പാര്‍ട്ടിക്കും എം.എല്‍.എയ്ക്കും എല്ലാം അറിയാം; തന്നെ ബലിയാടാക്കുന്നുവെന്ന് സീതത്തോട് ബാങ്ക് മുന്‍ സെക്രട്ടറി
പത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് സസ്പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെ.യു ജോസ്
''2019 ലാണ് താന്‍ സെക്രട്ടറിയായി വന്നത്. അതിന് മുമ്പ് ഉണ്ടായ ക്രമക്കേടും തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനുമാണ് അറിയാവുന്നതാണ്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ല''.- ജോസ് പറഞ്ഞു.
സസ്‌പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്നും സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു.
2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. സി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്.
സ്ഥിരം നിക്ഷേപത്തില്‍ നിന്ന് ഇടപാടുകാര്‍ അറിയാതെ വായ്പ എടുക്കുക, വായ്പക്കായി ഈട് നല്‍കിയ ആധാരം ഉടമസ്ഥര്‍ അറിയാതെ വീണ്ടും പണയം വെയ്ക്കുക തുടങ്ങിയ പരാതികളാണ് സീതത്തോട് സഹകരണ ബാങ്കിനെതിരെ ഉയരുന്നത്. നിക്ഷേപകര്‍ പണം തിരികെ ചോദിക്കുമ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കേണ്ട സസ്‌പെന്‍സ് അക്കൗണ്ടില്‍ നിന്ന് പണം മറിച്ച് നല്‍കിയതിന്റെ തെളിവുകളുണ്ട്.
ജീവനക്കാരും ഭരണസമിതിയും ചേര്‍ന്ന് ബാങ്കിനെ വലിയ കണക്കെണിയിലാക്കിയെന്നും അതുകൊണ്ട് ഇടപാടുകാര്‍ക്ക് നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.
ആരോപണങ്ങള്‍ കൂടുതല്‍ വിവാദമായതോടെ കഴിഞ്ഞ ദിവസമാണ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."