HOME
DETAILS

ജുഡിഷ്യറിയും സർക്കാരും ഏറ്റുമുട്ടുമ്പോൾ

  
backup
December 19 2022 | 04:12 AM

%e0%b4%9c%e0%b5%81%e0%b4%a1%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%8f

എൻ.പി ചെക്കുട്ടി


കഴിഞ്ഞ ദിവസം ദി ഹിന്ദു പത്രത്തിൽ ജസ്റ്റിസ് എ.പി ഷാ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത് ഇന്ത്യയിൽ ജുഡിഷ്യറി സർക്കാരിന്റെ ഭാഗത്തുനിന്ന് കടന്നാക്രമണങ്ങൾക്കു വിധേയമാകുന്നു എന്നാണ്. ജനാധിപത്യത്തിന്റെ അവസാനത്തെ കൊത്തളമായ നീതിപീഠവും ആക്രമിക്കപ്പെടുന്നു എന്നാണ് ഡൽഹി, മദ്രാസ് ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസും ഇന്ത്യൻ നിയമ കമ്മിഷൻ മുൻ അധ്യക്ഷനുമായ ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടുന്നത്.


ഇന്ത്യൻ നീതിന്യായരംഗത്തെ സമുന്നത വ്യക്തിത്വങ്ങളിൽ ഒരാളാണ് ജസ്റ്റിസ് എ.പി ഷാ.  അടിയന്തരാവസ്ഥയുടെ കാലത്ത് ജുഡിഷ്യറി നേരിട്ട അനുഭവങ്ങൾ അദ്ദേഹം അതിൽ അനുസ്മരിക്കുന്നു. അന്ന് എഡിഎം ജബൽപൂർ കേസിൽ സുപ്രിംകോടതി നൽകിയ വിധിന്യായം  അതായത്  പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ  റദ്ദാക്കിയ വിധി  അതിന്റെ കരിനിഴലുകൾ ഇന്നും ഇന്ത്യയുടെ നീതിപീഠങ്ങളിൽ  വീഴ്ത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.  പാർലമെൻ്റ് പാസാക്കിയ ദേശീയ ജുഡിഷ്യൽ നിയമന നിയമം സുപ്രിംകോടതി 2015ൽ റദ്ദാക്കുകയുണ്ടായി. സമുന്നത കോടതികളിൽ നിയമനം സംബന്ധിച്ച നിയമം ജുഡിഷ്യൽ നിയമനങ്ങളിൽ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമം ഭരണഘടനാവിരുദ്ധം എന്ന നിലപാടെടുത്തു സുപ്രിംകോടതി റദ്ദാക്കിയത്. തുടർന്ന്  നരേന്ദ്രമോദി സർക്കാരും  സുപ്രിംകോടതിയുടെ നിയന്ത്രണത്തിലുള്ള ജുഡിഷ്യൽ നിയമനത്തിനുള്ള കൊളീജിയവും തമ്മിൽ ഭിന്നതകൾ നിലനിൽക്കുകയാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ജഡ്ജിമാരുടെ സമിതിയാണ് കൊളീജിയം ആയി പ്രവർത്തിക്കുന്നത്. സുപ്രിംകോടതിയിലും ഹൈക്കോടതികളിലും നിയമിക്കാൻ യോഗ്യരായ വ്യക്തികളെ കണ്ടെത്തി നിയമനശുപാർശ സർക്കാരിലേക്ക് സമർപ്പിക്കുന്നത് കൊളീജിയം നേരിട്ടാണ്.


സർക്കാർ ഇക്കാര്യത്തിൽ സുപ്രിംകോടതിയുമായി ശീതസമരത്തിലാണ്. കൊളീജിയം നൽകുന്ന നിർദേശങ്ങൾ ശീതീകരണിയിൽ വച്ച് വൈകിപ്പിക്കുക എന്ന തന്ത്രമാണ് സർക്കാർ പയറ്റിവന്നത്. അതിന്റെ ഫലം ഉയർന്ന കോടതികളിൽ ജഡ്ജിമാരുടെ ക്ഷാമവും തൽഫലമായി അടിയന്തര  കേസുകളിൽ പോലും തീരുമാനത്തിന് വർഷങ്ങൾ വൈകുന്ന അവസ്ഥയുമാണ്. ഇന്ത്യൻ നീതിന്യായരംഗത്തു ബോധപൂർവമായ സ്തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നീതി വൈകുക മാത്രമല്ല, അത് ബോധപൂർവം വൈകിപ്പിക്കുക കൂടിയാണ് എന്ന ബോധ്യം ജനങ്ങളിൽ മാത്രമല്ല, അഭിഭാഷകരംഗത്തെ പ്രമുഖരിൽ കൂടി വ്യാപിക്കുകയാണ്.  ഏതാനും മാസങ്ങൾക്കു  മുമ്പാണ് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ത്യയിലെ സമുന്നത നീതിപീഠങ്ങളെ സംബന്ധിച്ച കടുത്ത വിമർശനം തുറന്നുപറഞ്ഞത്. അര നൂറ്റാണ്ടുകാലം താൻ സേവിച്ച ജുഡിഷ്യറിയിലുള്ള വിശ്വാസം തകർന്നുപോയിരിക്കുന്നു എന്നാണ്  അദ്ദേഹം വളച്ചുകെട്ടില്ലാതെ പ്രഖ്യാപിച്ചത്.


നീതിപീഠങ്ങൾക്കെതിരേ ജനവികാരം തിരിച്ചുവിടുകയെന്ന പ്രക്രിയ ഇവിടെ നടക്കുന്നതായി സംശയിക്കണം. ഇന്ത്യയിൽ ഇന്ന് ഭരണ സംവിധാനത്തിന്റെ നെടുംതൂണുകളിൽ അധികാരം നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് ഏതാണ്ടു പൂർണമായ ആധിപത്യം പുലർത്തുന്ന അവസ്ഥ സംജാതമായിട്ടു കാലം കുറച്ചായി. പാർലമെൻ്റും നിയമസഭകളും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി പലപ്പോഴും കാര്യമായ ഒരു പരിശോധനയും ഇല്ലാതെയാണ് നിയമങ്ങൾ പാസാക്കി വിടുന്നത്. പാർലമെന്റിൽ  കാര്യമായ ചർച്ചകൾ നടക്കുന്നതായോ സർക്കാർ ഏതെങ്കിലും നിലയിൽ ജനകീയ ഇച്ഛകൾക്കു ചെവികൊടുക്കുന്നതായോ കാണാൻ കഴിയില്ല. പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ ഒട്ടും പരിഗണിക്കുന്നതേയില്ല. ഭരണകൂടത്തെ നിലയ്ക്ക് നിർത്താൻ ബാധ്യസ്ഥമായ മാധ്യമങ്ങൾ ഇന്ന് അവയുടെ സ്വതന്ത്രസ്വഭാവം കൈവെടിഞ്ഞു സർക്കാരിന്റെയും ഭരണകക്ഷിയുടെയും ഏറാൻമൂളികളായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ സർക്കാരിനെ തുറന്നു എതിർക്കാൻ ശക്തിയുള്ള ഒന്നുപോലും ഇന്ന് അവശേഷിക്കുന്നില്ല. ഇത് അടിയന്തരാവസ്ഥയിലെ  അവസ്ഥയേക്കാൾ മോശമാണ്. അന്ന് ഭരണാധികാരികളെ വിമർശിച്ച പത്രങ്ങളെ സർക്കാർ അടച്ചുപൂട്ടി. പല മാധ്യമപ്രവർത്തകരെയും ജയിലിലിട്ടു. എന്നാൽ ഇന്ന് അത്തരം എതിർശബ്ദങ്ങൾ ഉയരുന്നില്ല. പീഡിത സമൂഹത്തിന്റെ ശബ്ദം ആരും കേൾക്കുന്നുമില്ല. കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഏഴു മാധ്യമപ്രവർത്തകരിൽ അഞ്ചുപേരും മുസ്‌ലിംകളാണ്; അവരിൽ നാലു പേരും കശ്മിരികളും. മിക്കവാറും എല്ലാവരും നേരിടുന്നത്  യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളും. അതായത് ഇന്ന് ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം  ആപത്കര തൊഴിലായി മാറിയിരിക്കുന്നു. അതിനാൽ മുട്ടിൽ ഇഴയുകയല്ലാതെ ആർക്കും ഒരു വഴിയും മുന്നിലില്ല.


ഈയവസ്ഥയിൽ ആകെ പ്രതീക്ഷയായി നിലനിന്നത് ജുഡിഷ്യറി മാത്രമായിരുന്നു. ജുഡിഷ്യറിയുടെ സ്വതന്ത്രസ്വഭാവം ജനാധിപത്യത്തിൽ കർശനമായ വ്യവസ്ഥകൾ മുഖാന്തിരം ഉറപ്പാക്കിയിട്ടുള്ളതാണ്. ഭരണഘടനയുടെ കാവലാൾ എന്ന ചുമതലയാണ് സുപ്രിംകോടതിക്കുള്ളത്. അതിനാൽ അത്ര എളുപ്പത്തിൽ ആർക്കും കൈയേറാവുന്ന മേഖലയല്ല നീതിപീഠങ്ങൾ എന്നായിരുന്നു സങ്കൽപം. ഇന്ത്യയുടെ  സ്വാതന്ത്ര്യാനന്തര ചരിത്രവും അത്തരമൊരു നിഗമനത്തിലേക്കാണ്  ആരെയും നയിക്കാനിടയുള്ളത്.  അതിനു അപവാദമായി നിൽക്കുന്നത് അടിയന്തരാവസ്ഥയിൽ സുപ്രിംകോടതിയിൽനിന്ന് വന്ന മേൽപ്പറഞ്ഞ വിധി മാത്രമാണ്. സുപ്രിം കോടതി തന്നെ  പിന്നീടത് റദ്ദാക്കുകയും ചെയ്തു.


എന്നാൽ സ്ഥിതിഗതികൾ വീണ്ടും അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു എന്നാണ് ജസ്റ്റിസ് എ.പി ഷായെ പോലുള്ള സമുന്നത ന്യായാധിപന്മാർ പോലും ഇപ്പോൾ ആശങ്കപ്പെടുന്നത്. അതിനുള്ള കാരണം സമീപദിവസങ്ങളിൽ സുപ്രിംകോടതിയും സർക്കാരും തമ്മിൽ ജുഡിഷ്യൽ നിയമനങ്ങൾ സംബന്ധിച്ച് നടക്കുന്ന ഏറ്റുമുട്ടലാണ്. കേന്ദ്ര നിയമകാര്യമന്ത്രി കിരൺ റിജിജു  സുപ്രിംകോടതിയുടെ അധികാരപരിധികളിൽ  കൈകടത്തുന്നു എന്ന ആരോപണം മുഴങ്ങിക്കേൾക്കുന്നു. നിയമന ശുപാർശകൾ സർക്കാർ യാതൊരു സമയ പരിധിയുമില്ലാതെ മാറ്റിവയ്ക്കുന്നു എന്ന കോടതിയുടെ വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു. മാത്രമല്ല, നിയമനങ്ങളിൽ സർക്കാരിന് മേൽകൈ വേണം എന്ന അഭിപ്രായം അദ്ദേഹം  തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നു.


നിയമനങ്ങൾ സംബന്ധിച്ച തർക്കം പുതിയതല്ല.  ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും  കാലത്തു ഇത്തരം കൈകടത്തലുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉണ്ടായിരുന്നു. തുടർന്നാണ് സുപ്രിംകോടതി കൊളീജിയം വന്നത്. അത് ഉത്തമ മാർഗമാണ് എന്നാരും അവകാശപ്പെടുന്നില്ല. പക്ഷേ ജഡ്ജിമാർ രാഷ്ട്രീയക്കാരുടെ പിണിയാളുകൾ എന്ന അവസ്ഥ  അനുവദിക്കാനുമാവില്ല. അതിനാൽ വിഷയത്തിൽ സർക്കാരും ജുഡിഷ്യൽ അധികാരികളും തമ്മിൽ ഉന്നതതലങ്ങളിൽ ചർച്ച നടത്തി പരിഹാരം കാണേണ്ട വിഷയം തന്നെയാണിത്. നേരത്തെ സർക്കാർ പാസാക്കിയ ജുഡിഷ്യൽ നിയമന നിയമം സുപ്രിംകോടതി റദ്ദുചെയ്ത ശേഷം അതിനുള്ള കൂട്ടായ ശ്രമങ്ങൾ  നടക്കേണ്ടതായിരുന്നു.


എന്നാൽ അതല്ല ഉണ്ടായത്. 2015നു ശേഷം ചീഫ്  ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ജൻ ഗോഗോയ്, എസ്.എ ബോബ്‌ഡെ എന്നിവരുടെ കാലത്തു സർക്കാരിന്റെ താൽപര്യങ്ങൾ കണ്ടറിഞ്ഞു പെരുമാറുന്ന രീതിയാണ് കോടതി അവലംബിച്ചത്. എന്നാൽ  ജസ്റ്റിസ് രമണ, യു.യു ലളിത് എന്നിവരുടെയും നിലവിലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെയും സമീപനം വ്യത്യസ്തമാണ്.  കോടതികളുടെ സ്വതന്ത്രസ്വഭാവം പരമപ്രധാനമാണ് എന്നാണവർ കാണുന്നത്.  അത് സർക്കാരിനെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട് എന്നാണ് സമീപ ദിവസങ്ങളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ  ഉപരാഷ്ട്രപതി ജഗദീപ് ധൻകരും കേന്ദ്ര നിയമകാര്യമന്ത്രി റിജിജുവും ഈയിടെ നടത്തിയ പ്രസ്താവനകൾ ഈ നിലയിലാണ് വായിക്കപ്പെടുന്നത്. സർക്കാരിന്റെ താൽപര്യങ്ങൾക്കു ജുഡിഷ്യറി വഴങ്ങണം എന്നാണ് അവർ പറയാതെ പറയുന്നത്. കാരണം സർക്കാരിനെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതിനാൽ ജനഹിതം എന്നാൽ സർക്കാരിന്റെ ഹിതം തന്നെയാണ്. ഇതാണ് കഴിഞ്ഞ ദിവസം ധൻകർ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
അതിന്റെ അർഥം ലളിതമാണ്. ജനാധിപത്യത്തെ സംബന്ധിച്ച  മുൻകാല വ്യാഖ്യാനങ്ങൾ ഇന്നത്തെ ഭരണകൂടം അംഗീകരിക്കുന്നില്ല. തങ്ങൾക്കു ഭൂരിപക്ഷമുണ്ട്;  ഭൂരിപക്ഷം എന്തു പറയുന്നുവോ അതാണ് ജനഹിതം. അതിനാൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ള തങ്ങൾ പറയുന്നതെന്തോ അതായിരിക്കണം കോടതികൾക്കും അന്തിമവാക്യം എന്നാണവരുടെ മനസ്സിലിരിപ്പ്. ന്യൂനപക്ഷാവകാശങ്ങൾ, പൗരാവകാശങ്ങൾ,  മനുഷ്യാവകാശങ്ങൾ ഒന്നും അതിന്റെ പരിധിയിൽ വരുന്നില്ല. ജനാധിപത്യത്തിന്റെ ഈ പുത്തൻ വ്യാഖ്യാനത്തെ ഏകാധിപത്യം, സമഗ്രാധിപത്യം തുടങ്ങിയ വാക്കുകൾ  കൊണ്ടാണ് ലോകം വിശേഷിപ്പിച്ചു വന്നത്. ഇന്ന് അത്തരം വാക്കുകൾ ഉപയോഗിക്കുന്നതും ഭീകരവാദമായി ആരോപിക്കപ്പെടാവുന്ന അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago