ലീഡറെ പോലെ ക്യാപ്റ്റന്റെ പതനം
ജേക്കബ് ജോര്‍ജ്
എല്ലാം പെട്ടെന്നായിരുന്നു പഞ്ചാബില്‍. കരുത്തരില്‍ കരുത്തനായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ഒറ്റ ദിവസം കൊണ്ടാണ് പുറത്താക്കിയത്. അതും ബദ്ധശത്രു നവ്‌ജോത് സിങ്ങ് സിദ്ദുവിന്റെ നിര്‍ബന്ധത്തില്‍. പകരം സിദ്ദുവിന്റെ അടുത്ത അനുയായി ചരണ്‍ജിത് സിങ്ങ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. ഒപ്പം പുതിയ മന്ത്രിസഭയും. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. പുതിയ മുഖ്യമന്ത്രി പെട്ടെന്ന് സ്ഥാനമേല്‍ക്കുകയും ചെയ്തു.
പഞ്ചാബ് രാഷ്ട്രീയത്തിന്റെ ഊരും ചൂരും ഏറെയുള്ള പോരാളിയായ അമരീന്ദര്‍ സിങ്ങ് അറിയപ്പെടുന്നത് ക്യാപ്റ്റന്‍ എന്ന പേരിലാണ്. ആള്‍ ശരിക്കുമൊരു ക്യാപ്റ്റന്‍ തന്നെയാണ്. പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്ന അമരീന്ദര്‍ കോണ്‍ഗ്രസ്സിലും ക്യാപ്റ്റനായി. ആരെയും കൂസാത്തയാള്‍. അകാലിദളും ബി.ജെ.പിയും ആവതു ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നുവീണപ്പോഴും പഞ്ചാബില്‍ പാര്‍ട്ടി തകര്‍ന്നില്ല. തളര്‍ന്നില്ല. എം.എല്‍.എമാരാരും കൂടുവിട്ടു കൂടുമാറി ബി.ജെ.പിയില്‍ ചേക്കേറിയില്ല. അത്രയ്ക്കു കരുത്തുണ്ടായിരുന്നു ക്യാപ്റ്റന്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്.ആ കരുത്തനെയാണ് ഇന്നിപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. അതിനു നേതൃത്വം കൊടുത്തത് ഹൈക്കമാന്‍ഡ് തന്നെ. എന്നു പറഞ്ഞാല്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധി. അതും നവ്‌ജോത് സിങ്ങ് സിദ്ദുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി. അമരീന്ദറിന്റെ നേതൃത്വത്തിലും ഹൈക്കമാന്‍ഡിന്റെ നിലപാടിലും പ്രതിഷേധിച്ച് ബി.ജെ.പിയില്‍ ചേക്കേറിയതാണ് സിദ്ദു. പക്ഷേ അവിടെ അത്രകണ്ടു പന്തിയായില്ല. തിരികെ കോണ്‍ഗ്രസിലേയ്ക്കു മടങ്ങി. പി.സി.സി അധ്യക്ഷനാവാനായിരുന്നു ആദ്യനീക്കം. അതു നടന്നുകഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ നീക്കണമെന്നായി നിര്‍ബന്ധം. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ നടക്കുന്ന പതിവുപരിപാടി തന്നെ. പ്രശ്‌നമൊന്നുമില്ലാതെ ഭരണം നടത്തുന്ന മുഖ്യമന്ത്രിയെ കോണ്‍ഗ്രസുകാര്‍ തന്നെ എതിര്‍ക്കും. ഹൈക്കമാന്‍ഡ് പിന്തുണ കൂടിയായാല്‍ കാര്യം എളുപ്പം. എത്ര കരുത്തനായാലും പിടിച്ചുനില്‍ക്കാനാവില്ല. മധ്യപ്രദേശില്‍ ഇതേ നാടകമാണ് അരങ്ങേറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കമല്‍നാഥ് മുഖ്യമന്ത്രി. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പ്രധാന മുഖമായിരുന്നയാള്‍. പക്ഷേ ഹൈക്കമാന്‍ഡ് കൈവിട്ടു. കമല്‍നാഥ് വീണു. ബി.ജെ.പി നോക്കിനിന്നില്ല. ഭരണം ബി.ജെ.പിയുടെ കൈയില്‍.
പഞ്ചാബില്‍ ഏതായാലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കു പാങ്ങില്ല തന്നെ. അതുകൊണ്ടു തല്‍ക്കാലം രക്ഷപ്പെടാമെന്നുവയ്ക്കാം. പക്ഷേ മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. അവിടെ തിരിച്ചുവരണം. കോണ്‍ഗ്രസ് കടുത്ത പോരാട്ടം നടത്തേണ്ടി വരും. പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ്ങ് സിദ്ദു. മുഖ്യമന്ത്രിയായി അടുത്ത അനുയായി ചന്നി. അമരീന്ദര്‍ സിങ്ങിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനത്തിരുന്നു തന്നെ മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയര്‍ത്തിയ നേതാവാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ശക്തമായി വാദിച്ചയാള്‍. പല പേരും ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും ചന്നിയ്ക്കു തന്നെ നറുക്കു വീഴുകയായിരുന്നു. സിദ്ദു മുഖ്യമന്ത്രിയാവുന്നതിനോടായിരുന്നു അമരീന്ദറിന്റെ എതിര്‍പ്പു മുഴുവന്‍. ക്യാപ്റ്റന്റെ എതിര്‍പ്പുണ്ടായിരിക്കെ ചന്നിയുടെ പേരു മുന്നോട്ടുകൊണ്ടുവരാന്‍ സിദ്ദുവിനു കഴിഞ്ഞു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കു കാര്യങ്ങള്‍ എളുപ്പമായി. നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു. ഐക്യകണ്‌ഠേന തന്നെ. ഹൈക്കമാന്‍ഡിനു വിജയം. ഓപറേഷന്‍ സക്‌സസ്ഫുള്‍!
പക്ഷേ ഇതു തല്‍ക്കാലത്തേയ്ക്കു മാത്രമാണെന്നോര്‍ക്കണം. ചന്നിയുടെ മുഖ്യമന്ത്രിപദം തല്‍ക്കാലത്തേയ്ക്കാണ്. വരുന്ന മാര്‍ച്ചിലാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിനൊപ്പം ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു നടക്കും. അപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുക നവ്‌ജോത് സിങ്ങ് സിദ്ദുവായിരിക്കും.
മുറിവേറ്റ സിംഹം കണക്കെ ക്രൂദ്ധനായി നില്‍ക്കുകയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ്. ഇത്രകാലം കോണ്‍ഗ്രസിനെ നയിച്ച അദ്ദേഹത്തിനോട് അല്‍പ്പംപോലും കനിവു കാട്ടാതെയാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു താഴെയിട്ടത്. രാഹുല്‍ ഗാന്ധി തന്നെ എല്ലാറ്റിനും ചുക്കാന്‍ പിടിച്ചു. മനീഷ് തിവാരിയെപ്പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയൊക്കെ അഭിപ്രായം വകവയ്ക്കാതെ. അമരീന്ദര്‍ പക്ഷക്കാരനാണ് മനീഷ് തിവാരി. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ വഴിമാറി നില്‍ക്കുന്ന 23 പേരുടെ ഗ്രൂപ്പില്‍പ്പെട്ടയാള്‍. പഞ്ചാബിലെ ഒരു പാര്‍ട്ടി യോഗത്തില്‍ പ്രസംഗിക്കുന്ന രാജീവ് ഗാന്ധിയുടെ ചിത്രം സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മനീഷ് തിവാരി അമര്‍ഷം രേഖപ്പെടുത്തി. ഇതായിരുന്നു പഞ്ചാബിലെ പാര്‍ട്ടി എന്ന് ഒരു അടിക്കുറിപ്പുമായി. പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മനീഷ്.
അഞ്ചാം വര്‍ഷത്തിലെത്തിയപ്പോള്‍ അമരീന്ദര്‍ ഭരണത്തിന്റെ ജനസമ്മതി കുറഞ്ഞുവെന്നായിരുന്നു സിദ്ദുവിന്റെയും കൂട്ടരുടെയും ആരോപണം. അതുകൊണ്ട് മുഖ്യമന്ത്രി മാറിയേ തീരൂ എന്ന് അവര്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം മുറുക്കി. പ്രതിനിധികള്‍ പലവട്ടം ഛത്തീസ്ഗഡിലെത്തി ഇരുവിഭാഗത്തെയും കണ്ടു. അമരീന്ദര്‍ ഒട്ടും വകവയ്ക്കാതെ നിന്നു. നാട്ടിലാകെ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ജനപിന്തുണ ഇടിഞ്ഞുതാണു കൊണ്ടിരിക്കുകയാണെന്ന വാദം മുറുകി. പ്രചാരണം കടുപ്പിച്ചു. അവസാനം ഹൈക്കമാന്‍ഡ് വക സര്‍വേ. എം.എല്‍.എമാരുടെ പിന്തുണയും കണക്കിലെടുത്തു. ഒരു ദിവസം പെട്ടെന്ന് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തു ഹൈക്കമാന്‍ഡ് ഇടപെടല്‍. ക്യാപ്റ്റന് പെട്ടെന്ന് സന്ദേശം പിടികിട്ടി. നിയമസഭാകക്ഷിയില്‍ ആവശ്യത്തിന് പിന്തുണ ഉറപ്പാക്കാന്‍ പോലും അദ്ദേഹത്തിന് സാവകാശം കിട്ടിയില്ല. പിന്തുണ പരിശോധിക്കാന്‍ അദ്ദേഹം നിന്നുകൊടുത്തുമില്ല. സിദ്ദുവിന്റെ പാകിസ്താന്‍ പിന്തുണയും മറ്റും ചൂണ്ടിക്കാട്ടിയും ഹൈക്കമാന്‍ഡ് തന്നെ ചതിച്ചുവെന്നു വിലപിച്ചും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് ഒരു വീരയോദ്ധാവിന്റെ അഭിമാനവും പോരാട്ടവീര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ പിന്‍വാങ്ങി. താനൊരു പോരാളിതന്നെയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഇതുപോലെയുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ചിലേടത്ത് ഹൈക്കമാന്‍ഡ് തീട്ടൂരം ആരും വകവയ്ക്കില്ല. കുറച്ചു മാസങ്ങള്‍ കൂടി വിട്ടുകൊടുത്ത് അമരീന്ദറിന്റെ രാഷ്ട്രീയത്തിന് നല്ലൊരു പരിസമാപ്തി ഉറപ്പാക്കാമായിരുന്നു കോണ്‍ഗ്രസിന്. പക്ഷേ അതിന് സിദ്ദു തയാറായില്ല. ഹൈക്കമാന്‍ഡിനാവട്ടെ, പിടിച്ചുനിര്‍ത്താനുമായില്ല. അവരുടെ ദൗര്‍ബല്യം തന്നെ കാരണം. ഇനിയിപ്പോള്‍ ആറു മാസത്തേയ്ക്കു ചന്നിഭരണം. ആ ഭരണത്തിന്റെ ബലത്തില്‍ നവ്‌ജോത് സിങ്ങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു ഗോദായിലേയ്ക്ക്. ഭരണം വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള പരീക്ഷണം.
1995-ല്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരനെ അട്ടിമറിച്ചതിനു തുല്യമാണ് പഞ്ചാബില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളും ഹൈക്കമാന്‍ഡ് നടപടികളുമെന്നതാണ് കൗതുകകരം. രണ്ടു രാഷ്ട്രീയ നാടകങ്ങളുടെയും കഥാതന്തുവും കഥാപാത്രങ്ങളും സംഭവപരമ്പരകളും പരിസമാപ്തിയും ഏറെക്കുറെ ഒരുപോലെ തന്നെ. കേരളത്തില്‍ കെ. കരുണാകരന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെപ്പോലെ തന്നെ കരുത്തനായിരുന്നു. എല്ലാ രാഷ്ട്രീയ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും രാജാവ്. വിളിപ്പേര് ലീഡര്‍ എന്ന്. ക്യാപ്റ്റനെപ്പോലെ. മുഖ്യമന്ത്രി കരുണാകരനും എ.കെ ആന്റണിയും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി വളര്‍ന്നു. കരുണാകരന്‍-ആന്റണി ഗ്രൂപ്പ് പോരെന്നും എ-ഐ ഗ്രൂപ്പ് പോരാട്ടമെന്നുമൊക്കെയുള്ള പേരില്‍ അത് നീണ്ടു നീണ്ടുപോയി. എങ്ങനെയായാലും ഗ്രൂപ്പുകളുടെ തലപ്പത്തുതന്നെ നിന്ന് കരുണാകരനും എ.കെ ആന്റണിയും മടിയും മറയുമില്ലാതെ പോരാടിക്കൊണ്ടിരുന്നു. ലീഡര്‍ മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷത്തായപ്പോഴുമൊക്കെ ഈ യുദ്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. എപ്പോഴും ഉമ്മന്‍ചാണ്ടി ആന്റണിയുടെ തൊട്ടുപിറകില്‍ നിന്ന് പോരില്‍ പങ്കാളിയായി.
1991 ല്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. പിന്നാമ്പുറത്ത് കോണ്‍ഗ്രസിലെ പഴയ ഗ്രൂപ്പ് പോരാട്ടവും നടക്കുന്നുണ്ടായിരുന്നു. 1991 മെയില്‍ പി.വി നരസിംഹറാവു ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടെയാണ് റാവു കോണ്‍ഗ്രസ് നേതാവായത്. കോണ്‍ഗ്രസില്‍ നരസിംഹറാവുവിനെ നേതൃത്വത്തിലെത്തിക്കാന്‍ കരുണാകരന്‍ വളരെ അധ്വാനിച്ചു. റാവു പ്രധാനമന്ത്രിയായപ്പോള്‍ കരുണാകരന് കിങ്ങ് മേക്കര്‍ എന്ന പേരും കിട്ടി.
ക്രമേണ കരുണാകരനെതിരേ നീക്കങ്ങള്‍ തകൃതിയായി നടന്നു. 1994-ല്‍ പൊട്ടിപ്പുറപ്പെട്ട ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കരുണാകരനെതിരേയുള്ള നീക്കങ്ങളുടെ വിഷവിത്ത് ഒളിച്ചിരുന്നു. ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ ഷാനവാസും ചേര്‍ന്ന് കരുണാകരന്റെ തട്ടകത്തില്‍ത്തന്നെ അദ്ദേഹത്തിനെതിരേ ചേരിതിരിഞ്ഞു. തിരുത്തല്‍വാദികള്‍ എന്ന പേരില്‍ അവര്‍ ആന്റണിപക്ഷത്തോടൊപ്പം ചേര്‍ന്ന് കരുണാകരനെതിരേ പോരിനിറങ്ങി. തന്ത്രങ്ങളും നീക്കങ്ങളും ഒരുക്കൂട്ടി ഉമ്മന്‍ചാണ്ടി മുന്നില്‍ നിന്ന് നയിച്ചു.
ബുദ്ധിപൂര്‍വമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഐക്യമുന്നണി ഭരണം ശക്തമായിക്കഴിഞ്ഞ കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണ കിട്ടിയേ തീരൂ. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനു ബദലായി ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്തത് കരുണാകരനാണ്. 1967-ല്‍ ഒമ്പതംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ നേതാവായി കേരള നിയമസഭയിലെത്തിയ കണ്ണോത്തു കരുണാകരന്‍. ആദ്യം മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലികുട്ടി ഉമ്മന്‍ ചാണ്ടിയോടു ചേര്‍ന്നു. പിന്നെ കെ.എം മാണിയും ടി.എം. ജേക്കബും. പിന്നെ ആര്‍. ബാലകൃഷ്ണപിള്ള. സി.എം.പി നേതാവ് എം.വി രാഘവന്‍ മാത്രം കരുണാകരനോടൊപ്പം നിന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഐ.ജി രമണ്‍ ശ്രീവാസ്തവയുടെ പേരുണ്ടെന്ന കേട്ടുകേഴ്‌വി പരന്നതപ്പോഴാണ്. കരുണാകരന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരിലൊരാളാണ് ശ്രീവാസ്തവ. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നായി ഉമ്മന്‍ചാണ്ടിയും കൂട്ടരും. തെളവിവില്ലാതെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ എങ്ങനെ സസ്‌പെന്റ് ചെയ്യുമെന്ന് കരുണാകരനും. ചാരക്കേസിലെ പ്രതിക്കു കൂട്ടുനില്‍ക്കുന്ന കരുണാകരന്‍ രാജിവയ്ക്കണമെന്ന സമ്മര്‍ദവുമായി ആന്റണിപക്ഷവും തിരുത്തല്‍വാദികളും ഹൈക്കമാന്‍ഡിനെ സമീപിച്ചു. ഉമ്മന്‍ ചാണ്ടി അടുത്ത തന്ത്രം പ്രയോഗിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കരുണാകരനോടൊപ്പം നിന്നിരുന്ന പ്രമുഖരെ കൂട്ടുപിടിച്ചു. നിയമസഭാ കക്ഷിയില്‍ കരുണാകരനു മേല്‍കൈ ഇല്ലാതാക്കി. ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ പഠിക്കാനെത്തിയപ്പോഴേയ്ക്കും കരുണാകരന്‍ നിസ്സഹായനായി കഴിഞ്ഞിരുന്നു. നരസിംഹറാവുവും കരുണാകരനെ കൈവിട്ടു. 1995 മാര്‍ച്ച് 16 ന് കരുണാകരന്‍ രാജിവച്ചു. മാര്‍ച്ച് 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1996-ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നേരിട്ട ആന്റണിയുടെ നേതൃത്വത്തിലുള്ള മുന്നണി പരാജയപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായത് സി.പി.എം നേതാവ് ഇ.കെ നായനാര്‍.
പഞ്ചാബിലെ നേതൃമാറ്റവും ഇതേ വഴിക്ക്. ആറു മാസത്തേയ്ക്ക് ദലിത് സിഖ് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത് സിങ്ങ് ചന്നി പുതിയ മുഖ്യമന്ത്രി. സംസ്ഥാനത്തെ ജനസംഖ്യയില്‍ 32 ശതമാനവും ദലിത് വിഭാഗക്കാരാണ്. കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന രജതരേഖയും അതുതന്നെ. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് ഇനിയൊരു അങ്കത്തിനു യൗവനമില്ലായിരിക്കാം. എങ്കിലും എതിര്‍പക്ഷത്ത് ബി.ജെ.പിയും അകാലിദളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമൊക്കെ പോരിനു തയാറെടുക്കുകയാണ്. ക്യാപ്റ്റന്‍ മിണ്ടാതിരിക്കില്ല, തീര്‍ച്ച. ഇനിയുള്ള കാര്യം മാര്‍ച്ചില്‍ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."