപ്രസ്ഥാനത്തിന്റെ നേതാവായത്. മൗലാനാ മുഹമ്മദാലിയും മൗലാനാ ഷൗക്കത്തലിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉപദേഷ്ടാക്കള്‍. അവരുടെയൊക്കെ സഹായത്തോടെയാണ് കലാപാനന്തരം മലബാറില്‍ മുസ്‌ലിംകള്‍ക്ക് സഹായം എത്തിക്കാന്‍ ദേശവ്യാപകമായ ശ്രമങ്ങള്‍ നടത്തിയത്. അങ്ങനെയാണ് പഞ്ചാബിലെ തുകല്‍ കച്ചവടക്കാരായ കസൂരി സഹോദന്‍മാരുടെ സഹായത്തോടെ അനാഥാലയം അദ്ദേഹം കോഴിക്കോട്ടു സ്ഥാപിച്ചത്. കലാപത്തില്‍ അനാഥരായ നിരവധി കുട്ടികള്‍ക്ക് ആശ്രയമായത് ജെ.ഡി.ടി ഇസ്‌ലാം എന്ന ആ സ്ഥാപനമാണ്.
യുദ്ധകാലത്ത് അറസ്റ്റിലായ മുഹമ്മദ് അബ്ദുറഹ്‌മാനെ പൊലിസുകാര്‍ തടവറയിലേക്കു കൊണ്ടുപോകുന്നത് മിഠായിത്തെരുവിലൂടെ ആയിരുന്നു. നടന്നുപോകുന്ന വഴിയില്‍ കടയില്‍നിന്ന് അദ്ദേഹം അഞ്ചുറുപ്പിക ചോദിച്ചു വാങ്ങുന്നുണ്ട്. അതുമായി ജയിലിലേക്കു പോയ നേതാവ് വീണ്ടും കോഴിക്കോട്ടു തിരിച്ചെത്തുന്നത് അഞ്ചുവര്‍ഷം കഴിഞ്ഞാണ്.
അതിനിടയില്‍ കല്ലായിപ്പുഴയില്‍ ഒരുപാടു വെള്ളം ഒഴുകിപ്പോയി. നാട്ടില്‍ കാര്യങ്ങളാകെ അട്ടിമറിഞ്ഞു. മുസ്‌ലിം ലീഗ് അതിന്റെ ദ്വിരാഷ്ട്രവാദവുമായി അരങ്ങു തകര്‍ത്തു. അതിനെ എതിര്‍ത്ത അബ്ദുറഹ്‌മാനെ മാങ്കാവു പള്ളിയിലടക്കം പലയിത്തും ലീഗുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത് ചരിത്രത്തിന്റെ ഭാഗം. എന്നാല്‍ ഇടതുപക്ഷത്തെ പഴയ സുഹൃത്തുക്കളും വേറെ വഴികള്‍ അന്വേഷിച്ചു പോയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1937ല്‍ ആദ്യത്തെ യൂനിറ്റ് ഉണ്ടാക്കുന്നത് കല്ലായിയില്‍ പീടികമുറിയിലാണെന്ന് ഇ.എം.എസ് രേഖപ്പെടുത്തിയിട്ടുണ്ട്. നാലുപേര്‍ ആയിരുന്നു അതിലെ അംഗങ്ങള്‍. ഇ.എം.എസിനു പുറമെ പി. കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍ എന്നിവര്‍. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവര്‍ കല്‍ക്കത്താ തീസിസിന്റെ അടിസ്ഥാനത്തില്‍ സായുധസമരവുമായി മുന്നോട്ടുപോയി. പിന്നീട് അമ്പതുകളുടെ ആദ്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി. അന്ന് ആദ്യമായി അവര്‍ക്കു അധികാരം കൈകാര്യം ചെയ്യാന്‍ കിട്ടുന്നത് 1954ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്. കമ്യൂണിസ്റ്റ് നേതാവ് പി.ടി ഭാസ്‌കരപ്പണിക്കര്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ സഹായത്തോടെയാണ് അവര്‍ ഭരണം നടത്തിയത്.
അമ്പതുകളിലെ കോഴിക്കോട് അങ്ങനെയൊരു രാഷ്ട്രീയ പരീക്ഷണശാലയായി. ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയം ശക്തമായ ന്യൂനപക്ഷ പ്രസ്ഥാനമായി വളരുന്നതും വിഭജനാനന്തരം ഇന്ത്യന്‍ ദേശീയധാരയില്‍ അലിഞ്ഞുചേരുന്നതും കോഴിക്കോടിന്റെ മണ്ണിലാണ്. മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ബാഫഖി തങ്ങളുടെ തണലില്‍ അദ്ദേഹമാണ് ലീഗിനെ കേരള രാഷ്ട്രീയത്തില്‍ താക്കോല്‍സ്ഥാനത്തേക്ക് നയിക്കുന്നത്. 1960ല്‍ കോണ്‍ഗ്രസ്, പി.എസ്.പി സഖ്യത്തിലും പിന്നീട് 1967ല്‍ സി.പി.എം നേതൃത്വത്തിലുള്ള സപ്തകക്ഷി സഖ്യത്തിലും അവര്‍ പ്രധാനസ്ഥാനത്തിരുന്നു. ആദ്യം സ്പീക്കര്‍ സ്ഥാനവും പിന്നീട് മന്ത്രിസഭയില്‍ സ്ഥാനവും നേടി. ഇന്ത്യയില്‍ മറ്റൊരിടത്തും സാധിക്കാത്ത വിധമുള്ള രാഷ്ട്രീയനേട്ടങ്ങളും പദവികളും കേരളത്തില്‍ മുസ്‌ലിംകള്‍ക്കു സ്വായത്തമായി. അതിനുള്ള കരുക്കള്‍ ആദ്യമായി നീക്കിയതും കോഴിക്കോട്ടുവച്ച് തന്നെയായിരുന്നു. അന്ന് ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കിയത് ലീഗിലെ പ്രധാനനേതാവ് ബി.വി അബ്ദുല്ലക്കോയയുടെ വീട്ടിലായിരുന്നു. വിരുന്നുകാരനായി എത്തിയ ഇ.എം.എസിന് ബി.വിയുടെ വീട്ടില്‍ ഒരുക്കിയത് മീന്‍ബിരിയാണി. അതദ്ദേഹം നന്നായി ആസ്വദിച്ചു. പിന്നീടൊരിക്കല്‍ അപ്രതീക്ഷിതമായി വീണ്ടും ഇ.എം.എസ് വീട്ടിലെത്തിയപ്പോള്‍ അന്നുകഴിച്ച പോലെയുള്ള മീന്‍ ബിരിയാണി വീണ്ടും കിട്ടുമോ എന്ന് ചോദിക്കുകയുണ്ടായത്രെ!
കേരളത്തിലെ മറ്റു പ്രധാന രാഷ്ട്രീയധാരകളില്‍ പലതും ഈ മണ്ണില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വസന്തത്തിന്റെ ഇടിമുഴക്കവുമായി വന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ കേന്ദ്രങ്ങളിലൊന്ന് ഈ നഗരമായിരുന്നു എന്ന് ഓര്‍മിക്കാതെ വയ്യ. ആദ്യകാല നക്‌സലൈറ്റ് നേതാക്കളായിരുന്ന കുന്നിക്കല്‍ നാരായണനെപ്പോലുള്ളവര്‍ ഇവിടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. പുതുമകളെ തേടുന്ന, പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാഹസികമായ ഒരു രസതന്ത്രം ഈ നഗരത്തിന്റെ ഹൃദയത്തില്‍ എന്നും ഉണ്ടായിരുന്നു. അതാണ് അതിനെ മറ്റു നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."