'അപകടത്തില്‍ പെട്ടവരെ കണ്ട് മുഖം തിരിച്ചു കടന്നു കളയരുത്..ഒരു ജീവനാണ്'; അനുഭവക്കുറിപ്പുമായി മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: കാരുണ്യത്തിന്റെ ഒരു നോട്ടം..ഇതില്ലാത്തതിന്റെ പേരില്‍ എത്രയെത്ര ജീവനുകളാണ് ദിനംപ്രതി നമ്മുടെ വഴിയോരങ്ങളില്‍ നഷ്ടമാവാറ്. പാഞ്ഞുപോകുന്നതിനിടെ ഒന്ന് ബ്രേക്കിട്ടാല്‍ മതിയാവും. എന്നാല്‍ നിയമക്കുരുക്കിന്റെ നൂലാമാലകളെന്നൊരു ഒഴിവുകഴിവെടുത്ത് തിരിഞ്ഞു നോക്കാതെ പോവാറാണ് പലരും. വഴിയില്‍ കിടന്ന് പിടിയുന്നത് ഒരു ജീവനാണെന്ന ചിന്ത പോലുമില്ലാതെ. അത്തരത്തില്‍ ഒരു അനുഭവം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍.
റോഡപകടങ്ങള്‍ കണ്ടാല്‍ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓര്‍ക്കുക. അവര്‍ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാന്‍ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്.. ഒരു കുടുംബത്തിന്റെ ആശ്രയം ആണ്- അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തില്‍ ഒരു സൈക്കിള്‍ യാത്രക്കാരന്‍ അപകടത്തില്‍ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നില്‍ വണ്ടികള്‍ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിര്‍ത്തി കണ്ടില്ല. ഉടന്‍ അവിടെ ഇറങ്ങി. പൈലറ്റ് വാഹനത്തിലെ പോലീസുകാരും എത്തി. ഇതിനിടെ എന്റെ വാഹനത്തില്‍ നിന്ന് പരുക്കേറ്റ ആള്‍ക്ക് വെള്ളം നല്‍കുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. ഉടന്‍ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാല്‍ ആശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച് ഞാന്‍ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ് ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.
ചെയ്തത് ഏതൊരു പൗരന്റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... ഞങ്ങള്‍ എത്തും മുന്‍പ് 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. പരുക്ക് ഗുരുതരം അല്ലാത്തതിനാല്‍ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേത്. പക്ഷേ റോഡപകടങ്ങള്‍ കണ്ടാല്‍ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓര്‍ക്കുക. അവര്‍ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാന്‍ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്.. ഒരു കുടുംബത്തിന്റെ ആശ്രയം ആണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."