ഖത്തർ നൽകുന്ന പാഠങ്ങൾ
2010 ഡിസംബർ രണ്ടിന് 2022ലെ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് ആതിഥ്യമരുളാൻ ഫിഫ ഖത്തറിന് അനുമതി നൽകിയത് മുതൽ അവർ ലോകത്തിന് മാതൃക തീർക്കുകയായിരുന്നു. ഇന്നലെ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ 22ാം എഡിഷൻ വിശ്വകിരീട പോരാട്ടത്തിന് തിരശീല വീഴുമ്പോഴും ലോകത്തെ പലതും പഠിപ്പിക്കുന്നു. ഏറ്റവും മനോഹരമായി എങ്ങനെ സംഘാടനം നടത്താം, മറ്റു രാജ്യക്കാർക്കിടയിൽ എങ്ങനെ സാഹോദര്യം വളർത്താം, നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ നിങ്ങളുടെ സ്വപ്‌നങ്ങൾക്ക് എങ്ങനെ നൂറു ചിറകുകൾ മുളപ്പിക്കാം... അങ്ങനെ നീളുന്നു ഖത്തർ നൽകുന്ന പാഠങ്ങൾ.
ഖത്തറിന് ലോകകപ്പ് നടത്താൻ അനുമതി നൽകിയതിനെ പാശ്ചാത്യ മാധ്യമങ്ങൾ ആദ്യം മുതൽ എതിർത്തിരുന്നു. ഇല്ലാക്കഥകൾ പറഞ്ഞും അനാവശ്യ വിവാദങ്ങൾക്ക് കോപ്പുകൂട്ടിയും അവർ തുടർന്നുപോന്ന വിദ്വേഷങ്ങളെല്ലാം ഖത്തർ സ്‌നേഹംകൊണ്ട് തകർത്തെറിയുന്നതാണ് ലോകം കണ്ടത്. അയൽരാജ്യങ്ങളായ സഊദിയും യു.എ.ഇയും തങ്ങളെ ബഹിഷ്‌കരിച്ച് സാമ്പത്തികമായി തകർക്കാൻ ശ്രമിച്ചപ്പോഴും ഖത്തർ പതറിയില്ല. ഫിഫ പൂർണ പിന്തുണയുമായി അവർക്കൊപ്പം നിൽക്കുകകൂടി ചെയ്തതോടെ ഖത്തർ ലോകത്തിന് മുന്നിൽ തീർത്തും ഒരു വണ്ടർ രാജ്യമായി.
എട്ട് സ്‌റ്റേഡിയങ്ങളാണ് അവർ ലോകകപ്പിനുവേണ്ടി പണിതത്. ഇതിൽ രണ്ട് സ്‌റ്റേഡിയങ്ങൾ പുതുക്കി പണിതപ്പോൾ മറ്റുള്ളവയെല്ലാം പുതിയ നിർമിതികളായിരുന്നു. അതിൽ തന്നെ ദോഹയിൽ 974 കണ്ടെയ്‌നറുകൾ കൊണ്ട് ഒരു സ്‌റ്റേഡിയം നിർമിച്ച് തങ്ങളുടെ ടെക്‌നോളജി വൈഭവവും ഖത്തർ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. പ്രതിസന്ധികളെ വകഞ്ഞുമാറ്റുമ്പോഴെല്ലാം പാശ്ചാത്യർ പുതിയ ആരോപണങ്ങളുമായി ഖത്തറിനെതിരേ രംഗത്തെത്തി. എന്നാൽ നവംബർ 18ന് രാത്രി 7.30ന് അവർ ലോകത്തെ വീണ്ടും ഞെട്ടിച്ചു. ഭിന്നശേഷിക്കാരൻ ഗാനിം അൽ മിസ്താഹിനെയും ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനെയും ലോകം ഉറ്റുനോക്കിയ വേദിയുടെ കടിഞ്ഞാൺ നൽകി അവർ പ്രഖ്യാപിച്ചത്; മനുഷ്യരെല്ലാം സമൻമാരാണെന്ന വാക്യമാണ്. കറുത്തവനെന്നോ വെളുത്തവനെന്നോ ഭിന്നശേഷിക്കാരനെന്നോ ഇനിയുമെന്തെങ്കിലും ന്യൂനതകൾ ഉള്ളവനെന്നോ ചൂണ്ടിക്കാട്ടി ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല. ലോകത്തിന് മുന്നിൽ അവർക്കെല്ലാം തങ്ങൾ നൽകുന്നത് ഒരേ പരിഗണനയും ആദരവുമാണെന്ന് പറയാതെ പറയുകയായിരുന്നു ഖത്തർ.
സംഘാടനംകൊണ്ടും അതിഥികളെ ഹൃദയത്തോട് ചേർത്ത് നിർത്തിക്കൊണ്ടുമാണ് ഖത്തർ പിന്നീട് ലോകത്തെ മാടിവിളിച്ചത്. പ്രതിഷേധിച്ചവരെല്ലാം ഖത്തറിലെത്തി തിരികെമടങ്ങിയത് ഏറെ സന്തോഷത്തോടെയാണ്. അവരുടെ സംസ്‌കാരങ്ങളിലേക്ക് ഈ ലോകകപ്പിലൂടെ ഒട്ടേറെ നല്ലനടപ്പുകളും ഖത്തർ പകർന്നുനൽകിയിരുന്നു. അതിലൊന്നാണ് സ്‌റ്റേഡിയത്തിനകത്ത് മദ്യം നിരോധിച്ചത്. ചില രാജ്യങ്ങൾ ആദ്യം എതിർത്തെങ്കിലും മത്സരങ്ങൾ പുരോഗമിക്കുന്തോറും ഖത്തറിന്റെ തീരുമാനം ശരിയാണെന്ന് സമർഥിക്കപ്പെടുകയായിരുന്നു. ലോകത്തിന്റെ ഏത് കോണിൽ മത്സരങ്ങൾ വീക്ഷിക്കാനെത്തിയാലും അവിടെങ്ങളിലെല്ലാം പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുള്ള ഇംഗ്ലണ്ടിന്റെ ആരാധകക്കൂട്ടംപോലും സന്തോഷത്തോടെ ഖത്തറിൽ നിന്ന് മടങ്ങിയത് ഇതിനോടൊപ്പം കൂട്ടിവായിച്ചെങ്കിലേ ആ തീരുമാനത്തിന്റെ പ്രസക്തി ബോധ്യപ്പെടൂ. ആർക്കും ഒരു പരാതിക്കും ഇടനൽകാതെ അവർ തങ്ങൾ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിച്ച് ലോകത്തിന് മുന്നിൽ നെഞ്ച് വിരിച്ച് തലയുയർത്തി നിൽക്കുകയാണിന്ന്; സാഭിമാനം.
കേരളത്തിനേക്കാൾ ഭൂവിസ്തീർണം കുറവുള്ള, മലപ്പുറത്തേക്കാൾ ഏഴ് ലക്ഷത്തോളം ജനസംഖ്യ കുറവുള്ള ഒരു രാജ്യം. അവർ ലോകത്തിന് തന്നെ മാതൃക തീർത്ത് മഹാമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നു. അതും എല്ലാ സംസ്‌കാരങ്ങൾക്കും ബഹുമാനം നൽകി, തങ്ങളുടെ വിശ്വാസങ്ങളിൽ നിന്ന് അണുകിട വ്യതിചലിക്കാതെയും എന്നാൽ മറ്റുള്ളവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ടാവാതെയും അവർ ലോകമാമാങ്കത്തിന് ആതിഥ്യമരുളി. എതിർത്തവരെ കൊണ്ടുതന്നെ ലോകം കണ്ട ഏറ്റവും മികച്ച സംഘാടനമെന്ന് പറയിപ്പിക്കാനും അവർക്കായി. അവരുടെ നായകൻ ഹമദ് ബിൻ അൽതാനി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പുലർത്തിയ മനോധൈര്യം ഒരു നാടിനെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന മാതൃകകൂടിയാണ് ലോകത്തിന് പകർന്നുനൽകിയത്.
135 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ ഇപ്പോഴും കാൽപന്തിന്റെ വിശ്വമാമാങ്കത്തിന്റെ അവസാന ലാപ്പിലെത്താൻ സാധിക്കാതെ പാതിവഴിയിൽ കുഴഞ്ഞുവീഴുമ്പോഴാണ് നമ്മുടെ നൂറിലൊന്ന് പോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങൾ മൈതാനങ്ങളിൽ അത്ഭുതങ്ങൾ കാട്ടുന്നത്. കായികമേഖലയെ അതറിയുന്നവർക്ക് നിയന്ത്രിക്കാൻ നൽകാതെ രാഷ്ട്രീയ തിടമ്പുകൾക്ക് ഭരിക്കാൻ നൽകുന്നതാണ് ഒരിടത്തും ഒന്നുമാകാതെ പോവാനുള്ള കാരണങ്ങളിലെ പ്രധാനപ്പെട്ടത്. ഒപ്പം എല്ലാത്തിലും വർഗീയത കാണുന്ന ഭരണാധികാരികൾ കൂടിയാവുമ്പോൾ എപ്പോഴും മറ്റുള്ളവർക്ക് ജയ് വിളിക്കേണ്ടിയും വരുന്നു. ഇതിന് പരിഹാരം കാണണമെങ്കിൽ നമ്മുടെ സർക്കാരുകൾ തന്നെ മുൻകൈയെടുക്കണം. നിലവിൽ പതിറ്റാണ്ടുകൾ രാഷ്ട്രീയക്കാർ കൈയടക്കിവച്ചിരുന്ന അസോസിയേഷനുകളിൽ ചിലതെങ്കിലും അതത് കായിക ഇനങ്ങളുമായി ബന്ധപ്പെട്ട ആളുകളെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഒക്കെയും രാഷ്ട്രീയ നിയമനങ്ങളാണെന്നത് അവരുടെ സ്വതന്ത്ര പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ്. ഇത്തരം സമീപനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചാലേ ലോക കായിക ഭൂപടത്തിൽ നമുക്കും അവനവൻ്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിക്കൂ. സ്വന്തം രാജ്യത്തെ ലോകകപ്പിൽ ബൂട്ടുകെട്ടിക്കാൻ ഖത്തർ നടത്തിയ പരിശ്രമങ്ങളും അവരുടെ വിജയവും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യക്കും നൽകുന്നുണ്ട്, മഹാപാഠങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."